കോട്ടയം: തന്റെ കാറിലെ ഹോണിന് ശബ്ദം കൂടുതലാണെന്ന് പറഞ്ഞാൽ ഉടൻ അത് അഴിച്ചു മാറ്റുന്ന മുഖ്യമന്ത്രി ഭരിക്കുന്ന നാടാണ് കേരളം. ഗതാഗത നിയമങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും തയ്യാറല്ല. മുഖ്യമന്ത്രിയുടെ മനസ്സ് അറിഞ്ഞ് തന്റെ കാറിലെ ഹോൺ ആദ്യം അഴിച്ചു മാറ്റിയ ഗതാഗത മന്ത്രിയാണ് തിരുവഞ്ചൂർ. തെറ്റ് ചൂണ്ടിക്കാട്ടുന്നതിനെ സ്വാഗതം ചെയ്യുകയും അത് തിരുത്തുകയും ചെയ്യുന്ന ഭരണകൂടം. അഴിമതിയുടെ കാര്യത്തിൽ ഈ നയം സ്വീകാര്യമല്ലെങ്കിലും മറ്റിടങ്ങളിൽ അത് നടപ്പാക്കാൻ അതിവേഗം നീങ്ങുകയാണ് ഉമ്മൻ ചാണ്ടി. അപ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരിൽ ഒരാളായ വിഷ്ണുനാഥിന്റെ ഡ്രൈവറുടെ ചെയ്ത്. മുഖ്യമന്ത്രിയുടേയും തിരുവഞ്ചൂരിന്റേയുമൊക്കെ ഗതാഗത നിയമങ്ങളിലെ ഉറച്ച തീരുമാനങ്ങൾ വിഷ്ണുനാഥിന്റെ ഡ്രൈവർക്ക് അറിയില്ല.

നോപാർക്കിങ്ങിൽ വാഹനം പാർക്ക് ചെയ്യുന്നതിനോടാണ് താൽപ്പര്യം. ആരെങ്കിലും ചോദ്യം ചെയ്താൽ ചീത്തയും വിളിക്കും. ഫോട്ടോ എടുത്താൽ തന്നെ ഈ ഡ്രൈവർക്ക് കാര്യം മനസ്സിലാകും. ഫേസ്‌ബുക്കിലിട്ട് വൈറലാക്കാനുള്ള ശ്രമത്തെ തടയുകയും ചെയ്യും. അതുകൊണ്ട് വിഷ്ണുനാഥിന്റെ ഡ്രൈവർ എന്തുചെയ്താലും കണ്ടില്ലെന്ന് നടിച്ച് മിണ്ടാതെ പോകണം. അതിന് തയ്യാറാകാത്ത രാജീവ് പള്ളത്ത് തനിക്കുണ്ടായ അനുഭവം ഫെയ്‌സ് ബുക്കിലൂടെ വിവരിക്കുമ്പോൾ അത് വൈറലും ചർച്ചയുമാകുന്നു. ജനപ്രതിനിധികളുടെ ജീവനക്കാർക്കും പൊതു ജനത്തോട് ബഹുമാനം വേണ്ടേ എന്ന ചോദ്യമാണ് രാജീവ് പള്ളത്ത് ഉയർത്തുന്നത്. ഏതായാലും തനിക്കുണ്ടായ അനുഭവം ഇനി ആർക്കും ഉണ്ടാകരുതെന്ന നിശ്ചയദാർഡ്യമാണ് രാജീവിന്റെ പോസ്റ്റിൽ പ്രകടമാകുന്നത്.

