ന്യൂഡൽഹി: ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്തതിനെ ചൊല്ലിയുള്ള അവകാശവാദ തർക്കത്തിൽ റിപ്പബ്ലിക് ചാനൽ തലവൻ അർണബ് ഗോസ്വാമിക്കെതിരെ ഇന്ത്യ ടുഡേ ടിവി കൺസൾട്ടിങ് എഡിറ്റർ രാജ്ദീപ് സർദേശായി വീണ്ടും വിമർശനവുമായി രംഗത്തെത്തി.

എൻ.ഡി.ടിവിയിൽ ജോലി ചെയ്യവേ 2002 ലെ ഗുജറാത്ത് കലാപം താൻ ജീവൻ പണയപ്പെടുത്തി റിപ്പോർട്ട് ചെയ്‌തെന്ന അർണബിന്റെ കഥ കള്ളമെന്ന് തെളിഞ്ഞാൽ ജോലി രാജി വച്ച് മാധ്യമപ്രവർത്തനം അവസാനിപ്പിക്കുമോയെന്നാണ് രാജ്ദീപിന്റെ ട്വീറ്റ്.

ഗുജറാത്ത് വംശഹത്യ എൻ.ഡി.ടി.വിക്ക് വേണ്ടി 2002 ൽ അർണബ് ഗോസ്വാമി ജീവൻ പണയം വെച്ച് റിപ്പോർട്ട് ചെയ്തുവെന്ന് അവകാശപ്പെടുന്ന പഴയ വീഡിയോ ഷെയർ ചെയ്തുകൊണ്ടാണ് കഴിഞ്ഞ ദിവസം രാജ്ദീപ് അർണബിനെതിരെ രംഗത്തെത്തിയത്. രജദീപ് സർദേശായിയും ക്യാമറാമാനും ആക്രമിക്കപ്പെട്ട സംഭവത്തെ സ്വന്തം അനുഭവമാക്കി പറയുകയായിരുന്നു അർണബ്.

അന്ന് തനിക്കൊപ്പം ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്ത ക്യമാറാമാൻ രൂപൻ പെഹ്ല വൈകാതെ തന്നെ സത്യം ക്യാമറയിലൂടെ പറയുമെന്നും സർദേശായി പറഞ്ഞു. 'ആദ്യം കള്ളം പറയും. പിന്നെ അത് മൂടിവയ്ക്കാനായി കൂടുതൽ കള്ളങ്ങൾ പറയും. രൂപൻ പെഹ്‌ലയായിരുന്നു അന്ന് ഞങ്ങൾ ആക്രമിക്കപ്പെടുമ്പോൾ എനിക്കൊപ്പം ഉണ്ടായിരുന്നത്. ക്യാമറയ്ക്ക് മുന്നിൽ വന്ന് അദ്ദേഹം എല്ലാം പറയും. നിങ്ങൾ കണ്ടോളൂ..രജദീപ് സർദേശായി ട്വിറ്ററിൽ കുറിച്ചു.തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങൾ ഇട്ട അർണബ് വീണ്ടും ന്യായീകരണത്തിന് മുതിരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇക്കാര്യത്തിൽ,അർണബ് പരസ്യമായി ഖേദപ്രകടനം നടത്തും വരെ കള്ളം പൊളിക്കാനുള്ള തന്റെ പോരാട്ടം തുടരുമെന്നും രാജ്ദീപ് സർദേശായി ട്വിറ്ററിൽ പറഞ്ഞു.