അംറോഹ: ഉത്തർപ്രദേശിലെ മഥുരയിലുണ്ടായ അക്രമത്തിൽ സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. മഥുരയിലുണ്ടായ സംഭവം നിർഭാഗ്യകരമാണ്. ഉത്തർപ്രദേശിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അംറോഹയിൽ റാലിയിൽ പ്രസംഗിക്കവേ രാജ്‌നാഥ് സിങ് പറഞ്ഞു. സത്യം പുറത്തുവരണമെന്ന് യു.പി സർക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കേന്ദ്രസർക്കാരിനോട് അവർ സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. അതേസമയം മഥുര സംഘർഷവുമായി ബന്ധപ്പെട്ട് യു.പി പൊതുമരാമത്ത് വകുപ്പ് മന്ത്രി ശിവ്പാൽ സിങ് യാദവിനെ പുറത്താക്കണമെന്ന ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായെ കോൺഗ്രസ് വിമർശിച്ചു. ഹരിയാനയിൽ ജാട്ട് സംവരണ പ്രക്ഷോഭം കലാപമായി മാറിയപ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രി മനോഹർലാൽ ഘട്ടറിന്റെ രാജി എന്തുകൊണ്ട് ബിജെപി ആവശ്യപ്പെട്ടില്ല എന്ന് കോൺഗ്രസ് വക്താവ് ടോം വടക്കൻ ചോദിച്ചു. മഹാരാഷ്ട്രയിൽ ദാവൂദുമായുള്ള ബന്ധം ആരോപിക്കപ്പെട്ടതിനെ തുടർന്ന് ഏക്നാഥ് ഗഡ്‌സേയെകൊണ്ട് മന്ത്രി സ്ഥാനം രാജിവയ്‌പ്പിച്ചത് വെറും നാടകം മാത്രമാണെന്നും കോൺഗ്രസ് വക്താവ് അഭിപ്രായപ്പെട്ടു. യു.പി മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി അദ്ധ്യക്ഷനുമായ മുലായം സിങ് യാദവിന്റെ സഹോദരനാണ് ശിവ്പാൽ യാദവ്. ശിവ്പാലിന്റെ രാജി മുലായം ആവശ്യപ്പെടണമെന്നായിരുന്നു അമിത് ഷായുടെ ആവശ്യം.