മലപ്പുറം: ഒൻപതും പത്തും വയസ്സുള്ള രണ്ടു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈഗീകമായി പലതവണ പീഡിപ്പിച്ച രണ്ടുകേസുകളിൽ പ്രതിക്ക് രണ്ട് ഇരട്ട ജീവപര്യന്തം ശിക്ഷ. ഒൻപതും പത്തും വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പെരിന്തൽമണ്ണ കക്കൂത്ത് കിഴക്കേക്കര റജീബ്(38)നെയാണ് ശിക്ഷിച്ചത്.

പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി അനിൽകുമാറാണ് വിധി പറഞ്ഞത്. 2016-ൽ പെരിന്തൽമണ്ണ പൊലീസാണ് രണ്ട് കേസുകളായി രജിസ്റ്റർ ചെയ്തത്. ഒൻപതുകാരിയുടെ കേസിൽ പോക്‌സോ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ഇതിൽതന്നെ ഐ.പി.സി. യിലെ രണ്ട് വകുപ്പുകൾ പ്രകാരം പത്തും ഏഴും വർഷങ്ങൾ തടവും പതിനായിരം രൂപവീതം പിഴയുമാണ് ശിക്ഷ.

തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നിവക്കുള്ള വകുപ്പുകളനുസരിച്ചാണിത്. പ്രോസികൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകൾ ഹാജരാക്കുകയും ചെയ്തു. രണ്ടാമത്തെ കേസിലും പോക്‌സോ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തവും 1,60,000 രൂപ പിഴയുമിട്ടു. ഐ.പി.സി. പ്രകാരം ഇതിലും പത്ത്, ഏഴ് വർഷങ്ങൾ തടവും പതിനായിരം രൂപവീതം പിഴയുമുണ്ട്. പിഴസംഖ്യ കുട്ടികൾക്ക് നഷ്ടപരിഹാരമായി നൽകണം. ഇതിൽ 20 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകൾ ഹാജരാക്കി.

കേസുകളിൽ ഇൻസ്‌പെക്ടർമാരായ എ.എം. സിദ്ദീഖ്, സാജു കെ. അബ്രഹാം, ജോബി തോമസ് എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്. രണ്ട് കേസുകളിലും പ്രോസികൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്കൂട്ടർ സപ്ന പി. പരമേശ്വരത്തും പ്രതിഭാഗത്തിനായി അഡ്വ. ബി.എ. ആളൂരും ഹാജരായി.