ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ഉതകുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. വരുന്ന ഒന്നര വർഷം കൊണ്ടുണ്ടാകുന്ന മാറ്റങ്ങൾ കാണാൻ കർഷകർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ നിയന്ത്രണത്തിലുള്ള ചന്തകളും നിലനിർത്തപ്പെടുമെന്നും എംഎസ്‌പി നിർത്തലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും അദേഹം വ്യക്തമാക്കി.

അടുത്ത ഒന്നര വർഷത്തിനുള്ളിൽ ഈ നിയമങ്ങൾ വഴിയുള്ള ആനുകൂല്യങ്ങൾ ലഭ്യമായില്ലെങ്കിൽ ചർച്ചകളിലൂടെ മെച്ചപ്പെടുത്തും. കർഷകരുടെ ഭൂമി ആർക്കും ഏറ്റെടുക്കാനാവില്ല. കൃഷി എന്താണെന്നറിയാത്തവർ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ദൗർഭാഗ്യകരമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. രാജ്യതലസ്ഥാനത്ത് കർഷകർ നടക്കുന്ന പ്രതിഷേധം ഒരു മാസം പിന്നിടുമ്പോഴും നിയമം പിൻവലിക്കില്ലെന്ന നിലപാടിൽ തന്നെയാണ് കേന്ദ്രസർക്കാർ.

അതേസമയം, ഈ വർഷത്തെ അവസാനത്തെ മൻ കീ ബാത്തിൽ പ്രധാനമന്ത്രി സംസാരിക്കവെ പാത്രം കൊട്ടിയാണ് കർഷകർ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്. സ്വന്തം മനസിലുള്ളത് പറയുകയല്ല, മറ്റുള്ളവർ പറയുന്നതാണ് പ്രധാനമന്ത്രി കേൾക്കേണ്ടതെന്ന് കർഷകർ പ്രതികരിച്ചു.

പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിനിടെ 'താലി ബജാവോ' (പാത്രം കൊട്ടൽ) പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ് അറിയിച്ചത്. 'പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മൻ കീ ബാത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ഇതെല്ലാം കേട്ടു മടുത്തുവെന്നാണ് കർഷകർ പറയുന്നത്. ഞങ്ങളുടെ മനസിലെ കാര്യങ്ങൾ നിങ്ങൾ എപ്പോഴാണ് കേൾക്കുക എന്നും ചോദിക്കുന്നു? അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത് ഞങ്ങളിലേക്കെത്താതിരിക്കാനായി ഞങ്ങൾ പാത്രം കൊട്ടി ശബ്ദം ഉണ്ടാക്കും ' എന്നായിരുന്നു വിശദീകരണം

അതിനിടെ, കർഷകരുടെ പ്രശ്നങ്ങൾക്ക് പരി​ഹാരം കാണാതെ മൻ കി ബാത്ത് നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രം​ഗത്തെത്തി. ആര് കേട്ടാലും ഇല്ലെങ്കിലും മോദി ജീ തനിക്ക് തോന്നുന്നത് വിളിച്ചുപറയുമെന്നും എന്നാൽ കർഷകർക്ക് പറയാനുള്ളത് കേൾക്കാൻ ചെവികൊടുക്കുകയില്ലെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. പ്രധാന സേവകൻ എന്നു പറയുന്ന മോദി യഥാർത്ഥത്തിൽ പ്രധാന സേവകനാണോ അതോ സ്വയം പുകഴ്‌ത്തി നടക്കുന്ന ആളാണോ എന്നും പ്രശാന്ത് ഭൂഷൺ ചോദിച്ചു.

കേന്ദ്രവുമായുള്ള അടുത്ത ചർച്ചയിൽ തീരുമാനമില്ലെങ്കിൽ രൂക്ഷമായ സമരത്തിനൊരുങ്ങുകയാണ് കർഷകസംഘടനകൾ. ഇതിനായി ഭക്ഷ്യധാന്യങ്ങളും മറ്റും ശേഖരിച്ച് കൂടുതൽ കർഷകർ പഞ്ചാബിൽനിന്ന് പുറപ്പെട്ടിട്ടുണ്ട്. സാംഗ്രൂർ, അമൃത്സർ, തൺ തരൺ, ഗുരുദാസ്പുർ, ഭട്ടിൻഡ ജില്ലകളിൽ നിന്നുള്ളവരാണ് ശനിയാഴ്ച ട്രാക്ടറുകളിൽ ഡൽഹിക്കു പുറപ്പെട്ടത്.

കേന്ദ്രവുമായുള്ള ചർച്ച പരാജയപ്പെട്ടാൽ 30-ന് കുണ്ട്ലി-മനേസർ-പൽവൽ ദേശീയപാതയിൽ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകനേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. പുതുവത്സരം കർഷകർക്കൊപ്പം ആഘോഷിക്കാനും നേതാക്കൾ അഭ്യർഥിച്ചു. പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിൽ ദേശീയപാതകളിൽ ടോളുകൾ ബലം പ്രയോഗിച്ചു തുറക്കുന്ന ഇപ്പോഴത്തെ സമരം ഞായറാഴ്ചയ്ക്കുശേഷവും തുടരാനാണ് കർഷകരുടെ തീരുമാനം.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് സമരം ചെയ്യുന്ന കർഷകരെ സന്ദ​ർശിക്കും. ഡൽഹി- ഹരിയാന അതിർത്തിയായ സിങ്കുവിൽ പ്രതിഷേധിക്കുന്ന കർഷകരെയാണ് കെജ്‌രിവാൾ സന്ദർശിക്കുന്നത്. നേരത്തെയും കെജ്‌രിവാൾ കർഷകരെ കാണാൻ നേരിട്ടെത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരെ നേരിട്ടെത്തി കണ്ട ആദ്യത്തെ മുഖ്യമന്ത്രിയാണ് കെജ്‌രിവാൾ. കർഷകർക്കായി ഭക്ഷണവും സാനിറ്ററി ക്രമീകരണവും ഡൽഹി സർക്കാർ ഏർപ്പെടുത്തിയിരുന്നു.

നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കുകയില്ലെന്നാണ് കർഷകരുടെ നിലപാട്. 29 ന് കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യറാണെന്ന് കർഷകർ അറിയിച്ചിരുന്നു. നിയമം പിൻവലിക്കുന്നതൊഴിച്ച് മറ്റാവശ്യങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഡിസംബർ 29 ന് രാവിലെ 11 മണിക്കാണ് ചർച്ച നടക്കുന്നത്. എന്നാൽ ചർച്ച പരാജയപ്പെട്ടാൽ സമരം കൂടുതൽ ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. അതേസമയം നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.