തിരുവനന്തപുരം: ചാൻസലർ പദവിയിലെ ഉത്തരവാദിത്തങ്ങൾ വീണ്ടും ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാൻ നിർവ്വഹിച്ചേക്കും. രണ്ടുവരി തെറ്റില്ലാതെ എഴുതാനറിയാത്ത വ്യക്തി എങ്ങനെ വൈസ് ചാൻസലറായി തുടരുമെന്നു കേരള സർവകലാശാലാ വിസിയുടെ കത്തിനെ പരാമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ചോദ്യമെത്തുമ്പോൾ ഏത് സമയവും ചാൻസലറുടെ അധികാരം ഗവർണ്ണർ പ്രയോഗിക്കുമെന്നതിന്റെ സൂചനയാണ്. ഇത് സർക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. കേരളാ വിസിയെ തൽസ്ഥാനത്ത് നിന്ന് ഗവർണ്ണർ മാറ്റാനുള്ള നിയമോപദേശം തേടുന്നുവെന്ന സർക്കാർ ആശങ്കപ്പെടുന്നു.

നിയമം അനുസരിച്ച് ഗവർണ്ണർ ഇപ്പോഴും ചാൻസലറാണ്. സമ്മർദ്ദത്തിന് വഴങ്ങി പദവിയിൽ തുടരാൻ ആഗ്രഹമില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഉത്തരവാദിത്തം നിർവ്വഹിക്കില്ലെന്നും വിശദീകരിച്ചു. എന്നാൽ ഓർഡിനൻസിലൂടെ ചാനൻസലർ പദവി സർക്കാർ മാറ്റിയില്ല. ഇത് സർവ്വകലാശാലകളുടെ പ്രവർത്തനത്തെ ബാധിച്ചു. ഈ സാഹചര്യത്തിൽ പ്രതിസ്ഥാനത്ത് ഉത്തരവാദിത്തം നിർവ്വഹിക്കാത്ത ഗവർണ്ണറെ നിർത്തുകയാണ് സിപിഎം. ഇതിനാലാണ് ഗവർണ്ണറുടെ അധികാരം പ്രയോഗിച്ച് തിരുത്തലിനുള്ള ഗവർണ്ണറുടെ ആലോചന. ഇത് സർക്കാരിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കും.

രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകണമെന്ന ശുപാർശ കേരള സർവകലാശാല തള്ളിയതു ബാഹ്യഇടപെടൽ കാരണമാണെന്നും കണ്ണൂർ വിസി നിയമനക്കാര്യത്തിൽ അഡ്വക്കറ്റ് ജനറൽ തന്നെ തെറ്റിദ്ധരിപ്പിച്ചതായും ഗവർണ്ണർ ആരോപിച്ചു. ഇക്കാര്യത്തിൽ ഗവർണ്ണർ തിരുത്തലിന് തയ്യാറാകുമെന്നാണഅ സൂചന. കത്തിലെ ഭാഷ കേരളാ വിസിക്ക് വിനയാകും. രാജ്യത്തെ ഏറ്റവും പഴയ സർവകലാശാലകളിലൊന്നിന്റെ വിസിയാണ് ഈ ഭാഷയിൽ എഴുതുന്നതെന്നു ഗവർണർ ആഞ്ഞടിച്ചു. ഇത് വിസിയെ മാറ്റാൻ ഗവർണ്ണർ ഒരുങ്ങുന്നതിന്റെ സൂചനയാണ്.

വിദ്യാഭ്യാസമുള്ള ഒരാൾക്ക് ഇങ്ങനെ എഴുതാനാകുമെന്നു വിശ്വസിക്കുന്നില്ല. ഏതാനും വരികൾ എഴുതാൻ അറിയാത്തതു മാത്രമല്ല വിസിയുടെ പ്രശ്‌നം. എങ്ങനെ സംസാരിക്കണമെന്നോ ആശയവിനിമയം നടത്തണമെന്നോ അറിയില്ലെന്നും ഗവർണ്ണർ കുറ്റപ്പെടുത്തി. ആരോപണങ്ങളോട് വിസി ഡോ. വി.പി.മഹാദേവൻ പിള്ള പ്രതികരിച്ചില്ല. ആ കത്തിൽ ഒരു പാടു തെറ്റുകൾ ഉണ്ടായിരുന്നുവെന്നതാണ് വസ്തുത. രണ്ടും കൽപ്പിച്ചാണ് ഗവർണ്ണറുടെ യാത്രയെന്നതാണ് നിർണ്ണായകം.

ഡി ലിറ്റ് വിവാദത്തെക്കുറിച്ചു ഗവർണറുടെ വിശദീകരണവും പരസ്യമായി സർക്കാർ പ്രതീക്ഷിച്ചില്ല. 'കേരള സർവകലാശാല 10 വർഷത്തിലേറെയായി ബിരുദദാനച്ചടങ്ങു നടത്തുന്നില്ലെന്ന വിദ്യാർത്ഥികളുടെ പരാതി ശ്രദ്ധയിൽപെടുത്താൻ വിസിയെ വിളിച്ചിരുന്നു. അദ്ദേഹം എന്നെ വന്നുകണ്ടു. ബിരുദസമർപ്പണ ചടങ്ങിനു രാഷ്ട്രപതിയെ ക്ഷണിക്കാമെന്നു നിർദേശിച്ചപ്പോൾ കൊള്ളാമെന്നു വിസി പറഞ്ഞു. രാഷ്ട്രപതിക്കു ഡി ലിറ്റ് നൽകാൻ ചട്ടപ്രകാരം തീരുമാനിക്കുകയാണെങ്കിൽ പരിഗണിക്കാമെന്നും അറിയിച്ചു. നമ്മുടെ സർവകലാശാലകളിൽ നിന്ന് ഓണററി ബിരുദം സ്വീകരിക്കില്ലെന്നാണു രാഷ്ട്രപതി ഭവന്റെ നയം. എങ്കിലും ഇതു പ്രത്യേകം പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കാമെന്നും അറിയിച്ചു. എന്നാൽ ഡിസംബർ 5നു വിസി രാജ്ഭവനിൽ വിളിച്ച് ആവശ്യം നിരസിച്ചതായി അറിയിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തുന്നില്ല' ഗവർണർ പറഞ്ഞു.

സർവകലാശാലകളുടെ തലപ്പത്ത് അക്ഷരവൈരികളും വിവരദോഷികളുമായ വിസിമാരെയും അദ്ധ്യാപകരെയും നിയമിച്ച ഇടതു സർക്കാരിന്റെ പാർട്ടി കൂറു മൂലം ഗവർണർ മാത്രമല്ല, കേരളമാകെയാണു ലോകത്തിനു മുന്നിൽ തല കുനിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയും പറഞ്ഞു. കോൺഗ്രസും പതിയെ ഈ വിഷയത്തിൽ ഗവർണ്ണറുടെ പക്ഷത്ത് എത്തുകയാണ്. ഈ വിവാദങ്ങളുടെ തുടക്കം രമേശ് ചെന്നിത്തലയാണ് ഇട്ടത്. പക്ഷേ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഗവർണ്ണറെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. എന്നാൽ ഗവർണ്ണർ എല്ലാം തുറന്നു പറഞ്ഞപ്പോൾ കെപിസിസി അധ്യക്ഷനും അതിനൊപ്പം നിൽക്കണം.

പുറത്തു നിന്ന് ആരോ സർവകലാശാലയുടെ കാര്യങ്ങളിൽ ഇടപെട്ടുവെന്ന ചാൻസലറുടെ വെളിപ്പെടുത്തൽ അതീവ ഗുരുതരമാണ്. ചാൻസലറുടെ നിർദ്ദേശം അട്ടിമറിക്കാൻ കഴിവുള്ള അതിശക്തൻ ആരാണെന്നു ഗവർണർ തന്നെ വെളിപ്പെടുത്തണം. സംശയ നിഴലിലുള്ള മുഖ്യമന്ത്രിയും നിലപാടു വ്യക്തമാക്കണം-സുധാകരൻ ആവശ്യപ്പെട്ടു. പിന്നാലെ വിഡി സതീശനും നിലപാട് തിരുത്തി. ഗവർണറും സർവകലാശാലയും സർക്കാരും രാഷ്ട്രപതി പദവിയെ അപമാനിച്ചെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറയുന്നു. മൂന്നു കൂട്ടരും തുല്യ ഉത്തരവാദികളാണ്. ഡി ലിറ്റ് കാര്യങ്ങൾ ജനങ്ങളോ ജനപ്രതിനിധികളോ അറിയാതെ ഇവർ ഇത്രയും നാൾ രഹസ്യമാക്കി വച്ചതു ദൗർഭാഗ്യകരമാണ്.

'ലോയൽ ഒപ്പോസിഷൻ' എന്ന വാക്ക് പ്രതിപക്ഷത്തെ പരിഹസിക്കാനാണു ഗവർണർ ഉപയോഗിച്ചത്. ബ്രിട്ടിഷ് പാർലമെന്ററി സംവിധാനത്തിൽ സർക്കാരിനെ ക്രിയാത്മകമായി എതിർക്കുകയും ഭരണഘടനയോടും രാജ്യത്തോടും കൂറു പുലർത്തുകയും ചെയ്യുന്നവരെയാണ് ആ പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ആ അർഥത്തിൽ ഗവർണറുടെ വാക്കുകൾ പ്രതിപക്ഷത്തിന് അംഗീകാരമാണ്. സർക്കാർ ചെയ്ത നിയമവിരുദ്ധമായ കാര്യങ്ങൾക്കെതിരെ ചാൻസലർ പദവി ഉപയോഗിച്ചു കർശന നടപടി എടുക്കുകയാണു ഗവർണർ ചെയ്യേണ്ടതെന്നും സതീശൻ പറഞ്ഞു.