- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയെ പൂട്ടാൻ വന്ന കേന്ദ്ര ഏജൻസികൾ ഇപ്പോൾ എവിടെ? ഇപ്പോൾ കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കൾ അകത്തുപോകുമെന്ന അവസ്ഥ; നടന്നത് സർക്കാരിനെ താറടിക്കാനുള്ള ശ്രമമോ? ശിവൻകുട്ടി ജയിച്ചാലും ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതിൽ അഭിമാനം; രാജ്മോഹൻ ഉണ്ണിത്താൻ ഷൂട്ട്@സൈറ്റിൽ രാഷ്ട്രീയം പറയുമ്പോൾ
തിരുവനന്തപുരം: സ്വർണ- ഡോളർ കടത്ത് കേസുകളിൽ ഇവിടെ എത്ര കേന്ദ്രഏജൻസികൾ വന്നു. ഇഡി വന്നു, കസ്റ്റംസ് വന്നു, സിബിഐ വന്നു. ഇന്ന് അവരൊക്കെ എവിടെയാണ്. കേസുണ്ടെങ്കിൽ അന്വേഷണത്തിനൊരു അവസാനം വേണ്ടേ? തെരെഞ്ഞെടുപ്പ് കഴിഞ്ഞതോടെ അവരൊക്കെ പിൻവാങ്ങിയില്ലേ. എന്നാൽ പിണറായി വിജയൻ അവർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ജുഡിഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. അപ്പോൾ ഇതൊക്കെ സംസ്ഥാന ഗവൺമെന്റിനെ താറടിക്കാനുള്ള ശ്രമങ്ങളായിരുന്നുവെന്ന് ജനങ്ങൾക്ക് സംശയമുണ്ട്-കോൺഗ്രസ് നേതാവും കാസർഗോഡ് എംപിയുമായ രാജ്മോഹൻ ഉണ്ണത്താനും ഇന്ന് സംശയത്തിലാണ്. കേന്ദ്ര ഏജൻസികൾ നടത്തിയത് അവിഹിത ഇടപെടലാണെന്ന് മറുനാടന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.
കടുവായെ കിടുവ പിടിച്ചെന്ന് പറയും പോലെ പിണറായിയെ കുടുക്കാൻ വന്നിട്ട് ഇപ്പോൾ കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കൾ അകത്തുപോകുമെന്ന അവസ്ഥയാണ്. ചൊവ്വെനേരെ അന്വേഷിച്ചാൽ ബിജെപിയുടെ പല പ്രമുഖരും കുടുങ്ങുന്ന കേസല്ലെ ഈ കേസ്. ജനാധിപത്യത്തെ അട്ടിമറിക്കാൻ പണാധിപത്യം ബിജെപിയുടെ ഒരു മുഖമുദ്രയായി മാറിയിരിക്കുന്നു-ഇതാണ് രാജ്മോഹൻ ഉണ്ണിത്താന്റെ നിരീക്ഷണം.
രാജ്മോഹൻ ഉണ്ണിത്താൻ അഭിമുഖം രണ്ടാം ഭാഗത്തിന്റെ പൂർണ്ണ രൂപം
പ്രതിപക്ഷനേതാവ് വിഷയങ്ങൾ ഉയർത്തുന്നിലും ഗവൺമെന്റിന്റെ അഴിമതികൾ പുറത്തുകൊണ്ടുവരുന്നതിലും വൈദഗ്ധ്യം കാണിച്ചുവെങ്കിലും എല്ലാത്തതിനെയും എതിർത്തത് ജനങ്ങളുടെ ഇടയിലൊരു ആശങ്ക സൃഷ്ടിച്ചു എന്നല്ലേ താങ്കൾ പറഞ്ഞുവന്നത്?
തീർച്ചയായും. എതിർക്കേണ്ടവയെ എതിർക്കുക തന്നെ വേണം. എന്നാൽ എല്ലാകാര്യങ്ങളെയും എതിർക്കുന്നത് ദോഷം ചെയ്യും. മാധ്യമങ്ങൾക്ക് പല അജണ്ടകളും ഉണ്ടാകും. അതിന് പിന്നാലെ പോകരുത്. പിണറായി വിജയൻ ഒരിക്കലും പോയിട്ടില്ല. മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിലെ അദ്ദേഹത്തിന്റെ കാർക്കശ്യം മറ്റാർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ? ഇത്രയേറെ ആരോപണങ്ങൾ ഉയർന്നുവന്നിട്ടും അദ്ദേഹം മാധ്യമങ്ങളെ ഭയപ്പെട്ടോ. അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമപ്രവർത്തകരെ വിമർശിച്ച പത്രസമ്മേളനം ഞാൻ കണ്ടു. ഞാനൊരു മാധ്യമപ്രവർത്തകനായിരുന്നെങ്കിൽ അന്ന് രാജി വച്ചു പോയേനെ. അത്ര രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം അന്ന് വിമർശിച്ചത്.
