ചെന്നൈ: കൃഷി നഷ്ടത്തിലായതോടെ സമരത്തിനിറങ്ങിയ കർഷകർക്ക് ഒരു കോടി രൂപയുടെ ധനസഹായം വാഗ്ദാനം ചെയ്ത് സ്റ്റൈൽ മന്നൻ രജനികാന്ത്. സമരം ചെയ്യുന്ന കർഷകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു രജനികാന്തിന്റെ പ്രഖ്യാപനം.

സമരമുഖത്തുള്ള കർഷകരുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്തിയ സൂപ്പർതാരം, അവരുടെ സങ്കടങ്ങൾ കേൾക്കുകയും സാമ്പത്തിക സഹായം ഉറപ്പുനൽകുകയുമായിരുന്നു. ഡിസംബറിലെ ജന്മദിനാഘോഷത്തിൽ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച നിർണായക പ്രഖ്യാപനം താരം നടത്തുമെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നതിനിടെയാണ്, തമിഴ്‌നാട് രാഷ്ട്രീയത്തെ ഇളക്കിമറിക്കുന്ന കർഷകസമരത്തോട് അനുഭാവം പ്രകടിപ്പിച്ച് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

ഡിസംബർ 12ന് ആണു രജനിയുടെ ജന്മദിനം. അന്ന് അദ്ദേഹം തന്റെ രാഷ്ട്രീയപ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഓഗസ്റ്റിൽ ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇതു സംബന്ധിച്ച അന്തിമ ചർച്ചകൾ നടത്തും. കഴിഞ്ഞ മാസം അഞ്ചുദിനം നീണ്ട ആരാധക സമ്പർക്ക പരിപാടിക്കിടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചനകൾ നൽകിയിരുന്നു. യുദ്ധം വരുമ്പോൾ വിളിക്കുമെന്നും അപ്പോൾ കാണണമെന്നുമായിരുന്നു ആഹ്വാനം.

രജനിയുടെ രാഷ്ട്രീയ പ്രവേശനം നേരത്തേയും ചർച്ചയായിരുന്നെങ്കിലും ഇത്തവണ താരം രണ്ടും കൽപ്പിച്ചു തന്നെയാണെന്നു സുഹൃത്തുക്കൾ സൂചിപ്പിക്കുന്നു. അടുപ്പമുള്ളവരോടെല്ലാം രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് രജനി ചർച്ച നടത്തിക്കഴിഞ്ഞു. അനുയോജ്യമായ സമയം ഇതാണെന്ന പൊതുധാരണയാണു ചർച്ചകളിൽ ഉരുത്തിരിഞ്ഞത്.

ജയലളിതയുടെ മരണത്തിനു ശേഷം അണ്ണാ ഡിഎംകെയിൽ ഉടലെടുത്ത പ്രതിസന്ധി പുതിയൊരു രാഷ്ട്രീയ ശക്തിക്കു വളരാനുള്ള സാഹചര്യമൊരുക്കിയിട്ടുണ്ട്. ഈ സാഹചര്യം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയുക രജനിയെപ്പോലൊരു സൂപ്പർ താരത്തിനായിരിക്കുമെന്ന വികാരമാണ് അദ്ദേഹത്തിനൊപ്പമുള്ളവർ പങ്കുവയ്ക്കുന്നത്. ഏതായാലും രജനികാന്തിന്റെ ഓരോ ചലനവും തമിഴ് പാർട്ടികളും ബിജെപി, കോൺഗ്രസ് ഉൾപ്പെടെയുള്ള ദേശീയകക്ഷികളും ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.