- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്ബർ വലിയവനെങ്കിൽ റാണാ പ്രതാപും വലിയവൻ എന്ന് രാജ്‌നാഥ് സിങ്; ഒരുവർഷം തികച്ചതോടെ ഹിന്ദുത്വ അജൻഡ പുറത്തെടുക്കാൻ ഉറച്ച് മോദി സർക്കാർ
ന്യൂഡൽഹി: എന്തിലും ഏതിലും ഹിന്ദു ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്നതാണ് സംഘപരിവാർ സ്വഭാവം. നരേന്ദ്ര മോദി സർക്കാർ ഒരുവർഷം തികച്ചതോടെ, കേന്ദ്ര സർക്കാരിന്റെ ഹിന്ദുത്വ അജൻഡയും മറനീക്കി പുറത്തുവരികയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനകൾ, ബിജെപി സർക്കാരിന്റെ ഇനിയുള്ള നാളുകൾ എങ്ങനെയുള്ളതാകുമെന്ന സൂചനയാണ് നൽകുന്നത്.

ന്യൂഡൽഹി: എന്തിലും ഏതിലും ഹിന്ദു ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്നതാണ് സംഘപരിവാർ സ്വഭാവം. നരേന്ദ്ര മോദി സർക്കാർ ഒരുവർഷം തികച്ചതോടെ, കേന്ദ്ര സർക്കാരിന്റെ ഹിന്ദുത്വ അജൻഡയും മറനീക്കി പുറത്തുവരികയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനകൾ, ബിജെപി സർക്കാരിന്റെ ഇനിയുള്ള നാളുകൾ എങ്ങനെയുള്ളതാകുമെന്ന സൂചനയാണ് നൽകുന്നത്. ഇന്ത്യൻ ചരിത്രത്തിൽ ഹിന്ദു രാജാക്കന്മാർക്കും പോരാളികൾക്കും കൂടുതൽ പ്രാധാന്യം കിട്ടുന്ന നിലയിൽ ചരിത്രം തിരുത്തിയെഴുതണമെന്നാണ് കേന്ദ്ര മന്ത്രിയുടെ ആവശ്യം. മുഗൾ ചക്രവർത്തി അക്‌ബറിന് ചരിത്രത്തിലുള്ള പ്രാധാന്യം മേവാർ രാജാവ് മഹാറാണ പ്രതാപ് സിങ്ങിനും ലഭിക്കണമെന്ന് രാജ്‌നാഥ് സിങ് പറയുന്നു.
അക്‌ബറിനെ വലിയവനാക്കി ചരിത്രം രചിക്കുന്നതിനോട് തനിക്ക് എതിർപ്പില്ല. എന്നാൽ, ഇതേ പ്രാധാന്യം എന്തുകൊണ്ട് മഹാനായ പ്രതാപിനും നൽകുന്നില്ല? മേവാർ രാജ്യത്തിനുവേണ്ടി അദ്ദേഹം കാഴ്ചവച്ച പോരാട്ടവീര്യവും ഭരണനിപുണതയും എന്തുകൊണ്ട് കാണാതെ പോകുന്നുവെന്നും രാജ്‌നാഥ് സിങ് ചോദിക്കുന്നു? -രാജസ്ഥാനിലെ പ്രതാപ്ഗഢ് കളക്ടറേറ്റ് വളപ്പിൽ പ്രതാപിന്റെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങിൽ പ്രസംഗിക്കുമ്പോഴായിരുന്നു മന്ത്രിയുടെ ഈ പരാമർശങ്ങൾ.
ഹൽദിഘട്ടി യുദ്ധത്തിൽ അക്‌ബറിനോട് പരാജയപ്പെടുകയായിരുന്നു പ്രതാപ്. എന്നാൽ, അക്‌ബറിനോളം തന്നെ ചരിത്രത്തിൽ പ്രാധാന്യം ലഭിക്കേണ്ടയാളാണ് പ്രതാപെന്ന് രാജ്‌നാഥ് പറഞ്ഞു. ചരിത്രം അതിന്റെ യഥാർഥ അർഥത്തിൽവേണം ചമയ്ക്കാൻ. പ്രതാപ് ആരായിരുന്നുവെന്ന് അടുത്ത തലമുറയെ അറിയിക്കുന്ന തരത്തിൽ ചരിത്രത്തെ മാറ്റിയെഴുതണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മുഗളന്മാർക്കെതിരെ പ്രതാപ് കാഴ്ചവച്ച ഒളിപ്പോരും പോരാട്ടവും വരും തലമുറകൾ അറിഞ്ഞിരിക്കേണ്ടതാണ്. ചന്ദ്രശേഖർ ആസാദിനെയും ഭഗത് സിങ്ങിനെയും പോലുള്ള സ്വാതന്ത്ര്യ സമര സേനാനികളെയും ഛത്രപതി ശിവജിയെപ്പോലുള്ള പോരാളികളെയും അനുസ്മരിപ്പിക്കുന്നതാണ് പ്രതാപിന്റെ ജീവിതം. സ്വന്തം രാജ്യത്തിനുവേണ്ടി പോരാടിയ ആദ്യകാല ഇന്ത്യൻ ഭരണാധികാരികളിലൊരാളായിരുന്നു പ്രതാപെന്നും രാജ്‌നാഥ് പറഞ്ഞു.
മോദി സർക്കാർ ഒരുവർഷം തികയ്ക്കുന്ന വേളയിൽ, ഹിന്ദു അജൻഡ കൂടുതൽ പ്രകടമായി നടപ്പാക്കാനുള്ള ആർ.എസ്.എസ്.-ബിജെപി നേതൃത്വത്തിന്റെ തീരുമാനമാണ് രാജ്‌നാഥിന്റെ പ്രസംഗത്തിലും പ്രതിഫലിക്കുന്നത്. മംഗൾ പാണ്ഡെ, നാന സാഹിബ്, റാണി ലക്ഷ്മി ഭായ്, ദീൻ ദയാൽ ഉപാധ്യായ തുടങ്ങിയ നേതാക്കളുടെ അനുസ്മരണച്ചടങ്ങുകൾ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഉത്തർപ്രദേശിൽ സംഘടിപ്പിക്കുന്നുണ്ട്.
ഉപാധ്യായയുടെ ജന്മനാടായ മധുരയിൽ മെയ് 25-ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് അത്തരത്തിലൊന്നാണ്. മെയ് 26-ന് ഉത്തർ പ്രദേശിലെ എട്ട് മേഖലകളിൽ വലിയ ജനകീയ റാലികളും സംഘടിപ്പിച്ചിട്ടുണ്ട്. ഹൈന്ദവ നേതാക്കളുമായി ബന്ധമുള്ള സ്ഥലങ്ങളിലാണ് റാലികൾ സംഘടിപ്പിക്കുന്നത്. കേന്ദ്രമന്ത്രിമാരടക്കമുള്ള പ്രമുഖർ ഈ റാലികളിൽ പങ്കെടുക്കുന്നുമുണ്ട്.

