തൃശൂർ: മറ്റുള്ളവർ കാണുന്ന കാഴ്ചകളുടെ പകുതി പോലും കാണാനാകുന്നില്ലെങ്കിലും ക്രിക്കറ്റിനെ മറ്റുള്ളവർ സ്‌നേഹിക്കുന്നതിനേക്കാൾ കൂടുതൽ സ്‌നേഹിച്ചവരാണ് രജീഷും വിനോദും. സ്വന്തം കുടുംബത്തേക്കാളും ക്രിക്കറ്റിനെ തങ്ങളുടെ ലോകമായി കണ്ടവർ. ഒടുവിൽ കാഴ്ചയില്ലാത്തവരുടെ ലോകത്തിന് ക്രിക്കറ്റിനെ കൂടുതൽ പരിചിതമാക്കാനുള്ള യോഗത്തിലേക്കുള്ള യാത്ര തന്നെ അവരുടെ അവസാന യാത്രയായി.

ചെർപ്പുളശേരി കുന്നശേരി പറമ്പിൽ ആർ രജീഷും പരുതൂർ മംഗലംകുന്ന് നിരപ്പറമ്പിൽ വീട്ടിൽ വിനോദും സുഹൃത്തുക്കളായത് ക്രിക്കറ്റിലൂടെയാണ്. തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടന്ന ദാരുണ ദുരന്തത്തിൽ ഇവരുടെ ജീവൻ പൊലിഞ്ഞപ്പോൾ രാജ്യത്തിന് നഷ്ടമായത് രണ്ടു കായികതാരങ്ങളെ കൂടിയാണ്.

ക്രിക്കറ്റിനോടുള്ള സ്‌നേഹവും സൂപ്പർ താരം സച്ചിൻ ടെൻഡുൽക്കറിനോടുള്ള ആരാധനയുമാണ് കാഴ്ചയില്ലെങ്കിലും ഈ സുഹൃത്തുക്കളെ ക്രിക്കറ്റിന്റെ സഹയാത്രികരാക്കിയത്. കാഴ്ചശക്തി കുറവുള്ളവരുടെ ക്രിക്കറ്റ് മത്സരത്തിന്റെ ചട്ടക്കൂടുകൾ പരിഷ്‌കരിക്കാനുള്ള യോഗത്തിലേക്ക് പങ്കെടുക്കാൻ പോകുംവഴിയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.

ഇന്നലെ എറണാകുളത്താണു കേരള ബ്‌ളൈൻഡ് ക്രിക്കറ്റ് ടീമിന്റെ മീറ്റിങ് നിശ്ചയിച്ചിരുന്നത്. അന്ധരുടെ ക്രിക്കറ്റ് കളിയിൽ വരുത്തേണ്ട മാറ്റങ്ങളായിരുന്നു മീറ്റിംഗിലെ ചർച്ചാവിഷയം. എന്നാൽ, തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ലോ ഫ്‌ളോർ ബസിന്റെ ഡ്രൈവറുടെ പിഴ തകർത്തത് ഉൾക്കാഴ്ചയിലൂടെ ലോകം കണ്ടിരുന്ന രണ്ടു സുഹൃത്തുക്കളുടെയും അവരുടെ കുടുംബത്തിന്റെയും നിരവധി സ്വപ്‌നങ്ങളാണ്.

ഒരുവർഷം മുമ്പാണ് രജീഷ് പാലക്കാട് ഡ്രാഗൺ സ്റ്റാറെന്ന പേരിൽ അന്ധർക്കുള്ള ക്രിക്കറ്റ് ടീം തുടങ്ങിയത്. ജില്ലയിലെ ടീമിന്റെ ക്യാപ്റ്റനായിരുന്നു രജീഷ്. ബൗളിംഗായിരുന്നു രജീഷിന് ഇഷ്ടം. 11 പേരാണ് ഡ്രാഗൺ ടീമിൽ ഉണ്ടായിരുന്നത്. ഇവരെ ബി വൺ , ബി ടു, ബി ത്രീ വിഭാഗങ്ങളായി തിരിച്ചു. പൂർണമായി കാഴ്ചയില്ലാത്തവരാണ് ബി വൺ. നേരിയ കാഴ്ചയുള്ളവർ ബി ടൂ. പകുതി കാഴ്ചയുള്ളവർ ബി ത്രീ.