സ്വർണ- ഡോളർ കടത്ത് കേസുകളിൽ ഇവിടെ എത്ര കേന്ദ്രഏജൻസികൾ വന്നു. ഇഡി വന്നു, കസ്റ്റംസ് വന്നു, സിബിഐ വന്നു. ഇന്ന് അവരൊക്കെ എവിടെയാണ്. കേസുണ്ടെങ്കിൽ അന്വേഷണത്തിനൊരു അവസാനം വേണ്ടേ? തെരെഞ്ഞെടുപ്പ് കഴിഞ്ഞതോടെ അവരൊക്കെ പിൻവാങ്ങിയില്ലേ. എന്നാൽ പിണറായി വിജയൻ അവർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ജുഡിഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. അപ്പോൾ ഇതൊക്കെ സംസ്ഥാന ഗവൺമെന്റിനെ താറടിക്കാനുള്ള ശ്രമങ്ങളായിരുന്നുവെന്ന് ജനങ്ങൾക്ക് സംശയമുണ്ട്. കള്ളക്കടത്തുകളും ലൈഫ് അഴിമതിയുമൊക്കെ നടന്നിട്ടുണ്ടെങ്കിൽ അന്വേഷണത്തിനൊരു പരിസമാപ്തി വേണ്ടേ, കുറ്റവാളികളെ അറസ്റ്റ് ചെയ്യണ്ടെ, കുറ്റപത്രം കൊടുക്കണ്ടേ, വിചാരണ നടക്കണ്ടെ. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അന്വേഷണ ഏജൻസികൾ എല്ലാം വച്ചൊഴിഞ്ഞുപോയി.
കേസുകളിൽ കഴമ്പില്ലെന്നാണോ താങ്കൾ കരുതുന്നത്?
ഞാനങ്ങനെ കരുതുന്നില്ല. എന്നാൽ കേന്ദ്ര ഏജൻസികൾ പകുതിയിൽ വച്ച് കയ്യൊഴിഞ്ഞുപോയതോടെ സംസ്ഥാന ഗവൺമെന്റിന്റെ വാദമാണ് ശരിയെന്ന് ജനങ്ങൾ കരുതാൻ ഇടയാക്കി. കേന്ദ്രം എന്തുകൊണ്ടാണ് ഇത് പ്രൊസീഡ് ചെയ്യാത്തത്. 20 കോടി രൂപ തട്ടിച്ച ലൈഫ് അഴിമതി എന്തുകൊണ്ടാണ് മുന്നോട്ടുപോകാത്തത്. ഇലക്ഷൻ ആയിരുന്നോ ഇവരുടെ ലക്ഷ്യം. ആയിരുന്നു എന്ന് ആരെങ്കിലും ആക്ഷേപിച്ചാൽ അവരെ കുറ്റം പറയാൻ കഴിയാത്ത വിധത്തിലാണ് ഈ കേസ് അന്വേഷണത്തിന്റെ മുന്നോട്ടുള്ള ഗതി. അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കേന്ദ്രസർക്കാർ തയ്യാറാകണം.
