ചെന്നൈ: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചർച്ച സജീവമാക്കി സ്റ്റൈൽ മന്നൻ രജനീകാന്ത്. എല്ലാം പറയാനായി തന്റെ പിറന്നാൾ ദിനം വരെ കാത്തിരിക്കാനാണ് അദ്ദേഹം പറയുന്നത്. ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ രാഷ്ട്രീയത്തിലേക്കിറങ്ങേണ്ട അത്യാവശ്യം ഉണ്ടെന്നു തോന്നുന്നില്ല. അദ്ദേഹം പറഞ്ഞു. ഡിസംബർ 12ന് നടക്കുന്ന പിറന്നാൾ ആഘോഷങ്ങൾക്കുശേഷം ആരാധകരെ കാണുമെന്നും രജനി പറഞ്ഞു. ആന്ധ്രപ്രദേശിലെ ശ്രീ രാഘവേന്ദ്ര സ്വാമി മഠത്തിലെ സന്ദർശനത്തിനുശേഷം തിരിച്ചെത്തിയതായിരുന്നു അദേഹം.

അടുത്തിടെയായി, പല പരിപാടികളിൽ പങ്കെടുക്കുമ്പോൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന്റെ സൂചനകൾ അദ്ദേഹം നൽകിയിരുന്നു. അടുത്ത കാലത്ത് ആരാധകരെ അഭിസംബോധന ചെയ്തപ്പോൾ 'യുദ്ധത്തിനായി ഒരുങ്ങിയിരിക്കാൻ' ആഹ്വാനം ചെയ്യുന്നതിനൊപ്പം 'സംവിധാനം ചീഞ്ഞ് അളിഞ്ഞിരിക്കുന്നു'വെന്നു പറഞ്ഞതും രാഷ്ട്രീയ പ്രവേശനത്തിനു മുന്നൊരുക്കമായി വിലയിരുത്തപ്പെട്ടിരുന്നു.

അതിനിടെ, കമൽ ഹാസൻ രാഷ്ട്രീയത്തിലിറങ്ങുമെന്നും ഉടൻതന്നെ പാർട്ടി പ്രഖ്യാപിക്കുമെന്നും പറഞ്ഞ് ഒരു പടികൂടി മുന്നോട്ടുപോയിട്ടുണ്ട്. രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങുകയാണെങ്കിൽ അദ്ദേഹവുമൊത്ത് പ്രവർത്തിക്കാൻ തയാറാണെന്നും കമൽ വ്യക്തമാക്കിയിട്ടുണ്ട്.