തിരുവനന്തപുരം: കെ സുരേന്ദ്രൻ കണ്ണൂരിൽ വരേണ്ടെന്ന് ചാനൽ ചർച്ചയിൽ അഭിപ്രായപ്പെട്ട സിപിഐ(എം) നേതാവും എംഎൽഎയുമായ എ.എൻ.ഷംസീറിനോട് കണ്ണൂരെന്താ താങ്കളുടെ തറവാട്ടു സ്വത്താണോയെന്ന് ചോദിച്ചും ഷംസീറിനെ നിശിതമായി വിമർശിച്ചും ബിജെപി നേതാവ് വി.വി. രാജേഷ്.

കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകനും സന്തോഷ് മാധവനുമായുള്ള ബന്ധം കേരളത്തെ അറിയിച്ചതുമുതൽ സിപിഎമ്മുകാരുടെ കണ്ണിലെ കരടാണ് സുരേന്ദ്രനെന്നും ഇപ്പോൾ ഷംസീർ പറഞ്ഞതിൽ അപകടം മണക്കുന്നുവെന്നും വ്യക്തമാക്കിയാണ് രാജേഷ് ഫെയ്‌സ് ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്.

ഒറ്റതിരിഞ്ഞ് സുരേന്ദ്രനെ ആക്രമിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും ബിജെപിയിലെ മുതിർന്ന നേതാക്കളുടെ ഒക്കെ അടിസ്ഥാനത്തിലാണ് സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രവർത്തിക്കുന്നതെന്നും രാജേഷ് ഓർമ്മിപ്പിക്കുന്നു.

മലബാർ മേഖലയിൽ നിങ്ങളുടെ ധാർഷ്ട്യങ്ങൾക്ക് പുല്ലുവിലപോലും കൽപിക്കാതെ ഞങ്ങളുടെ പ്രവർത്തകർക്ക് നേതൃത്വം നൽകുന്നത് സുരേന്ദ്രനാണ്. സുരേന്ദ്രൻ ഇല്ലാതാകേണ്ടത് കേരള സിപിഎമ്മിന്റെ ലക്ഷ്യമാണെന്നും അറിയാം. സഹകരണ ബാങ്ക് പ്രതിസന്ധിയും വിലാപയാത്രയും ഒക്കെ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നുവെന്നും മനസ്സിലാകുന്നുണ്ട്.

ബിജെപി നേതാക്കൾക്ക് ഭീഷണി ഉണ്ടെന്ന് ഇന്റലിജന്റ്‌സ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൊടുത്ത് മാസങ്ങളായിട്ടും ഒരു നടപടിയും സ്വീകരിക്കാതെ പൂഴ്തിവച്ചിരിക്കുന്നത് എന്തിനാണെന്നും രാജേഷ് ചോദിക്കുന്നു. സിപിഎമ്മിന്റെ കോട്ടകളിലേക്കാണ് സുരേന്ദ്രനും ബിജെപിയും വരാൻ പോകുന്നതെന്നും ധൈര്യം ഉണ്ടെങ്കിൽ തടഞ്ഞോയെന്നുമുള്ള വെല്ലുവിളിയോടെയാണ് രാജേഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

ഇന്നലെ ഏഷ്യാനെറ്റിൽ സിപിഐ(എം) പ്രധിനിധി ഷംസീർ ചില ഉപദേശങ്ങൾ കെ സുരേന്ദ്രന് നൽകുന്നത് കേൾക്കുവാൻ ഇടയായി . വി മുരളീധരനും ,പി കെ കൃഷ്ണദാസും ,സികെ പത്മനാഭനും ഒക്കെ കണ്ണൂരിൽ വന്നാൽ മതി സുരേന്ദ്രൻ വരേണ്ട എന്ന് .ഇതുപറയുവാൻ താങ്കൾ ആരാ?കണ്ണൂർ താങ്കളുടെ തറവാട്ട് സ്വത്താണോ ,അതോ സ്വബോധം നഷ്ടപ്പെട്ടോ ?

സികെ പി യും ,വി എമ്മും ,പി കെ കെ യും ഒക്കെ കണ്ണൂരിൽ തന്നെ ഉണ്ട് എങ്ങും പോയിട്ടില്ല അവരുടെ ഒക്കെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രൻ ഉൾപ്പെടെ ഉള്ള നേതാക്കൾ പ്രവർത്തിക്കുന്നത് .താങ്കളുടെ സംസാരത്തിൽ അപകടം മണക്കുന്നു , ഒരാളിനെ ഒറ്റതിരരിഞ്ഞു അക്രമിക്കുവാനുള്ള സിപിഐ(എം) തന്ത്രം വിലപ്പോവില്ല? .കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മകന്റെ സന്തോഷ് മാധവ ബന്ധം കേരളത്തെ അറിയച്ചതുമുതൽ നിങ്ങൾക്ക് ,സുരേന്ദ്രൻ കണ്ണിലെകരടാണെന്നു ഞങ്ങൾക്ക് അറിയാം,

കേരളത്തിൽ ,പ്രത്യേകിച്ചും മലബാർ മേഖലയിൽ നിങ്ങളുടെ ധാർഷ്ട്യങ്ങൾക്കു പുല്ലുവില പോലും കൽപ്പിക്കാതെ ഞ ങ്ങ ളുടെപ്രവർത്തകർക്ക് നേതൃത്വം നൽകുന്ന സുരേന്ദ്രൻ ഇല്ലാതാകേണ്ടത് കേരള സിപിഐ(എം) ന്റെ ലക്ഷ്യമാണെന്നും ഞങ്ങൾക്കറിയാം .സഹകരണബാങ്ക് പ്രതിസന്ധിയും ,വിലാപ യാത്രയും ഒക്കെ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു എന്നതും ഞങ്ങൾ മനസിലാക്കുന്നു ,അതു കൊണ്ടാണല്ലോ സുരേന്ദ്രൻ ഉൾപ്പെടെ ഉള്ള ബിജെപി നേതാക്കൾക്ക് ഭീഷണി ഉണ്ടെന്നു ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൊടുത്തു് മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ അത് പൂഴ്‌ത്തി വച്ചത് ?

ഒടുവിൽ എൻ ഐ എ കനകമലയിൽ നിന്നും ഐസിസ് തീവ്രവാദികളെ പിടിച്ചപ്പോഴല്ലേ വസ്തുതകൾ പുറത്തുവന്നത് .ഒരുകാര്യം ഷംസീർ മനസിലാക്കണം ബിജെപി പ്രവർത്തനങ്ങൾക്ക് ഏതൊക്കെ നേതാക്കൾ എവിടെ പോകേണം എന്ന് ഞങ്ങൾ തീരുമാനിച്ചു കൊള്ളാം ,നിങ്ങളുടെ കോട്ട കളിലേക്കാ സുരേന്ദ്രനും ബിജെപിയും വരാൻപോകുന്നത് ,ധൈര്യം ഉണ്ടെങ്കിൽ തടഞ്ഞോ ,താങ്കളിലൂടെ സുരേന്ദ്ര നെതിരായി ഒറ്റ തിരിഞ്ഞു നടത്തുന്ന ആക്രമണം ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട് ,വേറെ എന്തിങ്കിലും ഉദ്ദേശ്യം ഉണ്ടെങ്കിൽ ആ വെള്ളം അങ്ങു വാങ്ങി വച്ചേക്കൂ ,അല്ലെങ്കിൽ നഷ്ട്ടങ്ങളുടെ കണക്ക് നോക്കുവാൻ പോലും സിപിഎമ്മിനാകില്ല .