ഇതിനെ സോഷ്യൽ മീഡിയയും ഏറ്റെടുത്തു. വ്യാപക പ്രതിഷേധമാണ് ചർച്ചകളിൽ ഉയരുന്നത്. ജനസേവകർ എന്ന് അവകാശപ്പെടുന്ന ഇക്കൂട്ടർ ചെയ്യുന്ന തെറ്റുകളെ ഒരു സാധാരണ പൗരൻ ചോദ്യം ചെയ്യുമ്പോൾ അവർക്കും കൂട്ടർക്കും ഉണ്ടാകുന്ന അസഹിഷ്ണുത സാധാരണമാണ്. കേരളത്തിലെ പ്രഥമ പൗരന്മാർ ഞങ്ങളാണ് എന്ന ഒരു മിഥ്യാ ധാരണയും രാഷ്ട്രീയ,മാഫിയ കോമാളികൾക്കുണ്ട്. ഇത് ഒഴിവാക്കാൻ പ്രബുദ്ധരായ ജനങ്ങൾ ചെയ്യേണ്ടത് രണ്ടു കാര്യങ്ങൾ ആണ്. ഇലക്ഷൻ സമയത്ത് രാഷ്ട്രീയ പ്രീണനങ്ങൾക്ക് വശംവദരാകാതെ ഇത്ര അഹങ്കാരമുള്ള M.L.A യ്ക്ക് ഒരു 8ന്റെ പണി കൊടുക്കുകയും, ഡ്രൈവറുടെ രണ്ടുകാലും തല്ലിയൊടിക്കുകയും വേണം. അധികാരം കൈയിൽ നിന്നു പോയിക്കഴിയുമ്പോൾ ഈ കൂതറകൾ മനസ്സിലാക്കണം പൊതുജനം എന്താണെന്ന്. ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ പ്രതിഷേധം. വിഷയം സോഷ്യൽ മീഡിയയിൽ എത്തിച്ചതോടെ രാജീവിന് ഭീഷണി കോളുകളും എത്തി തുടങ്ങി. അതും സന്ദേശമായി രാജീവ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരിക്കലും എന്നെ ഫോണിൽ വിളിച്ചിട്ടില്ലാത്ത യൂത്ത് കോൺഗ്രസ് നേതാവിന്റെ ഭീഷണി വന്നു കഴിഞ്ഞു എന്റെ മൊബൈൽ ഫോണിൽ , അവർക്കും എന്തൊക്കെയോ ചെയ്യാൻ പറ്റും എന്ന് . അതിനുള്ള ആൾ ബലം ഉണ്ടെന്നും പറഞ്ഞു .എന്നിട്ടും ഡ്രൈവർ കാണിച്ചത് തെറ്റായിപ്പോയി എന്ന് പറയാൻ ഉള്ള മാന്യത കാട്ടുന്നില്ല . കഷ്ടം ....!!!!!-രാജീവ് വിശദീകരിക്കുന്നു

രാജീവ് പള്ളത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

പി സി വിഷ്ണുനാഥ് എം .എൽ. എ യുടെ ഡ്രൈവർ ഗുണ്ടായിസം നിർത്തലാക്കുക......!!!!!
************************************************************************

ഇന്ന് രാവിലെ 9.45 ഓടെ ചെങ്ങന്നൂർ നഗരത്തിൽ ബെഥേൽ ജങ്ങ്ഷനിൽ ഉള്ള മോഹൻ സ്റ്റുഡിയോയുടെ മുൻഭാഗത്ത് ഉള്ള നോ പാർക്കിങ് ഏരിയായിൽ എം .എൽ .എ യുടെ കാർ പാർക്ക് ചെയ്തിരിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു ,ചെങ്ങന്നൂർ നഗരസഭയിൽ ഒരാവശ്യത്തിന് പോയ ഞാൻ പതിനൊന്നു മണിയോടെ തിരിച്ചെത്തിയപ്പോഴും ഈ വാഹനം നോ പാർക്കിങ് ഏരിയയിൽ നിന്നും മാറ്റിയിരുന്നില്ല . ഈ ഭാഗത്ത് സാധാരണക്കാർ വാഹനം പാർക്ക് ചെയ്താൽ അത് മാറ്റുവാൻ പൊലീസിന്റെ നിർദ്ദേശം ഉടൻ തന്നെ എത്തും. സാധാരണക്കാരന് ഒരു നിയമം ജനപ്രതിനിധികൾക്ക് മറ്റൊരു നിയമമോ.....? തന്മൂലം ഒരു കരുതലിനായി ഞാൻ ഈ വാഹനത്തിന്റെ ചിത്രം എടുത്തു .വീണ്ടും ഒന്ന് രണ്ടു ചിത്രം കൂടി പകർത്തിയപ്പോൾ അത് വരെ അവിടെ ഇല്ലായിരുന്ന എം .എൽ എ യുടെ ഡ്രൈവർ ശ്രീ. ബിജു മറ്റെവിടെ നിന്നോ പാഞ്ഞെത്തി എന്നെ തടഞ്ഞു .

