ത്രപ്രവർത്തകരായ സഹപ്രവർത്തകരെ പിണക്കിയാൽ പബ്ലിക് റിലേഷൻസ് രംഗത്ത് പണി ചെയ്യുന്നവർക്ക് പണി കിട്ടും. സിപിഎമ്മിന്റെ സൈബർ സേനയെ കുറിച്ച് വാർത്തിയെഴുതിയ മനോരമ സംഘത്തിലെ ജയൻ മേനോന്റെ ഇടപെടലിനൊടുവിൽ ഇട്ട പോസ്റ്റ് പിൻവലിച്ച് മാപ്പുപറയേണ്ട അവസ്ഥയിലെത്തി ടി സി രാജേഷ് എന്ന പഴയ മാദ്ധ്യമ പ്രവർത്തകൻ. സിപിഎമ്മിൽ സൈബർ സേനയുണ്ടെന്ന മനോരമയുടെ വാർത്തയുടെ പശ്ചാത്തലത്തിൽ ഫെയ്‌സ് ബുക്ക് വാളിൽ ചില സത്യങ്ങൾ കുറിച്ച രാജേഷാണ് വെട്ടിലായത്.

പത്രസുഹൃത്തുക്കൾ പിണങ്ങരുത്. ഒന്നും സ്പൂഫി നോക്കിയതാണ്. ഇതിൽ പറയുന്നവർക്കാർക്കും ഇതോടൊപ്പമുള്ള ബൈലനുമായി ബന്ധമില്ല. ഈ പോസ്റ്റിനെ സ്പോർട്സ് മാൻ സ്പിരിറ്റോടെ കാണണം. എന്ന് രേഖപ്പെടുത്തിയാണ് രാജേഷ് പോസ്റ്റ് തുടങ്ങിയത്. സോഷ്യൽ മീഡിയിയിൽ മാദ്ധ്യമ പ്രവർത്തകരെ പ്രതിരോധിക്കാനായി പ്രസ് ക്ലബ്ബിൽ ഇരിടമുണ്ട്. ആ സൈബർ സങ്കേതത്തെ കുറിച്ചും മറ്റുമാണ് രാജേഷ് വിശദീകരിച്ചത്. ഇതിനൊപ്പം ഔദ്യോഗിക നാം മറച്ചുവച്ച് പേരിന്റെ ഭാഗത്തിനൊപ്പം ജാതിപ്പേരു കൂടി ചേർത്ത് ബൈലൈനുകളാക്കി പത്രത്തിലൂടെ ഇടപെടുന്നവരും സങ്കേതത്തിലുണ്ടെന്ന് രാജേഷ് കുറിച്ചു. ജോലി ചെയ്യുന്ന സ്ഥാപനം തന്നെ ഇവരുടെ വ്യാജ ബൈലൈനുകൾ സൃഷ്ടിക്കുന്നു. മേനോനും നായരുമെല്ലാം ഇതിൽ ഉൾപ്പെടും-ഇങ്ങനെ പോയി രാജേഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