പുതിയ രീതികൾ ചിട്ടപ്പെടുത്തി ടീമിനെ വിപുലീകരിക്കണമെന്ന സ്വപ്നം ബാക്കിയാക്കിയാക്കിയാണ് രജീഷ് കഴിഞ്ഞ ദിവസം മരണത്തിലേക്കു യാത്രയായത്. ക്രിക്കറ്റ് കളിക്കാനും യാത്രകളിലും എന്നും കൂട്ടായ വിനോദും അവസാനയാത്രയിലും രജീഷിനൊപ്പം പോയി.

ജില്ലാ ബ്ലൈൻഡ് ക്രിക്കറ്റ് ടീം അംഗമായിരുന്നു വിനോദും. വിനോദിന്റെ ചെറിയച്ഛന്റെ മകന്റെ വിവാഹനിശ്ചയമായിരുന്നു ഞായറാഴ്ച. ക്രിക്കറ്റിനോടുള്ള സ്‌നേഹംകൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാതെ വിനോദ് അസോസിയേഷൻ യോഗത്തിന് പുലർച്ചെ വീട്ടിൽനിന്ന് യാത്രതിരിച്ചത്. പക്ഷേ, തൃശൂർ ബസ് സ്റ്റാൻഡിൽ ഇന്നലെ രാവിലെ ഒമ്പതിനു നടന്ന

വിനോദിന്റെ അച്ഛനും അമ്മയും വർഷങ്ങൾക്കുമുമ്പുതന്നെ മരിച്ചിരുന്നു. സഹോദരങ്ങൾക്കൊപ്പമായിരുന്നു താമസം. ചെറിയ കാഴ്ചവച്ചും വിനോദ് വാർക്കപ്പണിക്ക് പോയിരുന്നു. നാട്ടിലെ എല്ലാ പരിപാടികൾക്കും സജീവമായിരുന്നു. പരേതരായ ശങ്കരന്റെയും കാളിയുടെയും മകനാണ്. ശിവദാസൻ, വേണുഗോപാലൻ, ഷാജി, ഷീജ എന്നിവർ സഹോദരങ്ങളാണ്.

അപകടം നടന്ന ദിവസം വൈകുന്നേരം തന്നെ അന്ധരുടെ ക്രിക്കറ്റ് മത്സരത്തിന്റെ കഥ പറയുന്ന 'ഹാപ്പി ജേർണി' എന്ന സിനിമയുടെ പ്രക്ഷേപണം ഒരു ചാനലിലുണ്ടായിരുന്നതും മറ്റൊരു വേദനയായി. കാഴ്ചശക്തിയില്ലാത്തവരുടെ ലോകകപ്പ് മത്സരത്തിനു തയ്യാറെടുക്കുന്നവരുടെ കഥ പറയുന്ന ചിത്രമായിരുന്നു അത്. ദുരിതങ്ങളോടു പടവെട്ടി മുന്നേറുന്ന ഒരുപിടി താരങ്ങളുടെ കഥ. എന്നാൽ, തങ്ങളുടെ ജീവിതത്തിനും പുതുവെളിച്ചമേകാനുള്ള രജീഷിന്റെയും വിനോദിന്റെയും യാത്ര ബസ് സ്റ്റാൻഡിലെ അപകടത്തിൽ അവസാനിച്ചത് തീരാവേദനയായി മാറിയിരിക്കുകയാണ് ഉറ്റവർക്കും സുഹൃത്തുക്കൾക്കും.