സ്റ്റൈൽമന്നന്റെ എക്കാലത്തെയും മാസ് ഹിറ്റുകളിലൊന്നായ 1995 ചിത്രം 'ബാഷ' വീണ്ടും തീയേറ്ററിൽ കാണാൻ അവസരം ആരാധകർക്കായി ഒരുങ്ങുന്നു. കണ്ടവർക്ക് വീണ്ടും കാണാനും 'മാണിക് ബാഷ'യെ ടെലിവിഷനിലും ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിലും മാത്രം കണ്ടിട്ടുള്ള യുവ തലമുറയ്ക്ക് ബിഗ് സ്‌ക്രീനിലും കാണാനുള്ള അവസരവുമാണ് ഇതോടെ കൈവന്നിരിക്കുന്നത്.

സുരേഷ് കൃഷ്ണ ഒരുക്കിയ ചിത്രം ഡിജിറ്റൽ രൂപത്തിൽ യന്തിരൻ2 വിന് മുൻപ് ചിത്രം റിലീസ് ചെയ്തേക്കും. സത്യാ മൂവീസിന്റെ ബാനറിൽ ആർ.എം വീരപ്പനാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത മാസം ബാഷയുടെ ഡിജിറ്റൽ ട്രെയിലർ പുറത്തിറങ്ങും.

രജനിയുടെ പിറന്നാൾ ദിനമായ ഡിസംബർ 12നാവും ചിത്രം തീയേറ്ററുകളിലെത്തുക എന്നും അനൗദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 'കബാലി'ക്ക് ശേഷം രജനിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഷങ്കറിന്റെ '2.0' ആണ്. അതിന് ഇനിയും കാത്തിരിപ്പ് ഏറുമെന്നതിനാൽ അതിനിടെ 'ബാഷ' വീണ്ടും വന്നാൽ ആരാധകർക്ക് ആഘോഷിക്കാനുള്ള ഒരു അവസരമാവും അത്.