ഒടുവിൽ ഇങ്ങനേയും കുറിച്ചു. പുതുമോടിക്കാരിയായ ഒരു വനിതാ പത്രപ്രവർത്തക അടുത്തയിടെ അതിരൂക്ഷമായ സൈബർ അധിക്ഷേപത്തിന് ഇരയാകുകയുണ്ടായി. സൈബർ സങ്കേതത്തെപ്പറ്റി ഫെയ്‌സ് ബുക്കിൽ പോസ്റ്റിടുകയും തുടർന്ന് താൻ ജോലി ചെയ്തിരുന്ന പത്രത്തിൽ വാർത്തയെഴുതുകയും ചെയ്തതിനായിരുന്നു ഇത്. മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ മറച്ചുവച്ച് സങ്കേതത്തിൽ മദ്യപാനമാണെന്ന വ്യാജപ്രചാരണം നടത്തിയതിനായിരുന്നു അത്. ഒടുവിൽ ആക്രമണം സഹിക്കവയ്യാതെ അവർ പത്രപ്രവർത്തനം മതിയാക്കി രാജ്യം വിട്ടു. സങ്കേതത്തിൽ ഇതുവരെ അംഗമാകാൻ കഴിയാത്ത ഒരാൾ ഈ വനിതയുടെ പോസ്റ്റിൽ ലൈക്കിയതിന് അയാളുടെ കയ്യും കാലും തല്ലിയൊടിക്കുമെന്നാണ് സൈബർ സങ്കേതത്തിന്റെ തലവനായിരുന്ന മേനോൻ എന്ന ഒരു ഫെയ്ക് നാമധാരി ഭാഷണിപ്പെടുത്തിയത്. അതോടെ അയാൾ പ്രസ് ക്ലബ്ബിന്റെ സമീപത്തുകൂടിപോലും പോകാതായി. അത്രക്ക് ശക്തമാണ് സൈബർ സങ്കേതത്തിന്റെ പ്രവർത്തനം.-

ഇതോടെ പ്രശ്‌നം വഷളായി. ദേശാഭിനാമിയുടെ സൈബർ സേനയ്ക്ക് എതിരെ വന്ന പരമ്പരയിലെ പേരുകാരിൽ ഒരാളായ ജയന്മേനോന് ഇത് പിടിച്ചില്ല. രാജേഷിന്റെ പോസ്റ്റിലെ പ്രസ്തു സംഭവം നടക്കുമ്പോൾ ജയൻ മേനോനായിരുന്നു സെക്രട്ടറി. ഇതോടെ പോസ്റ്റ് തനിക്കെതിരെയാണെന്ന് ജയൻ മേനോൻ ഉറപ്പിച്ചു. ഇതോടെ പ്രശ്‌നങ്ങളും തുടങ്ങി. രാജേഷ് ജോലി നോക്കുന്ന പബ്ലിക് റിലേഷൻ സ്ഥാപനത്തിലെ മുതലാളിക്ക് വിളി പോയി. താങ്കളുടെ ജീവനക്കാരൻ എന്നെ കളിയാക്കി പോസ്റ്റിട്ടിരിക്കുന്നു. ഇത് എങ്ങനെ ശരിയാകും. മനോരമയുമായി നല്ല ബന്ധമുള്ള പബ്ലിക് റിലേഷൻ സ്ഥാപനത്തിലെ ജീവനക്കാരന് ചേർന്നതാണോ പണിയെന്നായിരുന്നു ചോദ്യം.

ഇതോടെ കളി കാര്യമായി. മുതലാളി പറഞ്ഞതോടെ രാജേഷ് പോസ്റ്റ് പിൻവലിക്കുകയും എല്ലാ പത്രക്കാരോടും മാപ്പ് പറയുകയും ചെയ്തു. ജയൻ മേനോനെ നേരിട്ട് വിളിച്ചു ഇക്കാര്യം പറഞ്ഞതായും സൂചനയുണ്ട. എന്തായാലും പോസ്റ്റ് പിൻവലിക്കുന്നതിലെ വേദന പരോക്ഷമായി സൂചിപ്പിച്ച് തന്നെയാണഅ രാജേഷ് മാപ്പു പറയൽ പോസ്റ്റ് ഇത്തത്. അതിങ്ങനെ-മാന്യ സുഹൃത്തുക്കളെ, ഇന്നു രാവിലെ ഞാൻ ഫെയ്‌സ് ബുക്കിൽ ഒരു പോസ്റ്റിട്ടത് ചില ആളുകളെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു. അതൊരു സ്പൂഫാണെന്ന കാര്യം ആദ്യംതന്നെ വ്യക്തമാക്കിയിരുന്നതാണ്. പോരാത്തതിന് സംവാദത്തിലാണ് എല്ലാവർക്കും താൽപര്യമെന്ന് ഞാൻ ധരിക്കുകയും ചെയ്തു. സഹിഷ്ണുതയോടെയും സ്പോർട്സ്മാൻ സ്പിരിറ്റോടെയും അതിനെ എന്റെ സുഹൃത്തുക്കൾ സ്വീകരിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ, അത് ചിലരെ വേദനിപ്പിച്ചതായി എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. പബ്ലിക് റിലേഷൻസ് രംഗത്ത് ജോലി ചെയ്യുന്ന ഞാൻ പത്രപ്രവർത്തകരായ സഹപ്രവർത്തകരെ പിണക്കാൻ പാടില്ലെന്ന കാര്യം ഒരു നിമിഷത്തേക്ക് മറന്നുപോയി. ആയതിനാൽ ഞാൻ ആ പോസ്റ്റ് പിൻവലിക്കുകയും നിരുപാധികം മാപ്പു ചോദിക്കുകയും ചെയ്യുന്നു.

