സ്‌റ്റൈൽ മന്നൻ രജനീകാന്തിന്റെ പുതിയ ചിത്രം ലിംഗ കഥ മോഷണ ആരോപണത്തിന് പിന്നാലെ മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. ചിത്രത്തിന്റെ പുതിയ ട്രെയിലർ പുറത്തിറങ്ങിയതോടൊണ് പുതിയ വിവാദത്തിനും വഴിതെളിഞ്ഞത്. ലിംഗ പുറത്തിറക്കുന്ന റോക്ക്‌ലൈൻ പ്രൊഡക്ഷൻ കമ്പനിയുടെ ലോഗോയിൽ കാണുന്ന വെങ്കിടേശ്വര ഭഗവാന്റെ മുഖത്തിന് രജനിയുടെ മുഖവുമായി സാദൃശ്യം കാണുന്നുവെന്നതാണ് വാദം. സംഭവം യാദൃശ്ചികമായി സംഭങവിച്ചതാണ് മനഃപൂർവ്വമാണോയെന്നത് വ്യക്തമല്ല.

മുമ്പ് രജനി തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഭഗവാൻ പോലും വോട്ടു ചെയ്യും എന്നു പറയുന്ന പോസ്റ്റർ ഉയർത്തിയ വിവാദം പോലെ ഇതും മതസംഘടനകൾ ഏറ്റെടുത്ത് വിവാദമാക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.രജനി വോട്ടു ചെയ്യുമ്പോൾ ഗണപതിയും മഹാവിഷ്ണുവും അടക്കമുള്ള ഈശ്വരന്മാർ ക്യൂ നിൽക്കുന്നതാണ് വിവാദമായ പോസ്റ്റർ. താരത്തിന്റെ പിറന്നാളിന് ഫാൻസായിരുന്നു പോസ്റ്റർ പുറത്തിറക്കിയത്.

2013 ൽ പറത്തിറങ്ങിയ ഒരു സിനിമയുടെ കഥയുമായി ലിംഗായുടെ കഥയ്ക്ക് സാമ്യമുണ്ട് എന്ന ആരോപണവും നിലനിൽക്കെയാണ് പുതിയ വിവാദവും ഇടം നേടിയിരിക്കുന്നത്. മുല്ലൈ വാനം 999' എന്ന പേരിൽ താൻ രചിച്ച തിരക്കഥ മോഷ്ടിച്ചാണ് ലിങ്ക ഒരുക്കിയതെന്ന് കാണിച്ച് കെ ആർ രവി രത്തിനമാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.രജനീകാന്തിനും രവികുമാറിനും പുറമേ ചിത്രത്തിന്റെ നിർമ്മാതാവ് റോക്ക്‌ലൈൻ വെങ്കടേഷ്, തിരക്കഥാകൃത്ത് ബി പൊൻകുമാർ തുടങ്ങിയവർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

രജനീകാന്ത് നായകനാകുന്ന ലിങ്കയിൽ അനുഷ്‌ക ഷെട്ടിയും സൊനാക്ഷി സിൻഹയുമാണ് നായികമാർ. എ ആർ റഹ്മാനാണ് സംഗീതം. ഇറോസ് ഇന്റർനാഷണൽ വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ റിലീസ് രജനിയുടെ ജന്മദിനമായ ഡിസംബർ 12നാണ് നിശ്ചയിച്ചിരിക്കുന്നത്.