കടുവായെ കിടുവ പിടിച്ചെന്ന് പറയും പോലെ പിണറായിയെ കുടുക്കാൻ വന്നിട്ട് ഇപ്പോൾ കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കൾ അകത്തുപോകുമെന്ന അവസ്ഥയാണ്. ചൊവ്വെനേരെ അന്വേഷിച്ചാൽ ബിജെപിയുടെ പല പ്രമുഖരും കുടുങ്ങുന്ന കേസല്ലെ ഈ കേസ്. ജനാധിപത്യത്തെ അട്ടിമറിക്കാൻ പണാധിപത്യം ബിജെപിയുടെ ഒരു മുഖമുദ്രയായി മാറിയിരിക്കുന്നു. അതുകൊണ്ടാണല്ലോ ഇവിടെ ഉണ്ടായിരുന്ന ഒരു സീറ്റ് കൂടി പോയത്. പാർലമെന്റംഗം ആയിരുന്ന മുരളീധരനെ നേമത്ത് നിർത്താൻ ഞങ്ങൾ തയ്യാറായതുകൊണ്ടല്ലെ ബിജെപിയെ അവർക്ക് തോൽപ്പിക്കാൻ സാധിച്ചത്. ആ വീറും വാശിയും പാലക്കാടോ മഞ്ചേശ്വരത്തോ കാണിക്കാൻ എന്താ സിപിഎം തയ്യാറാകാത്തത്. നല്ലൊരു സ്ഥാനാർത്ഥിയെ ആ മണ്ഡലങ്ങളിൽ ഇടാൻ എന്താ സിപിഎം തയ്യാറാകാത്തത്. മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാർത്ഥി ആരായിരുന്നെന്നും എന്തിനായിരുന്നു അയാളെ മൽസരിപ്പിച്ചതെന്നും കാസർഗോഡെ ജനങ്ങൾക്കറിയാം. ഇപ്പോൾ സിപിഎം പറയുന്നു ഞങ്ങൾ ഉള്ളതുകൊണ്ടാണ് മഞ്ചേശ്വരത്ത് സുരേന്ദ്രനെ പരാജയപ്പെടുത്താൻ കഴിഞ്ഞത്.
അതൊക്കെ വെറും വിടുവായത്തമാണ്. അവിടെ സുരേന്ദ്രനെ തോൽപ്പിച്ച് എകെഎം അഷറഫ് വിജയിച്ചത് യുഡിഎഫിന്റെ കഴിവാണ്. പാലക്കാടും അത് തന്നെയാണ് അവസ്ഥ. എന്നാൽ നേമത്ത് മുൻവർഷങ്ങളിലെ പോലെ ഏതെങ്കിലുമൊരു ഘടകകക്ഷിക്ക് ഞങ്ങൾ സീറ്റ് കൊടുത്തിരുന്നെങ്കിൽ ഉറപ്പിച്ച് ഞാൻ പറയാം കുമ്മനം രാജശേഖരൻ എംഎൽഎ ആകുമായിരുന്നു. ബിജെപി അവിടെ ജയിക്കാതിരിക്കാനാണ് ഞങ്ങൾ മുരളീധരനെ അവിടെ മൽസരിപ്പിച്ചത്. അതോടെ മൽസരത്തിന്റെ ഗതിമാറി. മൽസരത്തിനൊരു സീരിയസ്നെസ് വന്നു. കോൺഗ്രസിന് പരമ്പരാഗതമായി കിട്ടിയിരുന്ന വോട്ടുകളെല്ലാം കൈപ്പത്തി ചിഹ്നത്തിൽ വന്നു. അതുകൊണ്ടാണ് കുമ്മനം തോറ്റത്. ശിവൻകുട്ടി ജയിച്ചതിൽ ഞങ്ങൾക്ക് വിഷമമില്ല. ഞങ്ങളുടെ ലക്ഷ്യം കുമ്മനം തോൽക്കണമെന്നതായിരുന്നു. കുമ്മനം തോറ്റു. തെരഞ്ഞെടുപ്പിൽ ഞങ്ങൾ തോറ്റെങ്കിലും ഞങ്ങൾക്ക് അഭിമാനം മൂന്ന് സീറ്റിലും, മൂന്ന് മേഖലകളിലും ബിജെപിയുടെ വരവ് തടഞ്ഞത് കോൺഗ്രസാണ്. അത് അഭിമാനത്തോടെ ഞങ്ങൾ പറയും.
അപ്പോൾ മാധ്യമങ്ങളുടെ അജണ്ടയിൽ കോൺഗ്രസ് വീണുപോയെന്നാണ് താങ്കൾ പറയുന്നത്. അതുകൊണ്ടാണല്ലോ സ്വർണകടത്ത് അടക്കമുള്ള കേസുകൾ കോൺഗ്രസ് ഏറ്റെടുത്തത്?
കോൺഗ്രസ് ആ കേസുകൾ ഏറ്റെടുത്തെങ്കിലും ജനഹൃദയങ്ങളിലെത്തിക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടുപോയി. വിഷയം ഏറ്റെടുത്താൽ പോരല്ലോ. ചാനലിലൂടെ യുദ്ധം ചെയ്തിട്ട് കാര്യമില്ലല്ലോ. ഇതിനെക്കാൾ ഗൗരവം കുറഞ്ഞ പ്രശ്നമാണല്ലോ സോളർ കേസ്. അത് അവർ എത്ര സജീവമാക്കി. എത്ര ഭംഗിയായി അത് ജനഹൃദയങ്ങളിലെത്തിച്ചു. അതുകൊണ്ടല്ലെ കേരളത്തിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പരാജയപ്പെട്ടുപോയത്. അല്ലെങ്കിൽ ഉമ്മൻ ചാണ്ടിയെ പരാജയപ്പെടുത്താൻ സാദിക്കുമോ. അദ്ദേഹമല്ലെ ജനസമ്പർക്കപരിപാടി കൊണ്ടുവന്നത്, അദ്ദേഹമല്ലെ കോക്ലിയാർ ഇംപ്ലാന്റേഷൻ പരിപാടി കൊണ്ടുവന്നത്, അദ്ദേഹമല്ലെ കാരുണ്യ പദ്ധതി കൊണ്ടു വന്നത്, അദ്ദേഹമല്ലെ വിഴിഞ്ഞം തുറമുഖം കൊണ്ടുവന്നത്, അദ്ദേഹമല്ലെ കണ്ണൂർ എയർപോർട്ട് കൊണ്ടുവന്നത്, അദ്ദേഹമല്ലെ കൊച്ചിൻ മെട്രോ കൊണ്ടുവന്നത്. അദ്ദേഹമല്ലെ 14 ജില്ലകളിൽ 14 മെഡിക്കൽ കോളേജുകൾ കണ്ടുവന്നത്. ഈ കോവിഡ് കാലത്ത് ആരോഗ്യമേഖലയെ പറ്റി ഈ സർക്കാർ അഹങ്കരിക്കുന്നുണ്ടല്ലോ. അതൊക്കെ ഉമ്മൻ ചാണ്ടി ആരംഭിച്ചതല്ലെ. ചെറുപ്പക്കാർക്ക് വേണ്ടി അദ്ദേഹം സ്റ്റാർട്ടപ്പ് വില്ലേജുകൾ ആരംഭിച്ചില്ലേ. ഇത്രയും നന്മ ചെയ്ത ഒരു മുഖ്യമന്ത്രി, ജനകീയനായ ഒരു മുഖ്യമന്ത്രി വേറെയുണ്ടോ. ആ മുഖ്യമന്ത്രിക്കെതിരെയല്ലെ സോളാറും പൊക്കിക്കൊണ്ടുവന്നത്. അഞ്ച് വർഷം ഭരിച്ചല്ലോ, ഒരു പെറ്റിക്കേസ് എടുക്കാൻ കഴിഞ്ഞോ. ഉമ്മൻ ചാണ്ടിയുടെ അവസാന ക്യാബിനറ്റുകൾ എടുത്ത തീരുമാനങ്ങൾ പരിശോധിക്കാൻ സബ് കമ്മിറ്റി വച്ചല്ലോ. ഏതെങ്കിലുമൊരു തീരുമാനം റദ്ദ് ചെയ്തോ. എല്ലാം ഊതിവീർപ്പിച്ച ബലൂണുകളായിരുന്നില്ലേ.
അപ്പോൾ അതൊന്നും തുറന്നുകാണിക്കാൻ കഴിയാത്തത് കോൺഗ്രസിന്റെ പരാജയമല്ലെ?
തീർച്ചയായും ആണല്ലോ. അതാണ് പറഞ്ഞുവന്നത്. ഇത്രയും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ജനങ്ങളെ കൊണ്ട് വിശ്വസിപ്പിക്കാൻ അന്നത്തെ പ്രതിപക്ഷത്തിന് സാധിച്ചു. അതാണ് ഉമ്മൻ ചാണ്ടിയുടെ ഗവൺമെന്റിനെ പരാജയപ്പെടുത്തിയത്. ഇവിടെ ഈ ഗവൺമെന്റിന്റെ വീഴ്ച്ചകളും അഴിമതികളും ചാനൽചർച്ചകളിൽ മാത്രമാക്കി ഒതുക്കി. അതിന്റെ സന്ദേശം ജനങ്ങളിലേയ്ക്ക് എത്തിക്കാൻ കഴിഞ്ഞില്ല. അതൊരു പരാജയം തന്നെയാണ്.