പോസ്റ്റ് പിൻവലിച്ചതോടെ സോഷ്യൽ മീഡിയയിൽ ചർച്ചയുടെ കനത്തു. ഏറ്റവും ജനാധിപത്യവിരുദ്ധവും സാംസ്‌കാരികവിരുദ്ധവുമായ വ്യവഹാരപരിസരമുള്ളത് നമ്മുടെ മാദ്ധ്യമലോകത്തിലാണ്. മനുഷ്യാവകാശങ്ങളെപ്പറ്റിയും അഭിപ്രായസ്വാതന്ത്ര്യത്തെപ്പറ്റിയുമൊക്കെ വാ തോരാതെ പ്രസംഗിക്കുകയും എഴുതുകയുമൊക്കെ ചെയ്യും, ഇന്നാട്ടിലെ മാദ്ധ്യമത്തൊഴിലാളികൾ. ആകാശത്തിനു മുകളിലും കീഴിലുമുള്ള സകല അനീതികളെപ്പറ്റിയും വികാരവിജൃംഭിതരാവും, കണ്ണീർവാർക്കും. എന്നാൽ, തങ്ങളുടെ നേരെ ചെറിയ വിമർശനമെങ്കിലും ഉയർത്തുന്ന കൂട്ടത്തിലൊരാൾക്കെതിരെ അടിയിൽക്കൂടിയും മേലെക്കൂടിയുമൊക്കെ ലവലേശം നാണമില്ലാതെ പാരപണിയും.-ഇങ്ങനെയുള്ള പ്രതികരണങ്ങളാണ് എത്തിയത്.

വാക്കും പ്രവർത്തിയും തമ്മിൽ പുലബന്ധമില്ലാത്ത വേറൊരു ജനുസ്സ് ഇന്നാട്ടിലുണ്ടോ എന്ന് സംശയമാണ്. നമ്മ്‌ല് കളിയാക്കുന്ന രാഷ്ട്രീയക്കാർ ഇക്കാര്യത്തിൽ എത്ര ഭേദമാണെന്നോ! പറഞ്ഞുവന്നത്, ഇന്ന് ടി സി രാജേഷ് എന്ന മാദ്ധ്യമസുഹൃത്തിനു നേരിടേണ്ടി വന്ന ആ 'അടീക്കൂടെയുള്ള പാരപണി' യെപ്പറ്റിത്തന്നെയാണ്. ചില കേന്ദ്രങ്ങളിൽനിന്നുള്ള വൻസമ്മർദ്ദം മൂലമാണത്രേ, താൻ മാദ്ധ്യമപ്രവർത്തകരെ വിമർശിച്ച് പ്രസിദ്ധീകരിച്ച ഒരു ഫേസ്‌ബുക് പോസ്റ്റ് പിൻവലിച്ച് മാപ്പുപറയേണ്ടി വന്നു, അദ്ദേഹത്തിന് വിയോജിക്കുന്നവരെ കൊന്നൊടുക്കുന്നതാണ് ഫാസിസമെങ്കിൽ, ഇതിന്റെ പേര് മറ്റെന്താണ്? കൽബുർഗിയെ അനുസ്മരിച്ച്, സാംസ്‌കാരിക ഫാസിസത്തിനെതിരെ നാളെ നാടൊട്ടുക്കും പ്രതിഷേധകൂട്ടായ്മകൾ സംഘടിപ്പിക്കുമ്പോൾ നമ്മുടെയൊക്കെ കണ്മുന്നിലെ ഈ സാംസ്‌കാരികഫാസിസത്തിനെതിരെയും ഒരു തിരി കൊളുത്തേണ്ടതല്ലേ..? ടി സി രാജേഷ് പിൻവലിച്ച ആ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് കമന്റിൽ...എന്ന് വ്യക്തമാക്കി രാജേഷിന്റെ പഴയ പോസ്റ്റ് വീണ്ടുമിട്ട് പ്രതിഷേധിച്ചവരുമുണ്ട്.

