ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലുള്ള ട്രസ്റ്റിന്റെ ഭൂമി മുമ്പ് കോൺഗ്രസുകാർ കൈയേറിയതെന്നു റിപ്പോർട്ട്. പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ ഭൂമി തിരിച്ചുപിടിക്കാൻ ഉത്തർ പ്രദേശ് റവന്യൂ വകുപ്പ് നടപടികൾ ആരംഭിച്ചു.

അമേഠിയിലാണ് രാജീവ് ഗാന്ധി ട്രസ്റ്റിന്റെ പേരിൽ കോൺഗ്രസ് സർക്കാർ ഭൂമി കൈവശപ്പെടുത്തിയത്. ഇതു സംബന്ധിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉന്നയിച്ച ആക്ഷേപങ്ങൾ ശരിയാണെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഉത്തർപ്രദേശ് റവന്യു വകുപ്പ് നടപടികൾ സ്വീകരിക്കുന്നത്.

ഭൂമി തിരികെ ഏൽപ്പിക്കാൻ ആവശ്യപ്പെട്ട് ബുധനാഴ്ച വൈകിട്ട് ഗൗരിഗഞ്ച് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് രാജീവ് ഗാന്ധി ട്രസ്റ്റിന്റെ ചുമതല വഹിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന് നോട്ടീസ് കൈമാറി. ഉത്തർപ്രദേശ് വ്യവസായ വകുപ്പിന്റെ അധീനതയിൽ ഉണ്ടായിരുന്ന 65 എക്കർ ഭൂമിയാണ് കോൺഗ്രസ് അമേഠിയിൽ ക്രമവിരുദ്ധമായി കൈവശപ്പെടുത്തിയത്. രാജീവ് ഗാന്ധി ട്രസ്റ്റിന്റെ പേരിൽ കോൺഗ്രസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഭൂമി സംഘടനയുടെ പേരിലാക്കുകയായിരുന്നു.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെയാണ് ഭൂമി കൈവശപ്പെടുത്താൻ നേതൃത്വം നല്കിയതെന്നാണ് ആരോപണം. 1980 ൽ സമ്രാട്ട് സൈക്കൾ നിർമ്മാണ ഫാക്ടറി സ്ഥാപിക്കാൻ കർഷകരുടെ കൈയിൽ നിന്ന് എറ്റെടുത്തതാണ് ഭൂമി. ഭൂമി ഇടപാടുമായി ക്രമക്കേട് നടത്തിയ രേഖകൾ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പുറത്ത് വിട്ടതോടെ സംഭവം സംബന്ധിച്ച് ഉത്തർപ്രദേശ് സർക്കാർ അന്വേഷണം നടത്താൻ നിർബന്ധിതമാകുകയായിരുന്നു.

സ്മ്യതി ഇറാനി പുറത്ത് വിട്ടതടക്കമുള്ള രേഖകൾ പരിശോധിച്ച ഗൗരിഗഞ്ച് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വന്ദിത ശ്രീവാസ്തവ, നടന്നത് ക്രമവിരുദ്ധമായ ഇടപാടാണെന്ന് കണ്ടെത്തുകയും കൈവശപ്പെടുത്തിയ ഭൂമി എറ്റെടുക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇതനുസരിച്ചുള്ള നടപടികളുടെ ഭാഗമായി ഭൂമി കൈമാറാൻ നിർദ്ദേശിച്ച് ബുധനാഴ്ച വൈകീട്ട് രാജീവ് ഗാന്ധി ട്രസ്റ്റിന് നോട്ടിസ് നല്കിയിട്ടുണ്ട്. ഭൂമി ഉത്തർപ്രദേശ് വ്യവസായ വകുപ്പിനെ തിരികെ ഏൽപ്പിക്കാനാണ് നിർദ്ദേശം.

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ- എഡിറ്റർ