പെരുമ്പാവൂർ: കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുലച്ച നിയമ വിദ്യാർത്ഥിനി ജിഷയുടെ കൊലപാതകവും മകളുടെ മരണത്തോടെ കണ്ണീരിലാഴ്ന്ന അമ്മ രാജേശ്വരിയുടെ ജീവിത ദുരിതവും നാടിന്റെ ഒന്നാകെ നൊമ്പരമായിരുന്നു. സർക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വൻ തുകയാണ് ധനസഹായമായി ജിഷയുടെ അമ്മ രാജേശ്വരിക്ക് പിന്നാലെ ലഭിച്ചത്.

എന്നാൽ ധനസഹായമായി ലഭിച്ച പണം ഒപ്പം നിന്ന ചിലർ തട്ടിയെടുത്തതോടെ ജീവിതം പ്രതിസന്ധിയിലായെന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് രാജേശ്വരി. മകളുടെ പേരിൽ ലഭിച്ച പണം മുഴുവൻ തന്റെ കൈയിൽ എത്തിയില്ലെന്നും ഇപ്പോഴത്തെ ദുരിത ജിവതത്തെക്കുറിച്ച് അന്വേഷിക്കാൻ ആരുമില്ലെന്നും എഴുന്നേറ്റ് നടക്കാൻ പോലും ആവതില്ലാത്ത അവസ്ഥയിലാണ് ജീവിതമെന്നും രാജേശ്വരി പറഞ്ഞു.

രാജേശ്വരി മറുനാടനോട് പറഞ്ഞത് ഇങ്ങനെ:

'നാട്ടുകാർ കരുതും പോലെ എന്റെ മോളുടെ പേരിൽ കിട്ടിയ പണം മുഴുവനും എന്റെ കൈയിൽ കിട്ടിയിട്ടില്ല. ബാങ്കിൽ നിന്നും കുറച്ചു പണം മാത്രമെ പിൻവലിച്ചിട്ടുള്ളു. പൊലീസ് കാവൽ ഉള്ളപ്പോഴാണ് ബാങ്കിൽ പോയി പണമെടുത്തിട്ടുള്ളത്. രാജേശ്വരിയമ്മയെ സർക്കാർ ഏറ്റെടുത്തെന്ന് മന്ത്രിമാർ പറയുന്നത് കേട്ടു. മകൾ കൊല്ലപ്പെട്ടിട്ട് ഏഴുവർഷം കഴിഞ്ഞു. എന്നിട്ട് അവരിൽ ഒരാൾ പോലും എന്റെ ഇപ്പോഴത്തെ അവസ്ഥ അന്വേഷിക്കാനോ അറിയാനോ തയ്യാറായിട്ടില്ല.

രണ്ടും മൂന്നും ദിവസം കൂടുമ്പോൾ പെരുമ്പാവൂർ വരെ നടന്നുപോയി പരിചയമുള്ള ഒന്നുരണ്ട് കടകളിൽ നിന്നും ഭക്ഷണം കടം പറഞ്ഞ് കഴിക്കും. പെൻഷൻ കിട്ടുമ്പോൾ കൊടുക്കാമെന്ന് പറഞ്ഞാണ് ആഹാരം പറ്റിൽ കഴിക്കുന്നത്. മകൾ ജോലിക്കാരിയാണെങ്കിലും അവൾക്കും ചെലവ് ഉണ്ടല്ലോ..അതുകൊണ്ട് എന്റെ കാര്യത്തിന് അവളെ ബുദ്ധിമുട്ടിക്കാറില്ല.