അതിനിടെ മറ്റൊരു സംശയവും ഉയരുന്നു. ജയന്മേനോനും എൻപിസി രംജിത്തും ജോജി സൈമണും തയ്യാറാക്കിയ പരമ്പരയുടെ പേരിലാ്ണ് സിപിഐ(എം) സൈബർ സേന വാർത്ത കടന്നുവന്നത്. എന്നാൽ സിപിഎമ്മിനെതിരായ ഈ വാർത്തയുമായി ഈ മൂന്ന് പേർക്കും പങ്കില്ലത്രേ. തിരുവനന്തപുരത്തെ മറ്റൊരു മനോരമ ലേഖകനാണ് ഈ വാർത്ത എഴുതിയതെന്നാണ് സൂചന. ഈ ലേഖകനെതിരെ നിരന്തരം സിപിഐ(എം) സൈബർ പോരാളികളുടെ ആക്രമണം ഉണ്ടായിരുന്നു. ഇതിലെ വേദന മാറ്റാൻ വാർത്ത എഴുതി മറ്റുള്ളവരുടെ തലയിൽ വച്ചെന്ന ആക്ഷേപവും ഉയരുന്നു. എന്നാൽ സിപിഎമ്മിന് മാത്രമല്ല സൈബർ ഇടപെടലുകൾക്ക് പ്രത്യേക സംവിധാനങ്ങളുള്ളത്. കോൺഗ്രസിനും ബിജെപിക്കും പോലും സോഷ്യൽ മീഡിയാ ചർച്ചകളെ സ്വാധീനിക്കാനും പ്രതിരോധിക്കാനും മഴുവൻ സമയ പ്രവർത്തകരുണ്ട്. അതെല്ലാം മറച്ചുവച്ച് സിപിഎമ്മിനെ പരിഹസിക്കുന്ന തരത്തിലേക്ക് വാർത്ത പോയതിൽ മനോരമയിലും അതൃപ്തിയുണ്ട്.

സൈബർ ലോകത്തെ തട്ടിപ്പുകളെയും മറ്റു കാര്യങ്ങളെ കുറിച്ചും മലയാള മനോരമ ദിനപത്രത്തിൽ എഴുതിവരുന്ന പരമ്പരയുടെ ഭാഗമായി പത്രം പ്രസിദ്ധീകരിച്ച വാർത്തയാണ് ഇപ്പോഴത്തെ വിവാദത്തിന്റെ അടിസ്ഥാനം. സിപിഎമ്മിനെ പ്രതിരോധിക്കാനായി ഫേസ്‌ബുക്കിൽ പോരാളികളുണ്ടെന്നും ഇവർക്ക് ഒത്തുചേരാനായി തിരുവനന്തപുരത്തെ എ കെ ജി സെന്ററിൽ ഇടമുണ്ടെന്നും പറഞ്ഞാണ് മനോരമയിലെ വാർത്ത. സിപിഐ(എം) സൈബർ പോരാളികളുടെ പ്രവർത്തി പലപ്പോഴും അതിരുകടക്കുന്നു എന്ന ആക്ഷേപം പാർട്ടിയിലെ നേതാക്കൾക്ക് തന്നെ ഉണ്ടെന്നും മനോരമ വാർത്തയിൽ പറയുന്നു. സ്വാഭാവിമായ നിലപാടിൽ മനോരമയുടെ സിപിഐ(എം) വിരുദ്ധ വാർത്തയായി പ്രസിദ്ധീകരിച്ചപ്പോൾ ഇതിനെ എതിർത്തുക്കൊണ്ടാണ് സിപിഐ(എം) അനുഭാവികൾ ഫേസ്‌ബുക്കിലൂടെ രംഗത്തെത്തി.

