തിരുവനന്തപുരം: മടവൂരിൽ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെട്ട സംഭവത്തിൽ നിർണായക സൂചന പൊലീസിന് കിട്ടി. രാജേഷിനെ കൊലപ്പെടുത്തിയ ക്വട്ടേഷൻ സംഘം എത്തിയത് ഖത്തറിൽ നിന്നാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കൊലനടത്തുന്നതിന് ഒരാഴ്ച മുമ്പാണ് ഇതിലെ രണ്ട് പേർ നാട്ടിലെത്തിയത്. വിവിധ കേസുകളിൽ പ്രതികളായ ഇവർ ഖത്തറിലേക്ക് കടക്കാൻ സാദ്ധ്യതയുള്ളതിനാൽ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. നാൽവർ സംഘത്തിലെ മൂന്നു പേരുടെ പാസ്‌പോർട്ട് വിവരങ്ങൾ സഹിതമാണ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും നോട്ടീസ് അയച്ചത്. ഖത്തറിൽ വിസ ആവശ്യമില്ലാതെ മൂന്നുമാസം തങ്ങാമെന്നതിനാലാണ് അടിയന്തരമായി നോട്ടീസ് ഇറക്കിയത്.

അതേസമയം, സംഭവത്തിൽ തീവ്രസ്വഭാവമുള്ള ഒരു സംഘടനയ്ക്കും പങ്കുണ്ടെന്ന കാര്യത്തിൽ പൊലീസിന് സംശയുണ്ട്. കൊലപാതകം ക്വട്ടേഷനാണെന്ന് ഏതാണ്ട് ഉറപ്പിച്ച പൊലീസ് ഈ വഴിക്കുള്ള അന്വേഷണം ഊർജിതമാക്കി. രാജേഷുമായി പരിചയമുള്ള ഖത്തറിലെ നൃത്താദ്ധ്യാപികയായ യുവതിയുടെ ഭർത്താവിന്റെ ക്വട്ടേഷനാണെന്ന സംശയം തുടക്കം മുതൽ ഉണ്ടായിരുന്നു. ഈ ദമ്പതികളുടേത് പ്രണയ വിവാഹമായിരുന്നു. ഇരുവരും വ്യത്യസ്ത മതസ്ഥർ. വിവാഹം കഴിഞ്ഞതോടെ യുവതി മതം മാറിയെന്നും പറയപ്പെടുന്നു. ഖത്തറിൽ ജോലിയ്‌ക്കെത്തിയ രാജേഷും യുവതിയും അതിനിടെ പരിചയക്കാരായി. അത് യുവതിയുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നമുണ്ടാക്കി. അതിനിടെ രാജേഷ് നാട്ടിലേക്ക് മടങ്ങിയെങ്കിലും യുവതിയുമായുള്ള ബന്ധം തുടർന്നു. അത് ഇഷ്ടപ്പെടാതിരുന്ന യുവതിയുടെ വ്യവസായിയായ ഭർത്താവ് നൽകിയ ക്വട്ടേഷനാണ് രാജേഷിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് സംശയം. അത് ഒരു തീവ്രസ്വഭാവമുള്ള ഗ്രൂപ്പിൽപെട്ടവരെയാണ് ഏൽപ്പിച്ചതെന്നാണ് പൊലീസിന് സംശയം

കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്നവരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്നാണ് പൊലീസ് നിഗമനം. തിരുവനന്തപുരം റൂറൽ പൊലീസ് ടീം നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്. വിവരങ്ങൾ ചോരാതിരിക്കാൻ സമീപ ജില്ലകളിലെ ജില്ലാ പൊലീസ് മേധാവികളുടെ വിശ്വസ്തരുമായി മാത്രമാണ് വിവരങ്ങൾ ചർച്ച ചെയ്യുന്നത്.

രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ശക്തമായി ആസൂത്രണംചെയ്തു നടപ്പാക്കിയതെന്നു സൂചനയാണ് പൊലീസ് നൽകുന്നത്. കുട്ടന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം തുടങ്ങിയിട്ടുള്ളത്. മുൻപ് കൊച്ചിയിലും ഖത്തറിലും റേഡിയോജോക്കിയായി നോക്കിയിരുന്ന മടവൂർ പടിഞ്ഞാറ്റേല ആശാഭവനിൽ രാജേഷ് (35) ആണ് കൊല്ലപ്പെട്ടത്. ചുവന്നകാറിൽ നാലുപേരടങ്ങുന്ന സംഘമാണ് എത്തിയത്. മൂന്നുപേരാണ് പുറത്തിറങ്ങി ആക്രമണം നടത്തിയത്. ഒരാൾ കാർ സ്റ്റാർട്ടാക്കി നിർത്തി അതിനുള്ളിലിരിക്കുകയുമായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. അക്രമികൾ മുഖംമൂടിധരിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി രാജേഷിന്റെ മരണമൊഴി പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്. എന്നാൽ, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

രാജേഷിന്റെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നു വ്യക്തമാണ്. രാജേഷും കുട്ടനും റെക്കോഡിങ് സ്റ്റുഡിയോയിൽ എത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ നിരീക്ഷിച്ചാണ് ആക്രമണം നടത്തിയിട്ടുള്ളത്. രാജേഷിനെ മാത്രമാണ് സംഘം ലക്ഷ്യമിട്ടതെന്നും ശ്രദ്ധേയമാണ്. വെട്ടേറ്റ് പുറത്തേക്കോടിയ കുട്ടനെ അക്രമികൾ പിന്തുടരാൻ ശ്രമിച്ചില്ല. അതുകൊണ്ടുതന്നെ കൊലപാതകത്തിനുപിന്നിൽ വ്യക്തിപരമായ പകയാണെന്ന് പൊലീസ് അനുമാനിക്കുന്നു.

അക്രമം ആസൂത്രിതമാണെന്നു വ്യക്തമായതോടെ രാജേഷിന്റെ സംഘം പരിപാടിയവതരിപ്പിച്ച നാവായിക്കുളം മുല്ലനല്ലൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അക്രമിസംഘം എത്തിയിരിക്കാനുള്ള സാധ്യതകൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. തുടർന്ന് മടവൂരിലേക്കുള്ള വഴിയിലെ സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങളും ശേഖരിച്ചു. അക്രമികൾ രാജേഷിനെയും സംഘത്തിനെയും പിന്തുടർന്നിരുന്നില്ലെങ്കിൽ ഇവർ സ്റ്റുഡിയോയിലുണ്ടെന്നുള്ള വിവരം കൈമാറിയ ഒരാളുണ്ടാവുമെന്നും പൊലീസ് കരുതുന്നു. ഇതിനായി മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. എല്ലാവരോടും മാന്യമായി പെരുമാറുകയും നല്ല സൗഹൃദം സൂക്ഷിക്കുകയും ചെയ്യുന്നയാളാണ് രാജേഷ്. നാട്ടിൽ ആർക്കും ഇയാളോട് ഒരുവിധത്തിലുമുള്ള ശത്രുതയില്ല. ആദ്യം കൊച്ചിയിലാണ് രാജേഷ് റേഡിയോ ജോക്കിയായി ജോലിനോക്കിയത്. അന്ന് രസികൻ രാജേഷ് എന്നായിരുന്നു വിളിപ്പേര്. പിന്നീട് ഖത്തറിലെ റേഡിയോയിലേക്ക് ജോലികിട്ടി. ഒപ്പം ജോലിനോക്കിയിരുന്ന ആർക്കും ഇയാളെക്കുറിച്ച് മോശമായൊന്നും പറയാനില്ല.

മൂന്നുവർഷം മുൻപ് നാട്ടിലെത്തി നാടൻപാട്ട് സംഘത്തിനൊപ്പം ചേരുകയായിരുന്നു. മടവൂർ ജങ്ഷനിൽ റെക്കോഡിങ് സ്റ്റുഡിയോ തുടങ്ങിയതോടെ നാട്ടുകാരുമായി നല്ല സൗഹൃദവുമായി. ഓട്ടോസ്റ്റാൻഡിനോടു ചേർന്നാണ് രാജേഷിന്റെ സ്റ്റുഡിയോ പ്രവർത്തിക്കുന്നത്. ഇവർക്കാർക്കും രാജേഷിനെക്കുറിച്ച് എതിരഭിപ്രായമൊന്നും പറയാനില്ല.