ന്യൂഡൽഹി: മോദി സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് എതിരാളികൾ പോലും പറഞ്ഞു തുടങ്ങുന്നു. നരേന്ദ്ര മോദി സർക്കാരിന്റെയും ബിജെപിയുടെയും കടുത്ത വിമർശകനായ പ്രസിദ്ധ പത്രപ്രവർത്തകനും ഇന്ത്യാ ടുഡെ കൾസൾട്ടിങ് എഡിറ്ററുമായ രാജ്ദീപ് സർദേശായിയാണ് ഇക്കുറി ഞെട്ടിപ്പോയത്. മോദി സർക്കാരിനെ തരംകിട്ടുമ്പോഴെല്ലാം വിമർശിക്കുന്നതിൽ മിടുക്കനാണ് സർദേശായി. പക്ഷേ, മന്ത്രിക്ക് താൻ അയച്ച ഒരു ട്വീറ്റിന്റെ പുറത്ത് സർക്കാർ ഇത്രവേഗം നടപടിയെടുക്കുമെന്ന് അദ്ദേഹം കരുതിയില്ല.

ഉത്തരാഖണ്ഡിലെ ഒരു ഉൾനാടൻ ഗ്രാമമാണ് ഭാനോളി സേറ. ഇന്ത്യാ-ചൈനാ അതിൽത്തിയിൽനിന്ന് 120 കിലോമീറ്റർ മാറി കിടക്കുന്ന, പാവപ്പെട്ടവർ താമസിക്കുന്ന ഒരു ഗ്രാമം. ഉത്തരാഖണ്ഡിലെ പിത്തോർഗർ ജില്ലയിൽപ്പെട്ട ഈ ഗ്രാമം രാജ്യത്തെ മാപ്പിൽ പോലും കണ്ടെത്താൻ പ്രയാസം. തൊട്ടടുത്ത പട്ടണം ജില്ലാ ആസ്ഥാനം തന്നെ.

ഇവിടെ എത്തണമെങ്കിൽ 65 കിലോമീറ്റർ സഞ്ചരിക്കണം. മറ്റൊരു സ്മീപ ടൗണായ അൽമോറയാണെങ്കിൽ 80 കിലോമീറ്റർ അകലെ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 69 വർഷമായിട്ടും ഈ കൊച്ചു ഗ്രാമത്തിന് ഇതുവരെ ഒരു പോസ്‌റ്റോഫീസ് പോലും ലഭിച്ചിട്ടിലെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല.

പക്ഷേ, സത്യം അതാണ്. അതിനാൽത്തന്നെ ഇവിടെയുള്ള പാവപ്പെട്ട ചെറുപ്പക്കാർക്ക് ജോലി സാധ്യതപോലും ഇല്ലാതായ സംഭവങ്ങൾ നിരവധി. ചുമതലയുള്ള പോസ്‌റ്റോഫീസിൽ നിന്ന് നിയമന ഉത്തരവോ ഇന്റർവ്യൂമെമോയോ എത്തുന്നത് പലപ്പോഴും തീയതികഴിഞ്ഞായിരിക്കുമെന്ന ദുരവസ്ഥയിലായിരുന്നു ഈ ഗ്രാമക്കാർ.

ബിജെപി സർക്കാരിൽ വലിയ വിശ്വാസമൊന്നും പ്രകടിപ്പിക്കാത്ത സർദേശായി ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്താവിനിമയ മന്ത്രി രവിശങ്കർ പ്രസാദിന് ഒരു ട്വീറ്റ് നൽകി. 'ഒരു നല്ല കഥ... ഉത്തരാഖണ്ഡിലെ ഒരു ഗ്രാമം പോസ്‌റ്റോഫീസിന് വേണ്ടിയുള്ള യുദ്ധത്തിലാണ്' എന്ന കമന്റിനൊപ്പം ഗ്രാമീണ ഇന്ത്യയിലെ ജനജീവിതം വ്യക്തമാക്കുന്ന ഒരു ലേഖനത്തിന്റെ ലിങ്കും ചേർത്താണ് മന്ത്രിക്ക് ട്വീറ്റ് നൽകിയത്.

ഇങ്ങനെയും ഇന്ത്യയിൽ ഗ്രാമങ്ങളുണ്ടെന്ന് മന്ത്രി അറിയണമെന്ന ധ്വനിയുമായി ട്വീറ്റ് അയച്ച് കളിയാക്കിയ സന്തോഷത്തിലിരുന്ന സർദേശായിക്ക് കൃത്യം നാലുനാൾ കഴിഞ്ഞപ്പോൾ മന്ത്രിയുടെ മറുപടിയെത്തി. അതോടെ പ്ലിങ് ആയത് സർദേശായിയാണ്.

സർദേശായി ചൂണ്ടിക്കാട്ടിയ ഭാനോളി സേറ ഗ്രാമത്തിൽ പുതുതായി തുടങ്ങിയ പോസ്‌റ്റോഫീസിന്റെ ചിത്രവുമായി ആയിരുന്നു മന്ത്രി രവിശങ്കർ പ്രസാദിന്റെ മറുപടി ട്വീറ്റ്. ഇതോടെ അക്ഷരാർത്ഥത്തിൽ ചമ്മിപ്പോയ രാജ്ദീപ് സർദേശായി മന്ത്രിയെ അഭിന്ദിച്ചക്കുകയും മന്ത്രിക്ക് നന്ദി പറയുകയും ചെയ്തു.

സർദേശായി ട്വീറ്റ് നൽകിയതോടെ നാലുദിവസംകൊണ്ട് ഉത്തരാഖണ്ഡിലെ ഗ്രാമത്തിന് പോസ്‌റ്റോഫീസ് ലഭിച്ചു എന്ന മട്ടിലാണ് അദ്ദേഹം പത്രാധിപരായ ഇന്ത്യാടുഡെ ഈ വാർത്ത റിപ്പോർട്ടു ചെയ്തത്. എങ്കിലും ചാനൽ ചർച്ചയിൽ സർദേശായി മന്ത്രിയെ അഭിനന്ദിക്കുകയും സർക്കാരിന്റെ വേഗത്തെ പുകഴ്‌ത്തുകയും ചെയ്തു.