താങ്കൾ പിണറായിയുടെ ആരാധകനായി മാറികൊണ്ടിരിക്കുകയാണോ?
ഞാൻ മരിക്കുംവരെയും ആർഎസ്എസ്, ബിജെപി, നരേന്ദ്ര മോദി എന്നിവയെയൊക്കെ എതിർത്തുകൊണ്ടെയിരിക്കും. ഞാനൊരു കറകളഞ്ഞ കോൺഗ്രസുകാരനാണ്. മരിക്കുമ്പോൾ കോൺഗ്രസ് പതാക വേണം എന്നെ പുതപ്പിക്കാൻ. ഞാനൊരു കോൺഗ്രസുകാരനാണ്. ഞാൻ കോൺഗ്രസിൽ നിൽക്കുന്നത് കോൺഗ്രസൊരു ജനാധിപത്യ- മതനിരപേക്ഷ പാർട്ടിയായതുകൊണ്ടാണ്. ഇന്ത്യൻ ഭരണഘടന നിർമ്മിച്ചതും ജനങ്ങൾക്ക് മൗലിക അവകാശങ്ങൾ നൽകിയതും കോൺഗ്രസാണ്. എന്റെ സിരകളിലൊഴുകുന്നത് കോൺഗ്രസിന്റെ ചോരയാണ്.
കമ്യൂണിസമെന്താണെന്നും എനിക്കറിയാം. പക്ഷെ ഒരു ജനപ്രതിനിധി ആയിരിക്കുമ്പോൾ ഭരണകൂടങ്ങളെ എതിർക്കാനാവില്ല. ജനങ്ങളുടെ എന്തെങ്കിലും പ്രശ്നങ്ങളുമായി ഞാൻ കേരളത്തിന്റെ മുഖ്യമന്ത്രിയെ സമീപിക്കുമ്പോൾ അദ്ദേഹം രാഷ്ടീയത്തിന്റെ കുഴലിലൂടെ എന്നെ കണ്ടാൽ എത് ബുദ്ധിമുട്ടാകും. അടുത്ത അഞ്ച് വർഷം ഞാൻ മന്ത്രിമാരെ ആരെയും കാണില്ല എന്ന് പറയാൻ കഴിയില്ലല്ലോ. അപ്പോൾ ജനങ്ങളേൽപ്പിച്ച ദൗത്യം വിജയകരമായി മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ ഭരിക്കുന്നവരുമായി നല്ല ബന്ധത്തിൽ പോയെ പറ്റു.
തെരെഞ്ഞെടുപ്പ് അടവ് തന്ത്രത്തിന്റെ കാര്യത്തിൽ പിണറായി വിജയൻ വലിയ വിജയമാണ്. എല്ലാ മതവിഭാഗങ്ങളുടെയും വോട്ടുകൾ നേടാൻ അദ്ദേഹത്തിന് സാധിച്ചു. ഇത്തരത്തിൽ വലിയൊരു രാഷ്ട്രീയതന്ത്രം വിജയിക്കുമ്പോൾ ഇനി കോൺഗ്രസിന്റെ ഭാവിയെന്താണ്? ഇതിനെ എങ്ങനെ അതിജീവിക്കാൻ കഴിയും?
പിണറായി വിജയനെയും കോൺഗ്രസ് പാർട്ടിയേയും തമ്മിൽ താരതമ്യം ചെയ്യരുത്. പതിനേഴ് വർഷക്കാലം സിപിഎം സെക്രട്ടറിയായിരുന്ന വ്യക്തിയാണ് പിണറായി വിജയൻ. അദ്ദേഹത്തിന് ഇന്ന് ആ പാർട്ടിയിൽ എതിരാളികളില്ല. തിരുവായ്ക്ക് എതിർവാ ഇല്ല. പാർട്ടിയിലെ എല്ലാ വിഭാഗങ്ങളും അദ്ദേഹത്തിന് കീഴിലാണ്. രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ ശത്രുവായിരുന്ന വി എസ് ഇന്ന് രാഷ്ട്രീയത്തിലില്ല. വിശ്രമജീവിതത്തിലാണ്. വിഎസിനൊപ്പം നിന്നവരെ ഒന്നുകിൽ വെട്ടിനിരത്തി, അല്ലെങ്കിൽ അനുനയിപ്പിച്ച് ഒപ്പം കൊണ്ടുവന്നു. പിണറായി വിജയൻ പാർട്ടിയിൽ വളരെ ശക്തനാണ്, നമ്പർ വൺ. ക്യാബിനറ്റിൽ അദ്ദേഹത്തിന് ഭീഷണി ആയേക്കാവുന്ന ആളുകളെ കണ്ടുപിടിച്ച്, സീറ്റ് കൊടുക്കാതെ മാറ്റി നിർത്തി. സീറ്റ് കൊടുത്തവരെ ക്യാബിനറ്റിൽ നിന്ന് മാറ്റിനിർത്തി. അതിനെല്ലാം ഓരോ അടവുനയം അദ്ദേഹം രൂപീകരിച്ചു. ഷൈലജ ടീച്ചർക്ക് പോലും പുറത്തുപോകേണ്ട അവസ്ഥ വന്നു. അദ്ദേഹമിന്ന് ഒരു തികഞ്ഞ സ്വേച്ഛാധിപതിയായി മാറിക്കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ കയ്യിലാണ് പാർട്ടി, അദ്ദേഹത്തിന്റെ കയ്യിലാണ് മുന്നണി, അദ്ദേഹത്തിന്റെ കയ്യിലാണ് സർക്കാർ. അദ്ദേഹത്തിന് മറ്റാരോടും ആലോചിക്കേണ്ട കാര്യമില്ല. കൂടിയാലോചനകളെന്നും യോഗങ്ങളൊന്നുമൊക്കെ പത്രത്തിൽ വാർത്ത വരുമെന്നല്ലാതെ ഇതൊക്കെ ഒറ്റയാളുടെ തീരുമാനങ്ങളാണ്. അങ്ങനെയൊരു തീരുമാനമൊന്നും കോൺഗ്രസിലാർക്കും ഒറ്റയ്ക്ക് എടുക്കാൻ കഴിയില്ലല്ലോ.
കോൺഗ്രസിൽ ഗ്രൂപ്പ് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ആന്റണിയുടെയും കരുണാകരന്റെയുമൊക്കെ കാലത്ത് ഗ്രൂപ്പിൽ ആർക്കെങ്കിലുമൊക്കെ സ്ഥാനങ്ങൾ നൽകുമ്പോൾ മെറിറ്റ് നോക്കിയാണ് നൽകിയിരുന്നത്. ഇന്നത്തെ ഗ്രൂപ്പ് നേതാക്കളും മെറിറ്റ് നോക്കി കാര്യങ്ങൾ തീരുമാനിച്ചാൽ ഗ്രൂപ്പ് ഒരിക്കലും കോൺഗ്രസിനൊരു ശാപമായി മാറില്ലായിരുന്നു. ഇപ്പോൾ മെറിറ്റ് ഒരിടത്തും പരിഗണിക്കുന്നില്ല. ഗ്രൂപ്പ് മാത്രമാണ് മാനദണ്ഡം. അതാണ് കോൺഗ്രസിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. എന്നാൽ കോൺഗ്രസെന്ന് പറയുന്നത് ഒരിക്കലും നശിക്കാത്ത പ്രസ്ഥാനമാണ്. നമ്മുടെ രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നിടത്തോളം കാലം, നമ്മുടെ നാട്ടിൽ മതേതരത്വം ഉള്ളിടത്തോളം കാലം ഇവിടത്തെ ജനങ്ങൾക്ക് ഭരണഘടനയിൽ വിശ്വാസമുള്ളിടത്തോളം കാലം കോൺഗ്രസിനെ ഈ മണ്ണിൽ നിന്നും പിഴുതെറിയാൻ ആര് വിചാരിച്ചാലും നടക്കില്ല. കാരണം ഇന്ന് ഇന്ത്യ എവിടെ നിൽക്കുന്നുവോ അവിടെ ഇന്ത്യയെ എത്തിച്ചത് കോൺഗ്രസാണ്. നരേന്ദ്ര മോദി പറയുന്നത് കേട്ടാൽ തോന്നും 2014 ലാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന്. 1947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോഴുള്ള അവസ്ഥ എന്തായിരുന്നെന്നും അവിടെ നിന്നും ഇന്ന് എങ്ങനെ എത്തി എന്നും ബുദ്ധിയുള്ളവർക്കെല്ലാം അറിയാം. അതുകൊണ്ട് കോൺഗ്രസ് ഇവിടെ തകരുമെന്ന് ആരും കരുതണ്ട. കാലാകാലങ്ങളിൽ പ്രസ്ഥാനത്തെ നയിച്ചവർ സൃഷ്ടിച്ച മൂല്യച്യുതിയിൽ നിന്നും എങ്ങനെ കര കയറാമെന്നാണ് പാർട്ടി ചിന്തിക്കേണ്ടത്.
കോൺഗ്രസ് തിരിച്ചടി നേരിട്ടിടത്തൊന്നും തിരിച്ചുവരുന്നില്ല. തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അവസ്ഥയെന്താണ്? ഒരു ഛത്തിസ്ഗഢിലും പഞ്ചാബിലും എത്രനാൾ ഉണ്ടാകും? കേരളത്തിലും കൂടി ഇങ്ങനെ സംഭവിച്ചാൽ കോൺഗ്രസിന്റെ ഭാവി എന്തായിതീരും?
ദേശീയരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തേണ്ടതില്ല. കാരണം പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിൽ ഇപ്പോൾ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും ബിജെപി പരാജയപ്പെട്ടു. പിന്നെ ഈ കോലാഹലങ്ങളൊക്കെ ഉണ്ടായത് ശ്രീരാമന്റെ പേരിലാണല്ലോ. അയോധ്യയിലെ മുഴുവൻ സീറ്റുകളിലും അവർ പരാജയപ്പെട്ടു. നരേന്ദ്ര മോദിയെ അവർ പഠിച്ചുവരുന്നു. ദേശീയതലത്തിൽ അത് സൃഷ്ടിക്കുന്ന മാറ്റങ്ങൾ അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് നമുക്ക് വിലയിരുത്താം. രണ്ട് മൂന്ന് മാസങ്ങൾ കൂടികഴിയുമ്പോൾ ചില തീരുമാനങ്ങളൊക്കെ ദേശീയതലത്തിൽ നിന്നുമുണ്ടാകും. അതൊക്കെ ദേശീയതലത്തിൽ വലിയ പ്രതിഫലനങ്ങൾ സൃഷ്ടിക്കും. അതുകൊണ്ട് ദേശീയതലത്തിലെ തിരിച്ചടികളൊന്നും ശാശ്വതമല്ല, നമുക്ക് കേരളത്തിലേയ്ക്ക് വരാം.
വിപ്ലകരമായ തലമുറ മാറ്റത്തിന്റെ തുടക്കമായിരുന്നു ഗ്രൂപ്പിനതീതമായ സ്ഥാനാർത്ഥിനിർണയം. സ്ഥാനാർത്ഥികളൊക്കെ മിടുക്കരായിരുന്നു. എന്നാൽ അത് എങ്ങനെയാണ് പാളിപ്പോയത്?
അതെകുറിച്ച് സമഗ്രമായ ചർച്ചകൾ വേണ്ടതാണ്. ഒരു ചോദ്യത്തിലും ഒറ്റ ഉത്തരത്തിലും ഒതുക്കേണ്ട കാര്യമല്ല. എന്തൊക്കെ പാളിച്ചകളാണ് പറ്റിയതെന്ന് എനിക്ക് കൃത്യമായി അറിയാം. കഴിഞ്ഞ സ്ഥാനാർത്ഥി നിർണയം പൂർണമായും ഹൈക്കമാൻഡ് നിയന്ത്രണത്തിലായിരുന്നു എന്ന് ഞാൻ പറയില്ല. അതിലൊക്കെ ചില ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. അത് എല്ലാവർക്കും അറിയാം. പൂർണമായും ഹൈക്കമാൻഡ് മാനദണ്ഡം നടപ്പായിട്ടില്ല. പഴയ തലമുറയെ പൂർണമായും ഈ തെരഞ്ഞെടുപ്പിൽ മാറ്റിനിർത്തിയിട്ടില്ല. പഴയ തലമുറയെ പറ്റി ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നുവെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബോധ്യപ്പെട്ടു. അടുത്തതവണ ഇത്തവണത്തെ വീഴ്ച്ചകൾ തിരുത്തിതന്നെ മുന്നോട്ടുപോകും.
സീറ്റ് കിട്ടാത്ത പഴയതലമുറയിലെ ആളുകൾ പാരവച്ചതാകാൻ സാധ്യത ഇല്ലെ?
