സന്നിധാനം: പെരുമ്പാവൂരിലെ അറിയപ്പെടുന്ന ആർഎസ്എസ് നേതാവാണ് രാജേഷ്. തീർത്ഥാടനകലാത്ത് ശബരിമല വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയ വ്യക്തിയായിരുന്നു പെരുമ്പാവൂർ സ്വദേശി. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റുകളിൽ എല്ലാം ശബരിമലയിലെ പൊലീസ് നിയന്ത്രണത്തിനെതിരെ രാജേഷ് പ്രതിഷേധിച്ചിരുന്നു. ആർ എസ് എസിന്റെ ഗണവേഷം ഇടുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ബൗദ്ധിക തലത്തിലെ ഇടപെടൽ നടത്തുന്ന രാജേഷിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞാണ് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്.

സന്നിധാനത്ത് രാജേഷ് പ്രശ്‌നമൊന്നും ഉണ്ടാക്കിയിരുന്നില്ല. നാമജപക്കാർക്കൊപ്പം നീങ്ങിയ ശേഷം നേതാവെന്ന നിലയിൽ പൊലീസിനോട് സംസാരിച്ചു. നടപ്പന്തലിലേക്ക് പ്രതിഷേധവും എത്തി. ഇതിനിടെ തന്നെ രാജേഷിന്റെ രാഷ്ട്രീയം പൊലീസ് പരിശോധിച്ചു. ആർ എസ് എസുകാരനാണെന്ന് വ്യക്തമായതോടെ അറസ്റ്റും തീരുമാനിച്ചു. ഇതോടെയാണ് എസ് പി പ്രതീഷെത്തി രാജേഷിനോട് അറസ്റ്റ് വരിക്കാൻ ആവശ്യപ്പെട്ടത്. ഇതോടെയാണ് മറ്റ് ഭക്തർ പ്രതിരോധവുമായെത്തിയത്. ഇതോടെ അറസ്റ്റ് അനിവാര്യതയുമായി. ഏതായാലും സന്നിധാനത്തെ അറസ്റ്റ് വലിയ ചർച്ചകൾക്ക് വഴി വയക്കും.

യുവതി പ്രവേശനത്തെ എന്ത് വില കൊടുത്തും എതിർക്കാനാണ് ആർഎസ്എസ് തീരുമാനം. ഇതിനായി നിരവധി ആർ എസ് എസുകാർ സന്നിധാനത്ത് എത്തിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് സന്നിധാനത്ത് ഇന്നുണ്ടായ സംഭവ വികാസങ്ങൾ. പൊലീസ് നടപടികളിൽ അതൃപ്തരായ ഭക്തരെ കൂട്ടി പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കം നടത്തിയത് രാജേഷ് തന്നെയാണെന്നാണ് പൊലീസ് വിലയിരുത്തൽ. അതുകൊണ്ടാണ് അറസ്റ്റ ്‌ചെയ്യാനുള്ള തീരുമാനം പൊലീസ് എടുത്തത്. രാജേഷിന്റെ സംഘപരിവാർ ബന്ധം ചർച്ചയാക്കാമെന്ന് പൊലീസിലെ ഉന്നതരും നിലപാട് എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സന്നിധാനത്തെ നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകിയത്.

തനിക്ക് രാഷ്ട്രീയമില്ലെന്ന് ശബരിമലയിൽ മാധ്യമങ്ങളോട് രാജേഷ് പറഞ്ഞിരുന്നു. വിശ്വാസി മാത്രമാണ് താനെന്നും നാമജപവിളിക്കുക മാത്രമാണ് താൻ ചെയ്തതെന്നും വിശദീകരിച്ചു. ഇതോടെയാണ് രാജേഷിന്റെ രാഷ്ട്രീയത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചത്. ഇതോടെയാണ് ആർഎസ്എസ് ബന്ധം വെളിപ്പെട്ടത്. ആർഎസ്എസ് നേതാവ് രാജേഷ് എന്ന് ഉറപ്പായതോടെ പൊലീസ് നടപടികളിലേക്ക് കടന്നു. അറസ്റ്റിലായവർക്കെല്ലാം ആർഎസ്എസ് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

അവിശ്വാസിയായ മേരി സ്വീറ്റിയെ വിശ്വാസികൾ ചെങ്ങന്നൂര് തടഞ്ഞു....'വിശ്വാസിയായ സുരേന്ദ്രനെ അവിശ്വാസി പൊലീസ് തടഞ്ഞു...-ഇതായിരുന്നു രാജേഷിന്റെ ഫെയ്‌സ് ബുക്കിലെ അവസാന പോസ്റ്റ്. പെരുമ്പാവൂരിലെ നാമ ജപ യജ്ഞങ്ങളിലും രാജേഷ് സജീവമായിരുന്നു. പൊലീസ് അറസ്റ്റ് ചെയതവരെല്ലാം ആർ എസ് എസുകാരാണെന്ന് പൊലീസ് പറയുന്നു. അറസ്റ്റ് വരിക്കാൻ തയ്യാറായാണ് അവരെത്തിയതെന്നും അത് തിരിച്ചറിഞ്ഞാണ് കടുത്ത നടപടികൾ എടുത്തതെന്നും പൊലീസ് പറയുന്നു. സന്നിധാനത്ത് ആർ എസ് എസുകാർ ഇനിയും ഉണ്ടെന്നാണ് വിലയിരുത്തൽ. ഇവരെ കണ്ടെത്താൻ പൊലീസ് അതിവേഗ നടപടിയെടുക്കും.

