തിരുവനന്തപുരം: കെ എം മാണി ബ്രിട്ടീഷ് പാർലിമെന്റിൽ പ്രസംഗിക്കുന്നു. പാർലമെന്റിൽ വച്ച് തന്റെ അധ്വാന വർഗ്ഗ സിദ്ധാന്തം അവതരിപ്പിക്കുന്നു. ബാർ കോഴയെ കൊണ്ടാടും മുമ്പ് കേരളത്തിൽ പത്രങ്ങൾ ആഘോഷമാക്കിയ ഒരു വാർത്തയായിരുന്നു ഇത്. അൻപതുകൊല്ലം നിയമസഭാംഗം ആയിരുന്ന മാണിയെ ലോക ജനാധിപത്യത്തിന്റെ ഈറ്റില്ലം ആദരിക്കുന്നതിൽ അന്ന് കേരളം അഭിമാനം കൊണ്ടു. എന്നാൽ, ഇതെല്ലാം കഴിഞ്ഞാണ് ഒരു കാര്യം വ്യക്തമായത് ഈ ബ്രിട്ടീഷ് പാർലമെന്റിലെ അവാർഡ് വാർത്ത ഒരു തട്ടിപ്പായിരുന്നു എന്ന്. കാരണം, ആർക്ക് വേണെങ്കിലും വാടകയ്ക്ക് എടുക്കാവുന്ന ബ്രിട്ടീഷ് പാർലമെന്റിന്റെ ഉടമസ്ഥതയിലുള്ള ഹാളിൽ മലയാളികൾ നടത്തിയ ചടങ്ങായിരുന്നു പാർലമെന്റിന്റെ ആദരവായി എന്ന വിധത്തിൽ ചർച്ചയായത്. ഇന്ത്യൻ വംശജരായ രണ്ട് എംപിമാരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

നിശ്ചിത വാടക കൊടുക്കുകയും എന്തെങ്കിലും ഒരു എംപി ശുപാർശ ചെയ്യുകയും ചെയ്താൽ ആർക്കും എടുക്കാവുന്ന ഒരു ഹാളാണിത്. ലണ്ടനിൽ വച്ച് അവാർഡ് കിട്ടി എന്ന പറഞ്ഞു കേരളത്തിലെ പല പ്രമുഖരും അവാർഡ് വാങ്ങുന്നത് മലയാളികൾ തന്നെ തട്ടിക്കൂട്ടുന്ന സംഘടനകളുടെ പേരിലെ ഈ ഹാളിൽ വച്ചാണ്. ഈ സൗകര്യം മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ ഇടയ്ക്കിടെ ഉപയോഗപ്പെടുത്താറുമുണ്ട്. അടുത്തിടെ പൂഞ്ഞാർ സിംഹം പി സി ജോർജ്ജിനും ബ്രിട്ടീഷ് പാർലമെന്റിൽ വച്ച് സ്വീകരണം ലഭിച്ചു. അന്ന് കെ എം മാണിക്ക് സ്വീകരണം ഒരുക്കിയ ആ പഴയ കഥ അദ്ദേഹം തുറന്നു പറയുകയും ചെയ്തു. എന്തായാലും ബ്രിട്ടീഷ് പാർലമെന്റിൽ വച്ച് സ്വീകരണം ലഭിച്ചുവെന്ന് വലിയവായിൽ വിളമ്പി ഒടുവിൽ എത്തിയത് എരുമേലിയിലെ വിമാനത്താവളത്തിന്റെ ശിൽപ്പിയെന്ന് പറഞ്ഞ് സ്വയം അവകാശപ്പെട്ട് രംഗത്തെത്തിയ രാജീവ് ജോസഫാണ്.

ലണ്ടനിനെ ബ്രിട്ടീഷ് പാർലമെന്റിൽ വച്ച് രാജീവ് ജോസഫിന് അവാർഡു കിട്ടിയ കാര്യം വലിയ തോതിൽ ചർച്ചയാക്കുകയാണ്. ഗ്ലോബൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് രാജീവ് ജോസഫിന് ഇൻഡോ ബ്രിട്ടീഷ് എക്‌സലൻസ് അവാർഡ്' ലണ്ടനിലെ ലോഗ്ടൺ ടൗൺ കൗൺസിൽ ഡെപ്യൂട്ടി മേയർ ഫിലിപ്പ് എബ്രഹാം സമ്മാനിച്ചു. വലിയ അവാർഡാണ് ഇതെന്ന വിധത്തിലാണ് ഇതേക്കുറിച്ച് പ്രചരണം നടത്തുന്നത്. 'ഇൻഡോ ഹെറിറ്റേജ് ഇന്റർനാഷണൽ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിൽ പത്തനംതിട്ടയിൽ രൂപീകരിച്ച വിമാനത്താവള കമ്പനിയുടെ നേതൃത്വം വഹിച്ചുവരികയാണ് രാജീവ് ജോസഫെന്ന് മാദ്ധ്യമങ്ങൾക്ക് നൽകിയ വാർത്താക്കുറിപ്പും പറയുന്നു. അതേസമയം രാജീവിന് അവാർഡ് കൊടുത്തതും മലയാളികളുടെ സംഘടനയാണ്. സമ്മാനം കൊടുത്ത ഫിലിപ്പ് എബ്രഹാമും മലയാളി തന്നെയാണ്.

ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ഇൻഡോ ബ്രിട്ടീഷ് ബിസിനസ്സ് മീറ്റിൽ വച്ചാണ് രാജീവ് ജോസഫിനെ ആദരിച്ചത്. ലണ്ടനിലെ നിരവധി സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു. ചുരുക്കത്തിൽ വാർത്ത കണ്ടാൽ ബ്രിട്ടീഷ് പാർലമെന്റിന്റെ ആദരവ് ലഭിച്ച മലയാളി എന്ന് ആർക്കും തോന്നിപ്പോകും.

ബ്രിട്ടനിൽ രാജീവ് ജോസഫ് എത്തിയത് തന്നെ വിമാനത്താവള കമ്പനിയുടെ പേരിലുള്ള പണപ്പിരിവ് ലക്ഷ്യമിട്ടാണെന്നു സൂചനകളുണ്ട്. പ്രവാസികൾ ഏറെയുള്ള പത്തനംതിട്ട ജില്ലയിലേക്ക് ഒഴുകിയെത്തുന്ന പ്രവാസി പണം കണ്ടു തന്നെയാണ് രാജീവിന്റെ ചരടുവലികൾ. ആറന്മുള അടഞ്ഞ അധ്യായം ആയതോടെ എരുമേലിയിലെ വിമാനത്താവള ചർച്ചകൾ കൂടുതൽ സജീവമായിരുന്നു. എന്നാൽ, സർക്കാർ തലത്തിൽ ഒരു തീരുമാനം വരുന്നതിന് മുമ്പായി തന്നെ രാജീവ് ജോസഫും സംഘവും പണപ്പിരിവ് തുടങ്ങിയത്.

വിമാനത്താവള കമ്പനിയെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനങ്ങൾക്കപ്പുറത്ത് ഒരു നടപടിയും ആരംഭിച്ചിട്ടില്ലെന്നിരിക്കെ ആ വിമാനത്താവളം തുടങ്ങുന്നത് ഞങ്ങളാണെന്ന പ്രഖ്യാപനവുമായി കടലാസു കമ്പനിയുടെ എംഡിയായ രാജീവ് ജോസഫ് രംഗത്തുവരികയും കമ്പനിയുടെ പേരിൽ ഷെയർ പിരിക്കാൻ നടപടി തുടങ്ങുകയും ചെയ്തിരിക്കുകയാണ്. സർക്കാർ തലത്തിൽ ആലോചന വരുന്നതിന് മുമ്പുതന്നെ വിമാനത്താവളത്തിന് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ട് എന്നു പേരുമിട്ട് അടുത്ത ദിവസം വരെ ഒരു ഫേസ്‌ബുക്ക് പേജുമാത്രം തുറന്ന് പ്രചരണം നടത്തി. ഇതിന് പിന്നാലെയാണ് വെബ്‌സൈറ്റ് വഴി പണം പിരിക്കുന്നത്.

പ്രവാസികളെ ലക്ഷ്യമിട്ട് തന്നെയാണ് ഇപ്പോഴത്തെ നീക്കമെന്നത് വ്യക്തമാണ്. അതിന് ഉതകുന്ന വിധത്തിലാണ് വെബ്‌സൈറ്റിന്റെ പ്രവർത്തനവും. കോട്ടയം, പത്തനംതിട്ട ജില്ലകളിലായുള്ള പ്രവാസികളിൽ നിന്നും പണം പിരിക്കുന്നത് തുടങ്ങിയിരിക്കുന്നത്. സർക്കാർ സ്വയം പ്രഖ്യാപിച്ച കമ്പനിയെ മാറ്റിനിർത്തി മറ്റ് പ്രമോട്ടർമാരെ തേടിയാൽ ഇപ്പോൾ പണം മുടക്കുന്നവരുടെ പോക്കറ്റു കീറുമെന്നത് ഉറപ്പാണ്. ഇതാണ് സഹചര്യം എന്നിരിക്കെ എന്തിന്റെ അടിസ്ഥാനത്തിലാണ് രാജീവ് ജോസഫ് പണം പിരിക്കുന്നതെന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. ഈ ലക്ഷ്യങ്ങളോടെ തന്നെയാണ് പ്രവാസികളെ നോട്ടമിട്ട് രാജീവ് ലണ്ടനിലെത്തിയതും.