തിരുവനന്തപുരം: പ്രശസ്ത നടൻ രാജ് മോഹന്റെ മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ തിരുവനന്തപുരത്തെ മോർച്ചറിയിൽ. ഇന്ദുലേഖ സിനിമയിലെ നായകനായിരുന്ന രാജ് മോഹ (88)ന്റെ മൃതദേഹമാണ് ഏറ്റെടുക്കാനാളില്ലാത്തതിനെ തുടർന്ന് തിരുവനന്തപുരത്തെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ നാലാം തിയതി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു അന്ത്യം.

ഒ. ചന്തു മോനോന്റെ പ്രശസ്ത നോവലായ ഇന്ദുലേഖ' കൃഷ്ണൻ നായരുടെ സംവിധാനത്തിൽ സിനിമയായപ്പോൾ നോവലിലെ നായകനായ മാധവന്റെ വേഷമായിരുന്നു രാജ്‌മോഹൻ ചെയ്തത്. ശങ്കരാടി, അരവിന്ദാക്ഷ മേനോൻ, കൊടുങ്ങല്ലൂർ അമ്മിണിയമ്മ, ശ്രീകല, ചേർത്തല രാമൻ നായർ, വൈക്കം മണി എന്നിവരായിരുന്നു ഇന്ദുലേഖയിൽ വേഷമിട്ട മറ്റ് അഭിനേതാക്കൾ. പിന്നീട് കുറച്ചു സിനിമകളിലും രാജ്‌മോഹൻ മുഖം കാണിച്ചിരുന്നു.

എന്നാൽ വിവാഹ ബന്ധം വേർപെടുത്തിയതോടെ സിനിമയിൽ നിന്ന് അകന്നു. ആരോരും അഭയമില്ലാത്തതിനാൽ കുറേക്കാലമായി അനാഥാലയത്തിലായിരുന്നു കലാനിലയം കൃഷ്ണൻ നായരുടെ മരുമകനായിരുന്ന രാജ് മോഹന്റെ അവസാന ദിനങ്ങൾ. വിവാഹബന്ധം ഉപേക്ഷിച്ച് ഏറെക്കാലം ഒറ്റപ്പെട്ട് താമസിച്ച അദ്ദേഹം പുലയനാർകോട്ടയിലുള്ള അനാഥാലയത്തിൽ അന്തേവാസിയായി മാറുകയായിരുന്നു.

എം.എ, എൽ.എൽ.ബി ബിരുദധങ്ങൾ നേടിയിരുന്ന രാജ് മോഹൻ. അഭിനയത്തോടു വിടപറഞ്ഞ ശേഷം കുട്ടികൾക്ക് ട്യൂഷനെടുത്താണ് ജീവിക്കാനുള്ള വക കണ്ടെത്തിയിരുന്നത്. സർക്കാരിന്റെ വാർധക്യ പെൻഷന് അപേക്ഷിക്കാൻ ഒരു തിരിച്ചറിയൽ രേഖപോലും ഇദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നതാണ് ഏറെ സങ്കടകരം. അവസാനകാലത്ത് സീരിയലിൽ ചെറിയ വേഷമെങ്കിലും കിട്ടിയാൽ അഭിനയിക്കാമായിരുന്നുവെന്ന് ഇദ്ദേഹം പ്രതീക്ഷ പുലർത്തിയിരുന്നു.

ഇന്ദുലേഖയിലെ നായകാനായി കൃഷ്ണൻ നായർ പത്രങ്ങളിൽ പരസ്യം നൽകിയിരുന്നെങ്കിലും ഒടുവിൽ തന്റെ മകളുടെ ഭർത്താവായ രാജ്‌മോഹനെ നായകനാക്കുകയായിരുന്നു. കലാനിലയം തിയറ്റേഴ്‌സാണു സിനിമ നിർമ്മിച്ചത്. 1967 ഫെബ്രുവരി 10ന് ആയിരുന്നു ഈ ചിത്രം തിയറ്ററുകളിലെത്തിയത്.