''സോഷ്യൽ മീഡിയയിൽ പാർട്ടിയെ പ്രതിരോധിക്കാനായി സിപിഎമ്മിന് കേരളത്തിൽ ഒരു സേന തന്നെയുണ്ട്. സൈബർ കമ്മ്യൂൺ. എകെജി സെന്ററിൽ തന്നെ കമ്മ്യൂൺകാരിലെ നേതാക്കൾക്ക് ഒത്തുചേരാനായി ഇടമുണ്ട്. സൈബർ പടയാളികൾ ഈയിടെ കൂട്ടത്തോടെ ഒരു മാദ്ധ്യമപ്രവർത്തകനെതിരെ രംഗത്തിറങ്ങിയപ്പോൾ 'പ്രതിരോധം' ഇങ്ങനെയല്ല എന്നു പറഞ്ഞു ഫേസ്‌ബുക്കിൽ തന്നെ തിരുത്താനായി കേന്ദ്രകമ്മിറ്റി അംഗത്തിന് ഇടപെടേണ്ടിവന്നു. പാർട്ടിയെ പ്രതിരോധിക്കുക എന്നാൽ ആരെയാണോ ഇരയായി കാണുന്നത് അവരെ ചീത്ത വിളിക്കുക, അവരുടെ കുടുംബാംഗങ്ങളെവരെ അധിക്ഷേപിക്കുക എന്ന തരത്തിലാണ് ചിലപ്പോഴെങ്കിലും സൈബർ കമ്മ്യൂണിന്റെ ഇടപെടൽ എന്ന വിമർശനം പാർട്ടിക്കാർക്കിടയിൽ തന്നെയുണ്ട്. വ്യാജപ്പേരുകളിലായി പാർട്ടിക്കുവേണ്ടി ഇടപെടുന്നവരും കമ്മ്യൂണിലുണ്ട്. നേതൃത്വം കൊടുക്കുന്നവർ തന്നെ മറ്റു പേരുകളിൽ പ്രൊഫൈലുകൾ സൃഷ്ടിക്കുന്നു. എന്നിട്ട് അവർ തന്നെ കമന്റും ലൈക്കും ഷെയറുമൊക്കെ ചെയ്ത് സംഭവം കൊഴുപ്പിക്കുന്നു. ഗൾഫ് നാടുകളിലുള്ള ചിലരും ഇതിൽ സജീവമാണ്. കേരളത്തിൽ പാർട്ടിക്കുവേണ്ടി ഒന്നും ചെയ്യാനാകാത്തതിന്റെ 'വിഷമം' ഇവർ ഇങ്ങനെ സോഷ്യൽമീഡിയയിൽ വിളയാടി തീർക്കുന്നു. ആക്ടിവിസ്റ്റായ ഒരു വനിതയും അടുത്തയിടെ അതിരൂക്ഷമായ സൈബർ അധിക്ഷേപത്തിന് ഇരയാകുകയുണ്ടായി. മറ്റു കക്ഷികളിൽ പെട്ടവർക്കും ഫേസ്‌ബുക്ക് സാന്നിധ്യമുണ്ടെങ്കിലും ഇതുപോലെ സംഘടിതമായ രൂപമില്ല.''-ഇതായിരുന്നു മനോരമാ വാർത്തയുടെ കാതലും.

എന്നാൽ ഈ പറയുന്നതിലും വലിയ ആക്രമണമാണ് സമാന സ്വഭാവത്തിൽ മാദ്ധ്യമ ലോകത്തെ സൈബർ സേനയെ ചുണ്ടിക്കാട്ടി രാജേഷ് ഇട്ട പോസ്റ്റിന് ഉണ്ടായതെന്നതാണ് വസ്തുത. മാദ്ധ്യമ പ്രവർത്തകർ ഇടപെട്ട് രാജേഷിനെ കൊണ്ട് മാപ്പും പറയിപ്പിച്ചു, പോസ്റ്റും പിൻവലിപ്പിച്ചു. എന്നാതാണ് വസ്തുത.

രാജ്ഷ് ആദ്യമിട്ട പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ

സോഷ്യൽ മീഡിയയിൽ മാദ്ധ്യമപ്രവർത്തകരെ പ്രതിരോധിക്കാനായി പ്രസ് ക്ലബ്ബിന് തിരുവനന്തപുരത്ത് ഒരു സേന തന്നെയുണ്ട്. പ്രസ് ക്ലബ്ബിൽ തന്നെ ഇവർക്ക് ഒത്തുചേരാനായി ഇടമുണ്ട് 'സൈബർ സങ്കേതം.' ഈ സൈബർ പടയാളികൾ ഈയിടെ കൂട്ടത്തോടെ ഒരു മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ രംഗത്തിറങ്ങിയപ്പോൾ 'പ്രതിരോധം' ഇങ്ങനെയല്ല എന്നു പറഞ്ഞു ഫേസ്‌ബുക്കിൽ തന്നെ തിരുത്താനായി മറ്റ്ചില പത്രപ്രവർത്തകർക്ക് ഇടപെടേണ്ടിവന്നു.

പത്രക്കാരെ പ്രതിരോധിക്കുക എന്നാൽ ആരാണോ വിമർശിക്കുന്നത് അവരെ ചീത്ത വിളിക്കുക, അവരുടെ കുടുംബാംഗങ്ങളെവരെ അധിക്ഷേപിക്കുക, അവർക്കെതിരെ പ്രകടനം നടത്തുക, സങ്കേതത്തിൽ കൂടിയിരുന്ന് അവരെപ്പറ്റി ചർച്ച ചെയ്യുക, ഏഷണി പറയുക, അവർക്കെതിരെ തന്ത്രങ്ങൾ മെനയുക എന്ന തരത്തിലാണ് ചിലപ്പോഴെങ്കിലും സൈബർ സങ്കേതത്തിന്റെ ഇടപെടൽ എന്ന വിമർശനം പത്രക്കാർക്കിടയിൽ തന്നെയുണ്ട്.

ഔദ്യോഗിക നാമം മറച്ചുവച്ച് പേരിന്റെ ഭാഗത്തിനൊപ്പം ജാതിപ്പേരുകൂടി ചേർത്ത് ബൈലൈനുകളാക്കി പത്രത്തിലൂടെ ഇടപെടുന്നവരും സങ്കേതത്തിലുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനം തന്നെ ഇവരുടെ വ്യാജബൈലൈനുകൾ സൃഷ്ടിക്കുന്നു. മേനോനും നായരുമെല്ലാം അതിൽ ഉൾപ്പെടും. എന്നിട്ട് അവർ തന്നെ കമന്റും ലൈക്കും ഷെയറുമൊക്കെ ചെയ്ത് സംഭവം കൊഴുപ്പിക്കുന്നു. പത്രപ്രവർത്തകരല്ലാത്ത ചിലരും ഇവിടെ സജീവമാണ്. പത്രത്തിൽ ജോലികിട്ടാത്തതിലുള്ള 'വിഷമം' ഇവർ ഇങ്ങനെ സോഷ്യൽമീഡിയയിലും സങ്കേതത്തിലും വിളയാടി തീർക്കുന്നു.