കൈയിൽ കിട്ടിയ പണം സൂക്ഷിച്ചും അത്യവശ്യങ്ങൾക്കും മാത്രമാണ് ചിലവഴിച്ചിട്ടുള്ളത്. കാറിൽ നാടുചുറ്റി പണം ധൂർത്തടിച്ചു എന്നൊക്കെ പലരും പറയുന്നുണ്ട്. മൂന്നോ നാലോ തവണ കാർ വിളിച്ചിട്ടുണ്ട്. ഒന്ന് പഴനി യാത്രയ്ക്കാണ്. ആശുപത്രിയിൽ പോകുന്നതിനുമാണ് പിന്നീട് കാറിൽ യാത്ര ചെയ്തിട്ടുള്ളത്. ബസ്സിറങ്ങി കുറച്ചുദൂരം നടന്നാലെ വീട്ടിലെത്താൻ കഴിയു. മിക്കപ്പോഴും ഓട്ടോ കിട്ടാറില്ല. ഇതുകൊണ്ടാണ്് കാർ വിളിച്ചുവരുത്തേണ്ടി വന്നത്.

രണ്ട് വട്ടം കൊറോണ വന്നു.ഇതിന്റെ അസ്വസ്ഥതകൾ ഇനിയും വിട്ടുമാറിയിട്ടില്ല. ദേഹമാകെ ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട്. ശരീരത്തിന് വല്ലാത്ത വേദനയും ഉണ്ട്. രാവിലെയും വൈകിട്ടും 30 മില്ലി വച്ച് ഇൻസുലിൻ എടുക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ എഴുന്നേറ്റ് നടക്കാൻ പോലും വയ്യാത്ത സ്ഥിതിയായി.

രണ്ടും മൂന്നും ദിവസം കൂടുമ്പോൾ, വിശപ്പുമൂലം തളർന്നുവീഴുമെന്ന അവസ്ഥ വരുമ്പോഴാണ് വേദന സഹിച്ചും പുറത്തിറങ്ങുന്നത്. വണ്ടിക്കൂലിക്ക് പണമില്ലാത്തതിനാൽ പെരുമ്പാവൂർ വരെ നടക്കും. മുമ്പൊക്കെ മക്കളെ വളർത്താനും പഠിപ്പിക്കാനുമൊക്കെ പള്ളികളുടെ മുമ്പിലൊക്കെ കൈനീട്ടേണ്ടി വന്നിട്ടുണ്ട്. ചികിത്സയ്ക്കും വിശപ്പകറ്റാനും മറ്റാവശ്യങ്ങൾക്കും ഇന്ന് മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടുകയല്ലാതെ മറ്റ് മാർഗ്ഗമില്ല. പണിയെടുത്ത് ജീവി്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ മറ്റാരുടെയും മുമ്പിൽ ഒരാവശ്യത്തിനും പോകില്ലായിരുന്നു.

സിനിമ പിടിക്കാമെന്ന് പറഞ്ഞ് ചിലർ വന്നിരുന്നു. ജിഷയുടെ യഥാർത്ഥ കൊലപാതകിയെ പുറത്തുകൊണ്ടുവരാൻ സിനിമ കൊണ്ട് കഴിയുമെന്നാണ് അവർ വിശ്വസിപ്പിച്ചത്. മകളെ നഷ്ടപ്പെട്ട ഒരു അമ്മയാണ് ഞാൻ...അവരുടെ വാക്കുകളിൽ വീണുപോയി. മകൾ മരിച്ചപ്പോൾ ഒരു പാട് രാഷ്ടീയക്കാർ വന്നു. അവരെല്ലാം അവരുടെ കാര്യം നടത്തിപ്പോയി.

സർക്കാർ 5000 രൂപ പെൻഷൻ നൽകുന്നുണ്ട്. രണ്ടും മൂന്നും മാസങ്ങൾ കൂടുമ്പോഴാണ് അത് കിട്ടുന്നത്. ഇതുകിട്ടുമ്പോഴാണ് ഭക്ഷണം കഴിക്കുന്നതിന്റെ ഉൾപ്പെടെയുള്ള കടങ്ങൾ തീർക്കുന്നത്, രാജേശ്വരി പറഞ്ഞു.

