കേരളത്തിൽ 'വസന്തത്തിന്റെ ഇടിമുഴക്കവുമായി' വന്ന നക്സൽ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചപ്പോൾ ഏറ്റവും ശ്രദ്ധേയമായ പേരുകളിലൊന്നായി തോന്നിയിരുന്നത് വെള്ളത്തൂവൽ സ്റ്റീഫനാണ്. ജയിൽ മോചിതനായതിന് ശേഷം പൂർണമായും നക്സൽ ധാരകളിൽ നിന്നും വിട്ടു പോയ സ്റ്റീഫൻ നമുക്കിടയിൽ ജീവിച്ചിരിപ്പുണ്ടായിരുന്നു. പൊലീസ് ലോക്കപ്പുകളിലും, ക്യാമ്പിലും അതികഠിനമായ പൊലീസ് മർദ്ദനം സ്റ്റീഫനു അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സംഭവ ബഹുലമായ തന്റെ ജീവിതം സഫാരി ടി വി യുടെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിൽ സ്റ്റീഫൻ പങ്കു വെക്കുന്നു.

എപ്പിസോഡുകളിലൊന്നിൽ, ജയിലിൽ കഴിയുമ്പോൾ അവിടേക്ക് കടന്നുവരുന്ന ഒരു രാഷ്ട്രീയ നേതാവിനെ വെള്ളത്തൂവൽ സ്റ്റീഫൻ രേഖപ്പെടുത്തി വയ്ക്കുന്നുണ്ട്. അന്നത്തെ ആഭ്യന്തര മന്ത്രി വയലാർ രവി. സ്റ്റീഫൻ പറയുന്നതിങ്ങനെയാണ് 'എനിക്ക് അതിശയം തോന്നിയത് വയലാർ രവി വന്ന് ജയിൽ സെല്ലിനകത്ത് ജമുക്കാളത്തിൽ ഇരുന്നു. ജയിൽ ഐ ജി ഉൾപ്പെടെയുള്ള വൻ പൊലീസ് സംഘം സെല്ലിന്റെ തിണ്ണയിൽ നിൽക്കുകയാണ്.സെല്ലിനകത്തുള്ള എന്റെ പുസ്തകം എല്ലാം മറിച്ചു നോക്കിയിട്ട് എന്നോട് ചോദിച്ചു,ആനന്ദിന്റെ 'ആൾക്കൂട്ടം' വായിച്ചിട്ടുണ്ടോ, ഞാൻ പറഞ്ഞു ഇല്ല. സ്റ്റീഫൻ ഭയങ്കര വായനക്കാരൻ ആണെന്ന് റിപ്പോർട്ടു കിട്ടിയിട്ടുണ്ട്, ജയിലിൽ നിന്ന് പുറത്തു വരുമ്പോൾ എന്നെ വന്നു കാണണം ഞാൻ വായിച്ചു കഴിഞ്ഞു കുറെ പുസ്തകങ്ങളുണ്ട് അത് തരാ'.

മുന്മന്ത്രി ടി കെ രാമകൃഷ്ണന്റെ കാലത്ത് സ്റ്റീഫന് വേണ്ടി അനിയന്മാർ പരോൾ ലീവിനായി നൽകിയ അപേക്ഷ അപ്പോൾ വയലാർ രവിയുടെ മേശപ്പുറത്ത് ഇരിപ്പുണ്ടായിരുന്നു എന്ന് സ്റ്റീഫന് അറിയില്ലായിരുന്നു. വയലാർ രവി സ്റ്റീഫനെ ചേർത്ത് പിടിച്ചു കുറച്ചു ദൂരെ സെല്ലിന്റെ ഒരു മൂലയിലേക്ക് മാറ്റി പറഞ്ഞു 'സ്റ്റീഫന് പരോൾ ലീവ് നൽകുന്നതിന് ഒരുപാട് പേർ എതിരാണ്, പ്രോസിക്യൂഷനും പൊലീസും എല്ലാം. പക്ഷേ എനിക്കറിയാമല്ലോ കാര്യങ്ങൾ, സ്റ്റീഫൻ ചതിക്കരുത് ഞാൻ നിങ്ങൾക്ക് പരോൾ നൽകുകയാണ്'.

