- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് ഓഫർ നിരസിച്ചു; ബിജെപിയോട് താൽപ്പര്യവുമില്ല; തമിഴക രാഷ്ട്രീയത്തിനോടും അടുക്കില്ല; മുൻ ദേവികുളം എംഎൽഎ അടുക്കുന്നത് കാനം രാജേന്ദ്രനോട്; എംഎം മണിയുടെ പരിഹാസം പരിധി വിടുമ്പോൾ പണികൊടുക്കാൻ തീരുമാനം; സിപിഎം പുറത്താക്കിയാൽ രാജേന്ദ്രൻ സിപിഐക്കാരനാകും
മറയൂർ: മൂന്നാറിൽ മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രന് ഡിമാൻഡ് കൂടുന്നു. സിപിഎമ്മുമായി അകലുന്ന മണിയെ അടുപ്പിക്കാൻ കോൺഗ്രസും ബിജെപിയും രംഗത്തുണ്ട്. ഇതിനൊപ്പം തമിഴ്നാട്ടിലെ എഐഎഡിഎംകെയും ഡിഎംകെയും രാജേന്ദ്രന് വേണ്ടി ഇടപെടലുകൾ നടത്തുന്നു. മുല്ലപ്പെരിയാർ പ്രതിസന്ധി കാലത്ത് കേരളത്തിലെ മുൻ എംഎൽഎ കിട്ടുന്നത് തമിഴക രാഷ്ട്രീയത്തിന് ഗുണമാകുമെന്നാണ് ഡിഎംകെയുടേയും എഐഎഡിഎംകെയുടേയും നിലപാട്. ഈ പാർട്ടികളോടൊന്നും രാജേന്ദ്രൻ മനസ്സു തുറന്നിട്ടില്ല. ഓഫറുകൾ തള്ളുകയും ചെയ്തുവെന്നാണ് സൂചന.
മുൻ മന്ത്രി എം.എം മണിയുടെ വിമർശനത്തോടെ രാജേന്ദ്രനെ സിപിഎമ്മിൽ നിന്ന് പുറത്താക്കുമെന്ന് ഉറപ്പായി. പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ലെങ്കിലും രാജേന്ദ്രൻ സിപിഐയിൽ ചേർന്നേക്കുമെന്നാണ് സൂചന. പാർട്ടി വേദികളിലും പുറത്തും തന്നെ അധികാര കൊതിയനായി ചിത്രീകരിച്ച് പരസ്യമായി ഉപദ്രവിക്കുന്നത് നിർത്തണമെന്ന് എസ്. രാജേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. താൻ പൂർണമായും പാർട്ടിക്ക് വിധേയപ്പെട്ട വ്യക്തിയാണ്. തന്നെ പാർട്ടിക്ക് വേണ്ടെങ്കിൽ പുറത്താക്കാം. നാലാമതും മത്സരിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല-മണി പറയുന്നു.
40 വർഷം പാർട്ടിക്ക് വേണ്ടി അധ്വാനിച്ച തന്നെ അതേ പാർട്ടി അവിശ്വാസത്തോടെയാണ് ഇപ്പോൾ കാണുന്നത്. തനിക്കെതിരായ പ്രചാരണം അവസാനിപ്പിച്ച് കുറ്റക്കാരനാണെങ്കിൽ നടപടി എടുക്കണമെന്ന് ജില്ല കമ്മിറ്റിക്ക് എഴുതി നൽകിയിട്ടുണ്ട്. താൻ പാർട്ടിക്ക് എഴുതി നൽകിയ വിശദീകരണം പോലും പരിഗണിക്കാതിരിക്കുന്നതിൽ വിഷമമുണ്ട്. അതുകൊണ്ടാണ് സമ്മേളനങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നത്-ഇതാണ് മണിയുടെ വിശദീകരണം. ഇടതുപക്ഷത്ത് ഉറച്ചു നിൽക്കാനാണ് സിപിഐയിലേക്ക് രാജേന്ദ്രൻ മാറുന്നതെന്നും സൂചനയുണ്ട്. ഇതോടെ മൂന്നാറിലെ സിപിഐ മുഖമായി രാജേന്ദ്രൻ മാറും.
