തിരുവനന്തപുരം: ബീഫ് നിരോധനമാണ് കേരളത്തിൽ ഇപ്പോഴത്തെ ചർച്ചാവിഷയം. കേരളത്തിലും ബീഫ് നിരോധനം ഏർപ്പെടുത്തണമെന്ന അഭിപ്രായവുമായി കേന്ദ്രസഹമന്ത്രി രംഗത്തെത്തിയതും, തൃശ്ശൂർ കേരള വർമ്മ കോളേജിൽ എസ്എഫ്‌ഐ നടത്തിയ ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന്റെ പേരിൽ ദീപാ നിശാന്ത് എന്ന അദ്ധ്യാപികയ്ക്ക് എതിരെ കോളേജ് മാനേജ്‌മെന്റ് അന്വേഷണം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട വിഷയവുമായിരുന്നു ഇന്നലെ ചാനലുകളിലും പ്രധാന ചർച്ച ആയത്. ഇന്നലെ മിക്ക മലയാളം ചാനലുകളിലും ഒമ്പത് മണി ചർച്ചയും ഇതായിരുന്നു. പലചാനലുകളിലും പല അതിഥികളെ നിരത്തി ചർച്ച നടത്തിയപ്പോൾ ഏറ്റവും ചൂടൻ ചർച്ച നടന്നത് എം വി നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാനലിൽ ആയിരുന്നു.

കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താനും ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറുമായിരുന്നു ചാനൽ ചർച്ചയിലെ പ്രധാന അതിഥികൾ. ഇരുവരും തമ്മിലുള്ള ചർച്ച പുരോഗമിച്ചതോടെ ശശികല ടീച്ചർ ബീഫ് നിരോധനത്തെ പിന്തുണച്ച് രംഗത്തെത്തി. വേദങ്ങളിൽ ഹിന്ദു ദൈവങ്ങൾ ഗോമാംസം ഭക്ഷിച്ചിരുന്നു എന്ന കാര്യം അവതാരകൻ നികേഷ് കുമാർ ചൂണ്ടിക്കാട്ടിയപ്പോൾ അതിനെ പോലും തള്ളിക്കള്ളഞ്ഞുകൊണ്ടാണ് ടീച്ചർ തന്റെ വാദത്തിൽ ഉറച്ചു നിന്നത്. ഇതേസമയം കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ ശശികല ടീച്ചർക്ക് ചുട്ട മറുപടി നൽകി.

വാതരോഗം പിടിച്ചു തളർന്നുകിടക്കുന്ന ഹിന്ദു പോലും ശശികല ടീച്ചറുടെ പ്രസംഗം കേട്ടാൽ ചാടിയെഴുന്നേറ്റ് രാജ്യത്തെ മുസ്‌ലീങ്ങളെയും കൃസ്ത്യാനികളെയും ഉന്മൂലനം ചെയ്യാനിറങ്ങും എന്നാണ് ചാനൽ ചർച്ചയ്ക്കിടെ ഉണ്ണിത്താൻ തുറന്നടിച്ചത്. ശശികലയുടെ പ്രസംഗം സംപ്രേഷണം ചെയ്യാൻ ധൈര്യമുണ്ടോ എന്ന് റിപ്പോർട്ടർ ചാനലിനെ വെല്ലുവിളിക്കുകയും ചെയ്തു ഉണ്ണിത്താൻ. മദനിയെക്കാൾ വർഗീയവിഷം ചീറ്റുതാണ് ശശികല ടീച്ചറുടെ പ്രസംഗമെന്നും രാജ്യത്തിന്റെ ശമ്പളം പറ്റി ഹിന്ദുരാഷ്ട്രത്തിനുവേണ്ടി വാദിക്കുന്നത് മര്യാദയാണോ എന്നും ഉണ്ണിത്താൻ ചോദിച്ചു. ദേവേന്ദ്രൻ പശു മാംസവും സോമരസവും കഴിക്കുന്നതായി വേദങ്ങളിൽ പറയുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ വേദങ്ങളല്ല, കാർഷികവൃത്തിയുമായി ബന്ധപ്പെട്ടാണ് ഗോവധനിരോധനം നടപ്പിലാക്കേണ്ടത് എന്ന മറുപടിയാണ് ശശികല നൽകിയത്.

'ഇന്ത്യ നനാനത്വത്തിൽ ഏകത്വമുള്ള രാജ്യമാണ്, മതാത്മകതയിൽ നിന്ന് മതേതരമായി മാറിയ രാജ്യമാണ്, ഇവിടുത്തെ ജനങ്ങളെ വർഗീയത പരത്തി തമ്മിലടിപ്പിക്കാനാണ് ശശികല ടീച്ചറുടെ ശ്രമമം' എന്നും ഉണ്ണിത്താൻ പറഞ്ഞു. അദ്ധ്യാപകർ വിദ്യാർത്ഥികളെ ഉപദേശിച്ച് നേർവഴിക്ക് നടത്തേണ്ടവരാണെന്നും വർഗീയവിഷം കുത്തിവയ്‌ക്കേണ്ടവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഉണ്ണിത്താന്റെ പരാമർശങ്ങൾക്ക് മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു ശശികല ടീച്ചർ ചെയ്തത്.

കേരളവർമ്മ കോളജിൽ എസ്.എഫ്.ഐ നടത്തിയ ബീഫ് ഫെസ്റ്റിവലിനെ പിന്തുണച്ച ഉണ്ണിത്താൻ, കോളജ് മാനേജ്‌മെന്റിനെ നിയമിച്ചത് കോൺഗ്രസ് ഗവൺമെന്റാണെന്നും, മാനേജ്‌മെന്റ് എന്ത് ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക കോൺഗ്രസാണെന്നും പറഞ്ഞു. കോളജിലെ ബീഫ് ഫെസ്റ്റിവലിനെ പിന്തുണച്ച കോളജ് അദ്ധ്യാപിക ദീപ നിഷാന്തിനെ പുറത്താക്കണമെന്ന് ഹൈന്ദവ സംഘടനകൾ കോളജ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.

കേരളത്തിൽ ബീഫ് നിരോധിക്കണം എന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ ആവശ്യം അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും അക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാനസർക്കാരുകൾക്കാണെന്നും ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. ചാനൽ ചർച്ചയിൽ പങ്കെടുത്ത മറ്റുള്ളവരും ഉണ്ണിത്താന്റെ വാദമുഖങ്ങളോട് യോജിച്ചു കൊണ്ടാണ് ചർച്ചയെ നയിച്ചത്. ഭാരതത്തിന്റെ കാർഷിക സംസ്‌ക്കാരത്തിന്റെ ഭാഗമാണ് പശുക്കളെന്നാണ് നികേഷ് കുമാറിനോട് ശശികല ടീച്ചർ പറഞ്ഞത്. അപ്പോൾ കാളകളുടെ കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ കാളകൾ കൊണ്ട് ഉത്തരേന്ത്യയിൽ വൈവിധ്യമായ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നായി ടീച്ചറുടെ മറുപടി.

എന്തായാലും ശശികല ടീച്ചർ കൂടി ഉൾപ്പെട്ട ചർച്ച കൊഴുത്തതോടെ സോഷ്യൽ മീഡിയയിലും ഇത് ഹിറ്റായി മാറിയിട്ടുണ്ട്. ശശികല ടീച്ചർക്ക് വായടപ്പിച്ച മറുപടി നൽകിയ ഉണ്ണിത്താന് സോഷ്യൽ മീഡിയയുടെ അകമഴിഞ്ഞ പിന്തുണയും ലഭിച്ചു. ഉണ്ണിത്താനെ അനുകൂലിച്ചു കൊണ്ട് നിരവധി പേരാണ് ഫേസ്‌ബുക്ക് പോസ്റ്റുകൾ ഇട്ടത്.

ശശികല ടീച്ചറുടെ വർഗീയമുഖം തുറന്നു കാട്ടുന്ന കോൺഗ്രസ്‌ നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ..

Posted by Bulls Eye on Tuesday, October 6, 2015