കൊച്ചി: ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത അനുരാഗക്കരിക്കിൻവെള്ളം എന്ന ഒറ്റ ചിത്രത്തിലെ അഭിനയത്തിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് രജീഷ വിജയൻ. ചിത്രത്തിലെ എലിസബത്തിനെ വെള്ളിത്തിരയിൽ ഫലപ്രദമായി അവതരിപ്പിച്ച രജീഷയുടെ സിനിമാ പ്രവേശനം തികച്ചും അപ്രതീക്ഷിതമായിരുന്നു. അവാർഡ് ലഭിച്ചതുപോലും ഒരു സ്വപ്‌നമായിട്ടാണ് രജീഷ പ്രതികരിച്ചത്.

ഒരു സ്വപ്ന ലോകത്താണ് താനിപ്പോൾ ഉള്ളതെന്നും സംസ്ഥാന ചലച്ചിത്ര അവാർഡിലേയ്ക്ക് താൻ നോമിനേറ്റഡാണ് എന്നുപോലും അറിഞ്ഞത് അവാർഡ് പ്രഖ്യാപന ദിവസമാണെന്ന് രജീഷ പറയുന്നു.

മലയാള ടെലിവിഷൻ മേഖലയിലെ അറിയപ്പെടുന്ന അവതാരകയായ രജീഷ വിജയൻ കുടുംബസദസുകൾക്ക് സുപരിചിതയാണ്. ജേർണലിസത്തിൽ പ്രിന്റ് മീഡിയയിലെയും ടെലിവിഷൻ ശാഖയിലെയും മായാത്ത അനുഭവജ്ഞാനവുമായാണ് നായികയായി രജീഷ സിനിമയിലെത്തിയിരിക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിൽ അച്ഛനായ ബിജുമേനോനെയും മകനാണ് ആസിഫ് അലിയെയും വട്ടം കറക്കുന്ന രജീഷാ വിജയന്റെ പെർഫോമൻസ് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

അനുരാഗകരിക്കിൻ വെള്ളത്തിലെ എലിസബത്ത് അല്പം നെഗറ്റീവ് ടച്ചുള്ളു കഥാപാത്രമാണെങ്കിലും കഥകേട്ട് ഇഷ്ടമായി അഭിനയിക്കുകയായിരുന്നുവെന്ന് രജീഷ മുമ്പ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. കഥയുടെ സ്റ്റോറിലൈൻ പറഞ്ഞുതന്നപ്പോൾ തന്നെ ഇഷ്ടമായി. വ്യത്യസ്ത കഥയാണെന്ന് തോന്നി. അങ്ങനെയാണ് എലിസബത്ത് എന്ന കഥാപാത്രമായത്. അല്പം നെഗറ്റീസ് ടച്ചുള്ള കഥാപാത്രമാണെന്ന് സൂചിപ്പിച്ചപ്പോൾ സന്തോഷം തോന്നി. കുട്ടിത്തം മാറാത്ത ഒരു പെൺകുട്ടിയുടെ പൊട്ടത്തരങ്ങൾ പോലെയാണ് കഥാപാത്രത്തെ സമീപിച്ചത്.

അനുരാഗ കരിക്കിൻ വെള്ളം തീയേറ്ററിൽ കണ്ടപ്പോൾ കഥാപാത്രത്തെ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നും രജീഷ പറഞ്ഞു. വളരെയധികം സന്തോഷമുണ്ടായിരുന്നു. കുറച്ചുകൂടി നന്നാക്കാമെന്ന് തോന്നി. ഒരതരം ആങ്സൈറ്റിയോടെയാണ് ചിത്രം കാണാനിരുന്നത്. സിനിമ കഴിഞ്ഞ് ആരും ഒന്നും പറഞ്ഞില്ല. എന്നാൽ 'പോയ് മറഞ്ഞു...' എന്ന ഗാനത്തിൽ എലി ബിയർ അടിച്ച് അടിതെറ്റി നിൽക്കുന്ന സീൻ വന്നപ്പോൾ എല്ലാവർക്കും കൗതുകമായിരുന്നു. നായകന്മാർ കള്ളുകുടിച്ച് പൂസാകുന്നിടത്താണ് ഒരു പെൺകുട്ടി ബിയറടിക്കുന്നത്. ചാനലുകൾക്കുവേണ്ടി ഒരുപാട് സിനിമാ താരങ്ങളെ ഇന്റർവ്യൂ ചെയ്തിട്ടുള്ള തനിക്ക് ആദ്യചിത്രത്തിലെ അഭിനയം വലിയ ടെൻഷൻ ഉണ്ടാക്കിയില്ലെന്നും നടി കൂട്ടിച്ചേർത്തു.