അതിനിടെ സിപിഎം. ലോക്കൽ സമ്മേളനങ്ങളിലും ഏരിയാ സമ്മേളനങ്ങളിലും സിപിഎം. ജില്ലാ കമ്മറ്റിയംഗമായിട്ടും പങ്കെടുക്കാതിരുന്ന എസ്. രാജേന്ദ്രനെ രൂക്ഷമായി വിമർശിച്ച് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം. മണി രംഗത്തു വന്നിരുന്നു. പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കാതിരുന്നത് സംഘടനാ വിരുദ്ധമായതിനാൽ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്നും പുറത്താക്കുമെന്നും മണി പറഞ്ഞു. സിപിഎം. മറയൂർ ഏരിയാ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
പാർട്ടിയുടെ അനുമതിയില്ലാതെ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നെന്ന് ആരോപിച്ച് അടിമാലി ഏരിയാ സമ്മേളനത്തിലും എസ്. രാജേന്ദ്രനെതിരെ മണി രൂക്ഷമായി പ്രതികരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളത്തെ സിപിഎം. സ്ഥാനാർത്ഥി എ. രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എസ്. രാജേന്ദ്രനെതിരേ പാർട്ടി അന്വേഷണം നടക്കുകയാണ്. ജില്ലാ കമ്മിറ്റിയംഗമായ രാജേന്ദ്രൻ ഇത്തവണ ഒരു പാർട്ടി സമ്മേളനങ്ങളിലും പങ്കെടുത്തിട്ടില്ല.
എം.എം. മണിയുടെ വാക്കുകൾ
''കുടിക്കുന്നവെള്ളം മോശമാക്കിയതു പോലെയുള്ള പ്രവർത്തനമാണ് രാജേന്ദ്രൻ ചെയ്യുന്നത്. ഞാൻ ചെത്തുകാരന്റെയും രാജേന്ദ്രൻ തോട്ടംതൊഴിലാളിയുടെയും മകനാണ്. ഇപ്പോൾ ഈ സ്ഥാനത്ത് എത്തിച്ചത് സിപിഎം. എന്ന മഹാപ്രസ്ഥാനമാണ്. എന്നെ ഒരുതവണ മന്ത്രിയാക്കി, ഇപ്പോൾ എംഎൽഎയും. മന്ത്രിസ്ഥാനത്ത് ഇരുന്ന് നന്നായി പ്രവർത്തിച്ച മന്ത്രിമാരെല്ലാം മാറിനിൽക്കാൻ പാർട്ടി പറഞ്ഞു. പുതിയവർ എത്തി. ആരെങ്കിലും എന്തെങ്കിലും പരാതി പറഞ്ഞോ? പാർട്ടിയോടു കൂറുവേണം. മൂന്നു തവണ എംഎൽഎ., ഒരു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ അലങ്കരിച്ച രാജേന്ദ്രൻ വീണ്ടും മത്സരിച്ചാൽ തോൽക്കുമെന്ന് പാർട്ടിക്ക് വ്യക്തതയുണ്ടായിരുന്നു. അതിനാൽ മാറ്റിനിർത്തി. മത്സരിച്ച സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതി ഉയർന്നു. കമ്മിഷനെ വെച്ചു. റിപ്പോർട്ട് ലഭിച്ചാൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും.
സ്വന്തം പ്രദേശമായ മൂന്നാർ മേഖലയിലെ ഒരു സമ്മേളനത്തിൽപ്പോലും അയാൾ പങ്കെടുത്തില്ല. ആരുടെയും വകയല്ല ഈ പാർട്ടി, എം.എം. മണിയുടെതും അല്ല. പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന വിധം ഇടയ്ക്കിടെ ചില പത്രങ്ങൾക്ക് അയാൾ അഭിമുഖംനൽകും. രാജേന്ദ്രനോട് ഒന്നേ പറയാനുള്ളൂ, നിർത്തിക്കോളുക, വിട്ടുവീഴ്ചയില്ല. എല്ലാം അനുസരിച്ച് പാർട്ടിക്ക് വിധേയനായി പോയാൽ നല്ലത്. രാഷ്ട്രീയബോധം ഉണ്ടായിരുന്നു. ഇപ്പോൾ ബോധം തെറ്റിപ്പോയി. 15 വർഷം എംഎൽഎ. ആയതിനാൽ മരിച്ചാലും എംഎൽഎ. പെൻഷൻ കിട്ടും. ഈ പാർട്ടി ഇതിൽ കൂടുതൽ എന്തുചെയ്യണം? എന്നിട്ട് ഒരു മാതിരി പണി കാണിക്കരുത്. വേറെ മാർഗം നോക്കുകയാണ് നല്ലത്. നടപടിയെടുത്താലും പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കുന്നവർ ഇല്ലേ. പാർട്ടി സമ്മേളനങ്ങളിൽ എസ്. രാജേന്ദ്രൻ എന്താണ് പങ്കെടുക്കാത്തത് എന്ന് അണികൾ ചോദിച്ചുവോ. ചോദിക്കണം.ആർജവമുള്ള പാർട്ടിക്കാർ സമ്മേളനത്തിൽ ഇക്കാര്യം നല്ല രീതിയിൽ ചർച്ചനടത്തണം''.
മറുനാടന് മലയാളി ബ്യൂറോ