അങ്ങനെയല്ല. ഒരു ട്രെൻഡ് യുഡിഎഫിന് എതിരായിരുന്നു. അത് മനസിലാക്കാൻ വൈകിപ്പോയി എന്നുവേണം കരുതാം. ട്രൻഡ് അനുകൂലമാണെങ്കിൽ ആര് പാര വച്ചാലും ജയിക്കും. ട്രൻഡ് എതിരാണെങ്കിൽ നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും. ഞാനും മുതലയമ്മാച്ചനും കൂടി ഒരു ആടിനെ തിന്നു എന്ന പറയുംപോലെ പരാജയപ്പെട്ട ശേഷം പറയാം എന്നല്ലാതെ കോൺഗ്രസ് നിർത്തുന്ന സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ കരുത്തുള്ള ശക്തന്മാരൊന്നും ഇപ്പറഞ്ഞ കൂട്ടത്തിലില്ല. അങ്ങനെയൊരു അഭിപ്രായം എനിക്കില്ല.
ഈ പരീക്ഷണം പരാജയപ്പെട്ടുപോയി എന്നതുകൊണ്ട് ഇനി അടുത്ത തവണ ഈ യുവാക്കൾക്ക് സീറ്റ് കിട്ടാത്ത അവസ്ഥ ഉണ്ടാകുമോ?
ഇനി അടുത്ത തെരഞ്ഞെടുപ്പിന് അഞ്ച് വർഷം ഉണ്ടല്ലോ. അടുത്ത അഞ്ച് കൊല്ലം ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം. ക്ഷമയോടെ കാത്തിരിക്കണം. സിആർ മഹേഷ് കഴിഞ്ഞതവണ 1900 വോട്ടിനാണ് പരാജയപ്പെട്ടത്. അദ്ദേഹം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ആയിരുന്നു. കെപിസിസി ജന. സെക്രട്ടറിയായി. പക്ഷെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം എംഎൽഎക്കാൾ സജീവമായി അയാൾ മണ്ഡലത്തിലുണ്ടായിരുന്നു. അപ്പോൾ തോറ്റ മഹേഷിനെയും സിറ്റിങ് എംഎൽഎയേയും തമ്മിൽ ജനങ്ങൾ വിലയിരുത്തി. അങ്ങനെ വിലയിരുത്തിയപ്പോൾ ഇത്തവണ മഹേഷ് അവിടെ ജയിച്ചു. ഇപ്പോൾ പരാജയപ്പെട്ടവർക്ക് അടുത്ത അഞ്ച് വർഷവും അവരുടെ മണ്ഡലം കേന്ദ്രീകരിച്ച് ജനകീയ പ്രവർത്തനങ്ങളിൽ ഇടപെടാം.
കോൺഗ്രസിന്റെ ഒരു പ്രശ്നം ഒരാൾ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചാലും അടുത്തതവണ അവിടെ സീറ്റ് കിട്ടുമോ എന്ന് ഉറപ്പ് പറയാൻ കഴിയില്ല എന്നതാണ്. എന്തുകൊണ്ട് നിങ്ങൾക്ക് ഇപ്പോഴേ അവരോട് ആ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചോളു എന്ന് പറയാൻ പറ്റുന്നില്ല?
അതൊക്കെ ആലോചിക്കാൻ നമുക്ക് സമയമുണ്ടല്ലോ. മെയ് രണ്ടിനാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. 18 ദിവസം കഴിഞ്ഞ് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്തു. അത് കഴിഞ്ഞ് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു. രണ്ടാംദിവസം സ്പീക്കറെ തെരഞ്ഞെടുത്തു. അതിന് മുമ്പ് പ്രതിപക്ഷനേതാവിനെ തീരുമാനിച്ചു. ഇനി നമുക്ക് മുന്നിൽ ഇത്തരം കാര്യങ്ങളൊക്കെ തീരുമാനിക്കാൻ ഒരുപാട് സമയമുണ്ട്. ഇനി പാർട്ടി പുനഃസംഘടന വരാൻ പോകുകയാണ്. അപ്പോൾ അതാത് സമയങ്ങളിൽ എല്ലാ കാര്യങ്ങളും നടക്കും. പാർട്ടിക്ക് ഗുണപരമായ മാറ്റങ്ങളായിരിക്കും വരാൻ പോകുന്നത്.
മറുനാടന് മലയാളി ബ്യൂറോ