വിശ്വാസികൾക്ക് എല്ലാ സൗകര്യവും ഒരുക്കി ദേവസ്വം ബോർഡ്..... വിരിവയ്ക്കാൻ സൗകര്യമില്ലാതെ വേസ്റ്റിനിടയിൽ കിടന്നുറങ്ങുന്ന കൊച്ചു മാളികപ്പുറം..... ഈ പാപമെല്ലാം എവിടെ കൊണ്ട് തീർക്കും...-എന്ന പോസ്റ്റും രാജേഷ് ഇട്ടിരുന്നു. സ്വാമി ശരണം..... അടിയന്തിരാവസ്ഥ..... വിശ്വാസികൾക്കെതിരെ... ശബരിമലയിൽ കെട്ടുനിറച്ച് വന്ന മാളികപ്പുറങ്ങൾ ഉൾപ്പെടെയുള്ള ഭക്തരെ പൊലീസ് അഭിഷേകം നടത്തിക്കാതെ ഇറക്കി വിടുന്നു..... കാനനപാതയിൽ കിലോമീറ്ററുകൾ നടന്ന് ക്ഷീണിതരായ സ്വാമിമാരെ ഒരു നിമിഷം പോലും വിശ്രമിക്കാൻ അനുവദിക്കാതെ ഇറക്കുന്നു.... മണികണ്Oന്മാരോടും പൊലീസ് ക്രൂരത.... കരഞ്ഞു കലങ്ങിയ കണ്ണുകളും, ശരണ മന്ത്രവുമായി അഭിഷേകം നടത്താതെ നെഞ്ചു പൊട്ടുന്ന വേദനയുമായി മലയിറങ്ങുന്ന അയ്യപ്പഭക്തർ..... വിശ്വാസികളെ അടിച്ചമർത്തുന്ന ഭരണകൂടം.... ആർക്കു വേണ്ടി...? അവിശ്വാസികൾക്കും, അഭിസാരികൾക്കും ഒപ്പം ഭരണകൂടം.... വിശ്വാസികളുടെ കണ്ണുനീരിന് വില നൽകേണ്ടി വരും.. ശരണമന്ത്രത്തിന്റെ കരുത്ത് അറിയാനിരിക്കുന്നതേയുള്ളു.... വിശ്വാസം, ആചാരം സംരക്ഷിക്കപ്പെടുക തന്നെ ചെയ്യും..ഇതാണ് രാജേഷിന്റെ മറ്റൊരു പ്രഖ്യാപനം.

ശബരിമല സന്നിധാനത്തെ വലിയ നടപ്പന്തലിൽ പ്രതിഷേധം നടത്തിയ അമ്പതോളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. നടയടക്കുന്നതിന് തൊട്ടമുമ്പാണ് വലിയ നടപ്പന്തലിൽ അപ്രതീക്ഷിതമായി നാമജപം നടത്തി പ്രതിഷേധം നടത്തിയത്. നിരോനാജ്ഞ നിലനിൽക്കുന്ന സ്ഥലത്ത് പ്രതിഷേധം നിയമവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു പൊലീസ് നടപടി. പ്രതിഷേധത്തിന് നേതൃത്വം നൽകിയ സംഘപരിവാർ,അയ്യപ്പ കർമ്മസമിതി നേതാക്കളെ മാത്രം പൊലീസ് അറസ്റ്റ് ചെയ്യാൻ നോക്കിയെങ്കിലും തങ്ങളെ എല്ലാവരേയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് കൂടുതൽ പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാർ പിരിഞ്ഞുപോയില്ലെന്നും. നടയടച്ച ശേഷം പിരിഞ്ഞുപോകാമെന്ന വാക്ക് പാലിച്ചില്ലെന്നും പൊലീസ് വിശദീകരിച്ചു ഇതിന്റെ നേതൃസ്ഥാനത്ത് രാജേഷായിരുന്നു.

അതേസമയം ഞങ്ങൾ പ്രതിഷേധം നടത്തുകയല്ല. തങ്ങൾ ഭക്തരാണെന്നും നട അടക്കുന്നത് വരെ നാമജപം നടത്താൻ ഞങ്ങൾക്ക് അവകാശമുണ്ടെന്നുമാണ് രാജേഷ് പൊലീസിനോട് പറഞ്ഞത്. അറസ്റ്റ് ചെയ്തവരെ കൊണ്ടുപോകാനായി കൂടുതൽ പൊലീസിനെ പമ്പയിൽ വിന്യസിച്ചതായാണ് റിപ്പോർട്ട്. മണ്ഡലകാലം തുടങ്ങിയതിന് ശേഷമുള്ള സന്നിധാനത്തെ ആദ്യ അറസ്റ്റാണ് ഇത്. ആദ്യം അറസ്റ്റിന് വഴങ്ങാമെന്ന് അറിയിച്ചെങ്കിലും നെയ്യഭിഷേകം നടത്താതെ മടങ്ങില്ലെന്ന് പ്രതിഷേധക്കാർ നിലപാടെടുത്തു. ഇതോടെയാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.