പുതുമോടിക്കാരിയായ ഒരു വനിതാ പത്രപ്രവർത്തക അടുത്തയിടെ അതിരൂക്ഷമായ സൈബർ അധിക്ഷേപത്തിന് ഇരയാകുകയുണ്ടായി. സൈബർ സങ്കേതത്തെപ്പറ്റി ഫെയ്‌സ് ബുക്കിൽ പോസ്റ്റിടുകയും തുടർന്ന് താൻ ജോലി ചെയ്തിരുന്ന പത്രത്തിൽ വാർത്തയെഴുതുകയും ചെയ്തതിനായിരുന്നു ഇത്. മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ മറച്ചുവച്ച് സങ്കേതത്തിൽ മദ്യപാനമാണെന്ന വ്യാജപ്രചാരണം നടത്തിയതിനായിരുന്നു അത്. ഒടുവിൽ ആക്രമണം സഹിക്കവയ്യാതെ അവർ പത്രപ്രവർത്തനം മതിയാക്കി രാജ്യം വിട്ടു. സങ്കേതത്തിൽ ഇതുവരെ അംഗമാകാൻ കഴിയാത്ത ഒരാൾ ഈ വനിതയുടെ പോസ്റ്റിൽ ലൈക്കിയതിന് അയാളുടെ കയ്യും കാലും തല്ലിയൊടിക്കുമെന്നാണ് സൈബർ സങ്കേതത്തിന്റെ തലവനായിരുന്ന മേനോൻ എന്ന ഒരു ഫെയ്ക് നാമധാരി ഭാഷണിപ്പെടുത്തിയത്. അതോടെ അയാൾ പ്രസ് ക്ലബ്ബിന്റെ സമീപത്തുകൂടിപോലും പോകാതായി. അത്രക്ക് ശക്തമാണ് സൈബർ സങ്കേതത്തിന്റെ പ്രവർത്തനം.

ഇടപെടലുകളെ തുടർന്ന് പോസ്റ്റ് പിൻവലിച്ച് മാപ്പ് രേഖപ്പെടുത്തിയ് ഇങ്ങനെ

മാന്യ സുഹൃത്തുക്കളെ,
ഇന്നു രാവിലെ ഞാൻ ഫെയ്‌സ് ബുക്കിൽ ഒരു പോസ്റ്റിട്ടത് ചില ആളുകളെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു. അതൊരു സ്പൂഫാണെന്ന കാര്യം ആദ്യംതന്നെ വ്യക്തമാക്കിയിരുന്നതാണ്. പോരാത്തതിന് സംവാദത്തിലാണ് എല്ലാവർക്കും താൽപര്യമെന്ന് ഞാൻ ധരിക്കുകയും ചെയ്തു. സഹിഷ്ണുതയോടെയും സ്പോർട്സ്മാൻ സ്പിരിറ്റോടെയും അതിനെ എന്റെ സുഹൃത്തുക്കൾ സ്വീകരിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ, അത് ചിലരെ വേദനിപ്പിച്ചതായി എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. പബ്ലിക് റിലേഷൻസ് രംഗത്ത് ജോലി ചെയ്യുന്ന ഞാൻ പത്രപ്രവർത്തകരായ സഹപ്രവർത്തകരെ പിണക്കാൻ പാടില്ലെന്ന കാര്യം ഒരു നിമിഷത്തേക്ക് മറന്നുപോയി. ആയതിനാൽ ഞാൻ ആ പോസ്റ്റ് പിൻവലിക്കുകയും നിരുപാധികം മാപ്പു ചോദിക്കുകയും ചെയ്യുന്നു.