ചെന്നൈ: വൈകിയാലും കൃത്യമായിവരും, വന്നാൽ വിജയിച്ചിരിക്കുമെന്നും സൂപ്പർ സ്റ്റാർ രജനീകാന്ത്. രാഷ്ട്രീയപ്പാർട്ടി രൂപവത്കരണം വൈകുന്നത് സംബന്ധിച്ച പരോക്ഷസൂചനയുമായിട്ടാണ് ഇതിനെ വ്യഖ്യാനിക്കപ്പെടുന്നത്. സിനിമാസ്‌റ്റൈലിൽ പറഞ്ഞ ഡൈലോഗിന് നിറഞ്ഞ സദസ്സിന്റെ വൻ കരഘോഷമായിരുന്നു.

പുതിയ ചിത്രമായ 2.0-യുടെ ട്രെയിലർ പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു രജനിയുടെ പ്രഖ്യാപനം. നീണ്ട കരഘോഷത്തോടെ ഇത് സദസ്സ് വരവേറ്റതോടെ സിനിമയെക്കുറിച്ചാണെന്ന് പറഞ്ഞൊഴിഞ്ഞു. രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച് ഒരു വർഷത്തിലേറെയായിട്ടും പാർട്ടിരൂപവത്കരണം വൈകുന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് സിനിമയെക്കുറിച്ചാണെന്ന പേരിലുള്ള രജനിയുടെ പ്രതികരണം.

മുമ്പ് രാഷ്ട്രീയപ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിച്ചപ്പോഴും നേരിട്ട് മറുപടിനൽകാതെ പലവിധത്തിൽ വ്യാഖ്യാനിക്കാവുന്നതരത്തിൽ പ്രതികരിക്കുകയായിരുന്നു രജനിയുടെ പതിവ്. കഴിഞ്ഞ വർഷം ഡിസംബറിലാണ് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചത്. സ്വന്തമായി പാർട്ടി രൂപവത്കരിച്ച് രംഗത്തിറങ്ങുമെന്നാണ് അറിയിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് എപ്പോൾ നടന്നാലും മത്സരിക്കുമെന്നും വ്യക്തമാക്കി.

ആരാധകസംഘടനയെ പാർട്ടിയാക്കിമാറ്റാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല. പാർട്ടി രൂപവത്കരണത്തിന്റെ 90 ശതമാനവും പൂർത്തിയാക്കിയെന്ന് കഴിഞ്ഞയിടയ്ക്ക് അറിയിച്ചിരുന്നു.രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചതിനുശേഷം പുറത്തിറങ്ങുന്ന രജനിയുടെ രണ്ടാമത്തെ ചിത്രമാണ് ശങ്കർ സംവിധാനം ചെയ്യുന്ന 2.0. ആദ്യ ചിത്രം കാലയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു.