മുംബൈ: ബോളിവുഡ് താരം രാജ്കുമാർ റാവുവും നടി പത്രലേഖ പോളും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ. നവംബർ 10,11,12 തിയ്യതികളിലായിരിക്കും വിവാഹച്ചടങ്ങുകൾ നടക്കുക. മുംബൈയിലായിരിക്കും വിവാഹവേദി. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ ചടങ്ങിൽ പങ്കെടുക്കുകയുള്ളൂ.

കഴിഞ്ഞ പത്തുവർഷങ്ങളായി രാജ്കുമാർ റാവുവും പത്രലേഖയും പ്രണയത്തിലാണ്. 2010 ലാണ് ഇരുവരും പരിചയപ്പെടുന്നത്. അന്ന് സിനിമയിൽ തുടക്കക്കാരനായിരുന്നു രാജ്കുമാർ റാവു. മോഡലിങ് രംഗത്ത് പ്രവർത്തിക്കുകയായിരുന്നു പത്രലേഖ. രാജ്കുമാർ റാവു നായകനായ സിറ്റി ലൈറ്റ്സ് എന്ന ചിത്രത്തിലൂടെയായിരുന്നു പത്രലേഖ 2014 ൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

രാംഗോപാൽ വർമയുടെ രൺ എന്ന ചിത്രത്തിലൂടെയായിരുന്നു രാജ്കുമാർ റാവു സിനിമയിലെത്തിയത്. ഗാങ്സ് ഓഫ് വസേയ്പൂർ, തലാഷ്, കായ് പോ ചേ, ന്യൂട്ടൺ, ഷാഹിദ്, ട്രാപ്പ്ഡ്, അലിഗഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. ഷാഹിദിലെ അഭിനയത്തിന് 2014 ൽ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി.