ദോഹ: പയ്യന്നൂർ സൗഹൃദവേദി ജോയിന്റ് ട്രഷറർ പയ്യന്നൂർ കൊറ്റിയിലെ രാജേഷ് ലക്ഷ്മണൻ (42) സമ്മേളന വേദിയിൽ കുഴഞ്ഞു വീണു മരിച്ചു. സൗഹൃദ വേദിയുടെ രണ്ടു പ്രവർത്തകർ നാട്ടിലേക്കു മടങ്ങുന്നതുമായി ബന്ധപ്പെട്ടു വ്യാഴാഴ്ച വൈകിട്ടു സംഘടിപ്പിച്ച യാത്രയയപ്പു യോഗത്തിലായിരുന്നു സംഭവം.

രാജേഷ് പ്രസംഗിച്ച ശേഷം വേദിയിലിരിക്കുമ്പോൾ പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡോൾഫിൻ എനർജിയിൽ കഴിഞ്ഞ എട്ടു വർഷമായി ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: സിമി. മക്കൾ: ഹർഷ(ഡിഎംഐഎസ് സ്‌കൂൾ ഏഴാം തരം വിദ്യാർത്ഥി), വരദ (ഡിഎംഐഎസ് സ്‌കൂൾ ഒന്നാം തരം വിദ്യാർത്ഥി). പിതാവ്: വാഴിക്കൽ വീട്ടിൽ ലക്ഷ്മണൻ. മാതാവ്: ബീന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് പയ്യന്നൂർ സൗഹൃദ വേദി
ഭാരവാഹികൾ അറിയിച്ചു.