ജയ്പൂർ: മാനഭംഗത്തിനിരയായെന്ന് പരാതിയുമായെത്തിയ യുവതിക്കൊപ്പം സെൽഫിയെടുത്ത വനിതാ കമ്മീഷൻ അംഗത്തിന്റെ നടപടി വിവാദമാകുന്നു. രാജസ്ഥാൻ വനിതാ കമ്മീഷൻ അംഗമായ സോമ്യ ഗുർജാറാണ് ലൈംഗികപീഡനത്തിന് ഇരയായ യുവതിക്കൊപ്പം ചിത്രമെടുത്തത്. സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻ വിവാദമായി. ചെയർപേഴ്‌സൺ സുമൻ ശർമ്മയുടെ കൺമുന്നിൽവച്ചായിരുന്നു സംഭവമെങ്കിലും താൻ അക്കാര്യം അറിഞ്ഞില്ലെന്നു പറഞ്ഞ് അവർ കൈകഴുകിയതും ചർച്ചയായി.

ഇന്നലെ വടക്കൻ ജയ്പൂരിലുള്ള വനിതാ പൊലീസ് സ്‌റ്റേഷനിൽ പീഡനത്തിനിരയായ യുവതിയെ സന്ദർശിക്കാൻ വനിതാ കമ്മീഷൻ എത്തിയപ്പോഴായിരുന്നു സംഭവം. ചിത്രമെടുക്കുന്നതിന്റെ ദൃശ്യങ്ങൾ വാട്‌സാപ്പിലൂടെ പ്രചരിച്ചു. ഇതേത്തുടർന്ന് ഗുർജാറിനെതിരെ നടപടിക്ക് ശുപാർശ ചെയ്ത സർക്കാർ ഇക്കാര്യത്തിൽ വിശദീകരണം തേടിയിട്ടുണ്ട്.

ഗുർജാർ സെൽഫി എടുക്കുന്ന രണ്ടു ചിത്രങ്ങൾ ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ചിത്രങ്ങളിൽ ചെർപേഴ്‌സണും ഫ്രെയിമിലേക്ക് നോക്കുന്നത് വ്യക്തമായി കാണാമെങ്കിലും താൻ അക്കാര്യം അറിഞ്ഞില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. സംസ്ഥാനത്തെ അൽവാർ ജില്ലയിൽ സ്ത്രീധനമായ 51,000 രൂപ നൽകാത്തതിനെ തുടർന്ന് മുപ്പതുകാരിയെ ഭർത്താവും രണ്ടു സഹോദരന്മാരും ചേർന്ന് പീഡിപ്പിച്ചിരുന്നു. ഒപ്പം അവരുടെ തലയിലും കൈകളിലും അപകീർത്തിപ്പെടുത്തുന്ന വാക്കുകൾ പച്ചകുത്തുകയും ചെയ്തിരുന്നു.

സംഭവത്തിൽ പരാതി അന്വേഷിക്കാനും തെളിവെടുപ്പിനും എത്തിയപ്പോഴാണ് വനിതാകമ്മീഷന്റെ ഭാഗത്തുനിന്നും ഇത്തരം നടപടി ഉണ്ടായത്. മാനഭംഗം, പീഡനം മുതലായ സംഭവങ്ങളിൽ ഇരയാകുന്നവരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് നിയമപരമായി വിലക്കുള്ളപ്പോഴാണ് വനിതാകമ്മീഷൻ അംഗംതന്നെ അതു തെറ്റിച്ചത്.