' ഇത് നീ ഫെയിസ്ബൂകിൽ ഇട്ടാൽ നിന്നെ കാണിച്ചു തരാമെടാ....അപ്പോൾ നീ വിവരം അറിയും '' എന്ന ഭീഷണിയുടെ സ്വരത്തിൽ ഉള്ള ആക്രോശം നടത്തുകയും '' നീ നാട് നന്നാക്കാൻ ഇറങ്ങിയേക്കുവാണോടാ #$*&#@$*#@*# ''......എന്നുള്ള അസഭ്യ വർഷവും ചൊരിഞ്ഞു എന്റെ നേരെ ഉള്ള ആക്രോശം തുടർന്നു കൊണ്ടിരിന്നു . എം എൽ എ ചടങ്ങിൽ പങ്കെടുക്കുമ്പോൾ ഡ്രൈവറും ചടങ്ങിൽ ഉണ്ടാകണം എന്ന് നിയമം ഉണ്ടോ എന്നെനിക്കറിയില്ല. .എങ്കിലും ഞാൻ അദേഹത്തോട് പറഞ്ഞു മണിക്കൂറുകളോളം ഈ നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്ത് പൊതുജനത്തെ ബുദ്ധിമുട്ടിക്കാതെ മറ്റെവിടെങ്കിലും പാർക്ക് ചെയ്തിട്ട് ചടങ്ങ് കഴിയുമ്പോൾ എം .എൽ എ വിളിക്കുമ്പോൾ വാഹനവുമായി വന്നാൽ പോരെ എന്ന് ചോദിച്ചപ്പോൾ ''നീ ആരാടാ എന്നെ പഠിപ്പിക്കാൻ ''എന്നായിരുന്നു മറുപടി . താങ്കൾ കുറച്ചു മാന്യമായി സംസാരിക്കൂ എന്ന് ഞാൻ പറഞ്ഞപ്പോൾ ''നാളെ ഞാൻ നിന്റെ വീട്ടിലോട്ടു വരാം നീ എന്നെ കുറച്ചു മാന്യത പഠിപ്പിച്ചു തരണം....'' എന്നുള്ള മറുപടി തന്നതും തെരുവ് ഗുണ്ടകളുടെ ശൈലിയിൽ ....!!!!!

ജനപ്രതിനിധി ജനങ്ങളുടെ പ്രതിനിധി ആണെന്നിരിക്കെ ജനപ്രതിനിധിയുടെ ഡ്രൈവർ എന്തേ ഗുണ്ടകളെ പോലെ പെരുമാറുന്നു എന്നാണ് ഇതൊക്കെ കണ്ടു നിന്ന പലരും ചോദിക്കുന്നത്. ഇതിനു മുമ്പും ഇദ്ദേഹത്തിൽ നിന്നും ഇതേ പോലെ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുള്ളതായി പലരും പറയുന്നു. സോഷ്യൽ മീഡിയയിൽ പൊതുജനങ്ങൾ സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് ശരിയെന്ന് സുപ്രീംകോടതി വരെ പറഞ്ഞ സാഹചര്യത്തിലാണ് നിയമനിർമ്മാണ സഭയിലെ അംഗത്തിന്റെ ഡ്രൈവർ വെല്ലുവിളിയും ഭീഷണിയുമായി നടുറോഡിലിറങ്ങുന്നത് ശരിയാണോ എന്ന് ചിന്തിക്കണം.

ജനാധിപത്യ ഭരണത്തിൽ രാജാവ് അല്ല ഭരിക്കുന്നത്..ജനങ്ങൾ തെരഞ്ഞെടുക്കുന്നവരാണ് എന്ന് ഓർക്കണം. അവർ തെരഞ്ഞെടുത്തവരെ തിരിച്ചു വിളിക്കാനും അവർക്ക് അവസരം നൽകുന്ന സമയം വിദൂരമല്ല. ജനാധിപത്യരാജ്യത്ത് എപ്പോഴും ജനങ്ങൾ തന്നെയാണ് രാജാവ്. നിയമങ്ങളും പെരുമാറ്റങ്ങളും പഠിപ്പിക്കാൻ പരിശീലനം നൽകുന്ന സിവിൽ സർവ്വീസ് അക്കാദമിയുടെ ചടങ്ങിനെത്തിയപ്പോൾ തന്നെ ഇത്തരം നിയമ വിരുദ്ധ നിലപാടുകളും ഭീഷണികളും ഭൂഷണമാണോ എന്ന് ഓർക്കണം.

എന്റെ ഈ പോസ്റ്റ് ചെങ്ങന്നൂർ എം എൽ എ ശ്രീ. പി .സി വിഷ്ണുനാഥിനും ഇത് ഫെയിസ്ബൂക്കിൽ ഇട്ടാൽ എന്നെ എന്തോ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയ അദേഹത്തിന്റെ ഡ്രൈവർ ശ്രീ .ബിജുവിനും സമർപ്പിക്കുന്നു....!!!!!

 

പി സി വിഷ്ണുനാഥ് എം .എൽ. എ യുടെ ഡ്രൈവർ ഗുണ്ടായിസം നിർത്തലാക്കുക...

Posted by Rajiv Pallathu on Thursday, April 16, 2015