ചെന്നൈ: ജയലളിതയുമായി ഉണ്ടായിരുന്ന പിണക്കം ചൂണ്ടിക്കാട്ടിയും അവരെ കോഹിനൂർ രത്‌നമെന്നും വിശേഷിപ്പിച്ച് എഐഎഡിഎംകെ പ്രവർത്തകരെ കൈയിലെടുത്ത് സ്റ്റൈൽ മന്നൻ രജനീകാന്ത്. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയലളിതയുടെ എഐഎഡിഎംകെയെ തോൽപ്പിച്ചത് താനായിരുന്നുവെന്നും തമിഴ് സൂപ്പർസ്റ്റാർ പറഞ്ഞു. പാർട്ടിയുടെ പരാജയത്തിന്റെ മുഖ്യ കാരണം താനായിരുന്നു. തന്റെ വാക്കുകൾ ജയയെ വേദനിപ്പിച്ചിരുന്നുവെന്നും സ്‌റ്റൈൽമന്നൻ പറഞ്ഞു. ജയലളിത കോഹിനൂർ രത്‌നമാണെന്നും രജനികാന്ത് വിശേഷിപ്പിച്ചു.

ദക്ഷിണേന്ത്യൻ അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘത്തിന്റെ ജയലളിത അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയലളിത അധികാരത്തിൽ എത്തിയാൽ പിന്നെ ദൈവത്തിന് മാത്രമേ തമിഴ്‌നാടിനെ രക്ഷിക്കാൻ കഴിയൂ എന്ന് 1996ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് രജനികാന്ത് പറഞ്ഞിരുന്നു. അന്ന് സൂപ്പർസ്റ്റാർ രജനികാന്തിന്റെ വാക്കുകൾ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കി. ഇത് തെരഞ്ഞെടുപ്പിൽ ഡിഎംകെ-ടിഎംസി സഖ്യം മികച്ച വിജയം സമ്മാനിക്കുന്നതിനും ഇടയാക്കിയിരുന്നു.

എന്നാൽ പിന്നീട് സുവർണ ഹൃദയത്തോടെ ജയലളിത തമിഴ്‌നാടിന്റെ നേതാവായി തെളിയിച്ചെന്നും രജനികാന്ത് പറഞ്ഞു. രണ്ട് വയസ്സുള്ളപ്പോൾ ജയലളിതയ്ക്ക് സ്വന്തം അച്ഛനെ നഷ്ടമായി. 22ാം വയസ്സിൽ അമ്മയേയും. കുടുംബത്തിന്റെ സംരക്ഷണം ഉണ്ടായിരുന്നില്ല. ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിച്ച ജയ, ആൺ മേധാവിത്വമുള്ള സമൂഹത്തിൽ കഠിനധ്വാനത്തിലൂടെയാണ് പ്രശസ്തി നേടിയത്. ഒരു ജനതയുടെ സ്‌നേഹവും ആരാധനയും ഏറ്റുവാങ്ങി ഒരു കോഹിനൂർ രത്‌നം പോലെയാണ് ഇന്ന് എംജിആർ സ്മൃതി മണ്ഡപത്തിന് സമീപം ജയലളിത വിശ്രമിക്കുന്നതെന്നും രജനികാന്ത് അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.

എംജിആറിന് ശേഷം എഐഎഡിഎംകെ നേതൃസ്ഥാനത്ത് എത്തിയപ്പോൾ വലിയ വെല്ലുവിളികളാണ് ജയലളിതയ്ക്ക് നേരിടാൻ ഉണ്ടായിരുന്നത്. എന്നാൽ നേട്ടങ്ങളിൽ ജയ എംജിആറിനെ പോലും കവച്ചുവച്ചു. താനുമായി നല്ല ബന്ധം ഇല്ലാതിരുന്നിട്ടും മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജയ എത്തിയത് ഞെട്ടിച്ചു. മകളുടെ വിവാഹം ക്ഷണിക്കാൻ താൻ അനുമതി ചോദിച്ചപ്പോൾ അനുവദിക്കില്ലെന്നാണ് കരുതിയത്. എന്നാൽ അനുവദിച്ചു. വിവാഹം ക്ഷണിച്ചപ്പോൾ വരുമെന്ന് കരുതിയിരുന്നില്ലെന്നും രജനികാന്ത് പറഞ്ഞു.

ജയയുടെ അഭാവത്തോടെ തമിഴ്‌നാട് രാഷ്ട്രീയത്തെ ഇനി ആര് നയിക്കുമെന്ന വിധത്തിൽ ചോദ്യങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതിനിടെയാണ് രജനി ജയലളിതയെ അനുസ്മരിച്ചിരിക്കുന്നത്.