റിലീസിന് മുൻപേ യന്തരിരൻ 2.0 തൂത്തു വാരിയത് മുടക്കുമുതലിന്റെ പകുതിയിലേറെ തുക. ഇതോടെ പ്രീ റിലീസ് ബിസിനസിൽ ബാഹുബലി 2 നിലനിർത്തിയിരുന്ന റെക്കോർഡാണ് രജനീകാന്തിന്റെ 2.0 മലർത്തിയടിച്ചത്. ആകെ 543 കോടി രൂപ മുതൽ മുടക്കിലാണ് ചിത്രം നിർമ്മിക്കുന്നത്. എന്നാൽ റിലീസിന് ആഴ്‌ച്ചകൾ മാത്രം ബാക്കി നിൽക്കേ 490 കോടി രൂപയാണ് ചിത്രം വാരിയത്. ദേശീയ മാധ്യമങ്ങളാണ് 2.0യുടെ റെക്കോർഡിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്. സിനിമയ്ക്ക് ലഭിച്ച ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങളുടെ തുക തന്നെ ഞെട്ടിക്കുന്നതാണ്. 120 കോടിയാണ് സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങിലൂടെ ലഭിച്ചതെന്ന് ട്രേഡ് അനലിസ്റ്റായ രാമേഷ് ബാല സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. 

തെലങ്കാന-ആന്ധ്രാ പ്രദേശ്, കേരളം, കർണാടക, വടക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ വിതരണാവകാശം വിറ്റെങ്കിലും, തമിഴ്‌നാട്ടിലെയും, വിദേശത്തെയും വിതരണാവകാശം നിർമ്മാതാക്കളായ ലൈക്ക നിലനിർത്തിയിരിക്കുകയാണ്. ഈ പ്രദേശങ്ങളിലെ ഉയർന്ന വാണിജ്യമൂല്യം കണക്കിലെടുത്താണിതെന്നും റിപ്പോർട്ടുകളുണ്ട്. രണ്ട് മണിക്കൂർ 29 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിനു യു/എ സർട്ടിഫിക്കറ്റ് ആണന്നാണ് വിവരം. സാറ്റ് ലൈറ്റ് -ഡിജിറ്റൽ അവകാശമായി 180 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. വടക്കേ ഇന്ത്യയിലേയും ആന്ധ്ര, തെലങ്കാന, കർണാടക എന്നിവിടങ്ങളിലേയും വിതരമാവകാശത്തിൽ നിന്നും 175 കോടിയാണ് ലഭിച്ചത്.

കേരളത്തിൽ നിന്നും 15 കോടിയുടെ വിതരണാവകാശം കൂടി ലഭിച്ചതോടെ 370 കോടിയാണ് ചിത്രത്തിന് ഈ വകയിൽ ലഭിച്ചിരിക്കുന്നത്. മാത്രമല്ല അഡ്വാൻസ് ബുക്കിങ്ങായി ലഭിച്ച തുക കൂടിചേർത്താൽ 490 കോടി കളക്ഷനോടെ ചിത്രം പ്രീ റിലീസ് ബിസിനസിൽ ചുപു ചരിത്രം രചിച്ചിരിക്കുകയാണ്. തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്.

അന്താരാഷ്ട്ര തലത്തിൽ 10000 സ്‌ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഏറ്റവും കൂടുതൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോർഡാകും 2.0 സ്വന്തമാക്കുക. ലോകത്തൊട്ടാകെയുള്ള മൂവായിരത്തോളം വരുന്ന സാങ്കേതിക വിദഗ്ദ്ധർ സിനിമയുടെ ഭാഗമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഹോളിവുഡ് സിനിമകളുടെ നിലവാരത്തോട് 2.0 കിടപിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇന്ത്യയിലെ ആദ്യത്തെ 75 മില്യൻ ഡോളർ വിഎഫ്എക്‌സ് വണ്ടർ എന്നാണ് ഹോളിവുഡിലെ വൈറൈറ്റി മാസിക ചിത്രത്തെ വിശേഷിപ്പിച്ചത്. രാജമൗലിയുടെ ബാഹുബലി രണ്ടുഭാഗങ്ങളുടെ മുതൽമുടക്ക് നോക്കിയാലും 2.0യുടെ ഒപ്പമെത്തില്ല. എന്തിന് ഹോളിവുഡിലെ വമ്പൻ സിനിമകൾ പോലും ബജറ്റിന്റെ കാര്യത്തിൽ ഈ ശങ്കർ ചിത്രത്തിനൊപ്പം എത്തിയിട്ടില്ല.