പരോൾ അനുവദിച്ചു കിട്ടിയപ്പോൾ ജയിലിലേക്ക് തിരിച്ചു പോകുന്നതിന് മുമ്പ് സ്റ്റീഫന്റെ അച്ഛൻ പറഞ്ഞു വയലാർ രവിയെ കാണാൻ പോകുന്നുണ്ട്. മന്ത്രിമന്ദിരത്തിലെത്തിയ തടവ് പുള്ളിയെ സ്വീകരിച്ചു വയലാർ രവി ഭാര്യയോട് പറയുന്നു മേഴ്‌സി, ഇത് സ്റ്റീഫൻ നമുക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണം. അതിനുശേഷം, സ്റ്റീഫൻ എന്തിനാണ് ഇപ്പോൾ ജയിലിലേക്കു പോകുന്നത് കുറച്ചു നാൾ കൂടി വീട്ടിലിരിക്കൂ എന്നും പറഞ്ഞു പരോൾ നീട്ടി കൊടുക്കുന്നു. വെള്ളതൂവൽ സ്റ്റീഫൻ വയലാർ രവിയെ കുറിച്ചുള്ള ഭാഗം ഉപസംഹരിക്കുന്നതിങ്ങനെയാണ്. 'വയലാർ രവി എന്നോട് വെച്ച നിക്ഷേപം ഞാൻ മനസ്സിൽ സൂക്ഷിച്ചു: കളയാൻ പറ്റാതെ'.

വയലാർ രവി എന്ന രാഷ്ട്രീയക്കാരൻ ഒരിക്കലും എന്നെ ആകർഷിച്ചിരുന്നില്ല, അദ്ദേഹത്തെ പറ്റി കൂടുതൽ മനസ്സിലാക്കിയിരുന്നുമില്ല. എന്നാൽ ഇന്ന് വെള്ളത്തൂവൽ സ്റ്റീഫൻ തനിക്ക് പരിചയമുണ്ടായിരുന്ന വയലാർ രവിയെ കുറിച്ച് പറയുമ്പോൾ, ബന്ധപ്പെട്ട മുഹൂർത്തങ്ങൾ ഓർത്തെടുക്കുമ്പോൾ, എനിക്ക് തോന്നുന്നതിതാണ്. ഇടുക്കിയിലെ തണുത്തുറഞ്ഞ രാത്രികളിൽ കിലോമീറ്ററുകൾ നടന്നു വിപ്ലവ പ്രവർത്തനം നടത്തിയ രാഷ്ട്രീയ പ്രവർത്തനത്തിനോടുള്ള ആരാധനയാവാം അല്ലെങ്കിൽ ഭരണകൂട മർദ്ദനത്തിന് വിധേയമാകേണ്ടി വന്ന സ്റ്റീഫനോടുള്ള ഭരണ വ്യവസ്ഥയുടെ മാപ്പു പറച്ചിലോ ആകാം. മന്ത്രിയായിരിക്കുമ്പോൾ വഴിയിലൂടെ നടന്നു പോകുന്ന സ്റ്റീഫനെ കാറിൽ കയറ്റി കൊണ്ട് ഉദ്ഘാടനവേദിയിൽ തന്റെ അടുത്ത കസേരയിലിരുത്തി കൊണ്ട് നിർലോഭമായ സ്നേഹവായ്‌പ്പുകൾ പകർന്നുനൽകാൻ വയലാർ രവിയെ പ്രേരിപ്പിച്ചതെന്ന്. ഞാൻ ഇന്ന് മനസിലാക്കുന്നു വയലാർ രവി,താങ്കൾ നല്ലൊരു മനുഷ്യനാണ്.