ജിഷയുടെ മരണത്തെ തുടർന്നുള്ള സഹതാപ തരംഗത്തിൽ പൊതുജനങ്ങളിൽ നിന്നും കിട്ടിയ 40 ലക്ഷത്തോളം രൂപ ഇതിനകം ചില്ലിക്കാശ് അവശേഷിക്കാത്ത വിധം തീർന്നെന്നാണ് രാജേശ്വരിയുടെ വാക്കുകളിൽ നിന്നും വ്യക്തമാവുന്നത്. ബാങ്കിലെത്തിയ പണം മുഴുവനായും താൻ കൈപ്പറ്റിയിട്ടില്ലെന്ന് മുമ്പും രാജേശ്വരി മാധ്യമങ്ങൾക്ക് മുമ്പാകെ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത കാലത്ത് ഹോംനേഴ്സായി ജോലിയെടുത്താണ് താൻ കഴിയുന്നതെന്നും ഇവർ പറഞ്ഞിരുന്നു.

രാജേശ്വരിക്കായി സ്വരൂപിച്ച മുഴുവൻ തുകയും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയെന്നും പ്രതിമാസം അയ്യായിരം രൂപ വീതം പെൻഷൻ നൽകുന്നുണ്ടെന്നും എറണാകുളം ജില്ല ഭരണകൂടം വിശദദമാക്കുകയും ചെയ്തിട്ടുണ്ട്. പുറംമ്പോക്കിലെ വീട്ടിലെ അരക്ഷിതാവസ്ഥയിൽ ജിഷ ക്രൂരമായി കൊലപ്പെട്ടിട്ട് ഏഴ് വർഷം കഴിയുന്നു. ജിഷ കൊല്ലപ്പെട്ടതിന് പിന്നാലെ കുടംബത്തിന്റെ ദുസ്ഥിതി മനസ്സിലാക്കി സുമനസുകൾ സാമ്പത്തിക സഹായം എത്തിച്ചിരുന്നു.

പൊതുജനങ്ങളിൽ നിന്ന് ലഭിച്ച തുക കൊണ്ട് രാജേശ്വരിക്ക് സർക്കാർ പുതിയ വീട് നിർമ്മിച്ച് നൽകി. 2016 മെയ് മുതൽ 2019 സെപ്റ്റംബർ വരെ രാജേശ്വരിയുടെയും എറണാകുളം ജില്ല കളക്ടറുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലെത്തിയത് 40,31,359 രൂപ എത്തിയിരുന്നു.
ഇതിൽ പുതിയ വീട് പണിയുന്നതിന് 11.5 ലക്ഷത്തിലധികം രൂപ ചെലവായി. ബാക്കി മുഴുവൻ തുകയും രാജേശ്വരിയുടെ ആവശ്യപ്രകാരം അവരുടെ സ്വന്തം അക്കൗണ്ടിലേക്ക് ജില്ല ഭരണകൂടം മാറ്റി. മകളുടെ മരണമുണ്ടാക്കിയ കടുത്ത ശാരീരിക മാനസിക അവസ്ഥകൾ രാജേശ്വരിയെ നിത്യരോഗിയാക്കി. ചികിത്സക്കായി വലിയ തുക ചെലവായി. ഇതിനിടെ കൂടെകൂടിയ പലരും രാജേശ്വരിയെ പറഞ്ഞ് പറ്റിച്ച് കുറെ പണം കൈകലാക്കിയെന്ന പ്രചാരണവും വ്യാപകമായിരുന്നു.

ജിഷ കൊലക്കേസിൽ പ്രതി അമിറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചതിന് പിന്നാലെ രാജേശ്വരിക്ക് സർക്കാർ നൽകിയ പൊലീസ് സംരക്ഷണവും സർക്കാർ പിൻവലിച്ചിരുന്നു. ജിഷയുടെ മരണത്തെ തുടർന്ന് സർക്കാർ ജോലി കിട്ടിയ സഹോദരി ദീപയ്‌ക്കൊപ്പമാണ് രാജേശ്വരിയുടെ താമസം. സീരിയൽ പിടിക്കാനായി ഷംസീർ എന്ന ആളും റാഫി എന്ന ആളും തന്നോട് 6 ലക്ഷത്തോളം രൂപ വാങ്ങി എന്നും, ഇത് ഇവർ തിരിച്ചു തന്നില്ലെന്നും ഇവർ പറഞ്ഞിരുന്നു.

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയ്ക്കായി ഒരുപാട് പണം രാജേശ്വരിക്ക് ചെലവാക്കേണ്ടിവന്നു. അതിനിടെ കൂടെ കൂടിയ പലരും തന്നെ പറഞ്ഞ് പറ്റിച്ച് പണം കൈക്കലാക്കിയെന്നുമാണ് രാജേശ്വരി പറയുന്നത്. അതെ സമയം കേരള സാരിയും അതിനുചേരുന്ന ചുവന്ന ബ്ലൗസും ധരിച്ച്, ചിരിച്ചുനിൽക്കുന്ന രാജേശ്വരിയുടെ ചിത്രങ്ങൾ വാട്‌സാപ്, ഫേസ്‌ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ പ്രചരിച്ചിരുന്നു. മകളുടെ ദാരുണമായ കൊലപാതകത്തെത്തുടർന്ന് ലഭിച്ച സാമ്പത്തിക സഹായം വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും വേണ്ടി ധൂർത്തടിച്ച് രാജേശ്വരി ആഡംബര ജീവിതം നയിക്കുന്നു എന്ന പേരിലായിരുന്നു ചിത്രങ്ങൾ പ്രചരിച്ചത്.

ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നതിനൊപ്പം നേരിട്ടും അധിക്ഷേപങ്ങൾക്ക് രാജേശ്വരി ഇരയായി. എന്നാൽ അന്ന് പ്രമേഹം മൂർച്ഛിച്ച് കൊച്ചി കളമശ്ശേരി മെഡിക്കൽ കോളെജിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന രാജേശ്വരി ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ജീവിതത്തിൽ ഇന്നുവരെ ഞാൻ ഒരു ബ്യൂട്ടി പാർലർ സന്ദർശിച്ചിട്ടില്ലന്നും ഒരുങ്ങി നടക്കുന്നതിനെക്കുറിച്ചോ പുതിയ വസ്ത്രങ്ങൾ ധരിക്കുന്നതിനെക്കുറിച്ചോ ചിന്തിക്കാവുന്ന മാനസികാവസ്ഥയിലുമല്ല താനെന്നുമായിരുന്നു അന്ന് രാജേശ്വരി പ്രതികരിച്ചത്.

സമൂഹമാധ്യമങ്ങളിൽ മാത്രമല്ല പൊതുസ്ഥലത്തും തന്നെ ആക്ഷേപിക്കാനും ആക്രമിക്കാനും ശ്രമങ്ങളുണ്ടാകുന്നുണ്ടെന്നും രാജേശ്വരി വെളിപ്പെടുത്തിയിരുന്നു. ഒരു ദിവസം ബാങ്കിൽ താൻ കമ്മലുകൾ പണയം വച്ചു പുറത്തേക്കിറങ്ങുമ്പോൾ ഒരാൾ തന്റെ ചിത്രങ്ങളെടുക്കുകയും ധരിച്ചിരുന്ന സാരി വാങ്ങിക്കാൻ എവിടുന്നാണ് പണം കിട്ടിയതെന്നും ഒക്കെ ചോദിച്ച് അധിക്ഷേപിച്ചതായും ഇവർ മാധ്യമങ്ങളെ അറയിച്ചിരുന്നു.പതിവുവേഷമായ സെറ്റും മുണ്ടും അല്ലാതെ വേറൊരു വേഷം ധരിക്കുമ്പോഴോ മാല ഇടുമ്പോഴോ ഒക്കം താൻ ഇത്തരത്തിൽ അധിക്ഷേപം നേരിട്ടെനന്നും ജനങ്ങളുടെ നികുതിപ്പണം ഞാൻ ധൂർത്തടിക്കുകയാണെന്ന് പറഞ്ഞാണ് പലരും അധിക്ഷേപങ്ങൾക്ക് മുതിർന്നിരുന്നതെന്നും രാജേശ്വരി വെളിപ്പെടുത്തി.