ന്യൂഡൽഹി: ശബരിമല വിഷയത്തിൽ ഇടപാടൻ ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. വിഷയത്തിൽ സുപ്രീംകോടതി വിധിയായതു കൊണ്ടാണ് ഈ വിഷയത്തിൽ ഇടപെടാനില്ലെന്ന നിലപാടിലേക്ക് കേന്ദ്രസർക്കർ എത്തിയത്. ഇക്കാര്യം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെ ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്യാനാകൂ. ശബരിമല വിഷയത്തെ കുറിച്ച് ശനിയാഴ്ച ഗവർണർ പി. സദാശിവവുമായി സംസാരിച്ചു. വിഷയത്തിൽ കുറച്ചു പേരുടെ വികാരം വ്രണപ്പെട്ടിട്ടുണ്ടെന്നും ഇക്കണോമിക്‌സ് ടൈംസിന് നൽകിയ അഭിമുഖത്തിൽ രാജ്‌നാഥ് സിങ് പറഞ്ഞു.

അതിനിടെ ശബരിമല വിഷത്തിൽ ശ്രീധരൻ പിള്ള പറഞ്ഞ അഭിപ്രായം വിവാദമാകുകയാണ്. ബിജെപിയുടെ സമരം ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരെയല്ലെന്നും കമ്മ്യൂണിസ്റ്റുകൾക്കെതിരാണെന്നുമാണ് പിള്ള അഭിപ്രായപ്പെട്ടത്. കമ്മ്യൂണിസ്റ്റുകൾക്കെതിരെയാണ് സമരമെന്നും അല്ലാതെ സ്ത്രീകൾ വരുന്നോ പോകുന്നോയെന്ന് നോക്കാൻ വേണ്ടിയല്ലെന്നും ബിജെപിയുടെ അജണ്ട വ്യക്തമാക്കിക്കൊണ്ട് ശ്രീധരൻപിള്ള പറഞ്ഞു.

അതേസമയം സ്ത്രീകൾ വരുന്നതിൽ പ്രതിഷേധമുള്ള വിശ്വാസികളുണ്ടെങ്കിൽ ഞങ്ങളവരെ പിന്തുണയ്ക്കുമെന്നേയുള്ളൂവെന്നും ശ്രീധരൻ പിള്ള മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അതേസമയം ശബരിമലയിൽ പോകാൻ എല്ലാവർക്കും അവകാശമുണ്ടെന്നായിരുന്നു ശ്രീധരൻപിള്ളയുടെ അടുത്ത പ്രസ്താവന. ആർഎസ്എസുകാർക്കും ബിജെപികാർക്കും സംഘപരിവാരുകാർക്കും എല്ലാവർക്കും ശബരിമലയിൽ പോകാൻ അവകാശമുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി വന്നശേഷം നിരവധി തവണയാണ് ശ്രീധരൻപിള്ള നിലപാടുകളിൽ മലക്കം മറിഞ്ഞത്. ആദ്യം വിധിയെ സ്വാഗതം ചെയ്ത പിള്ളയും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരം മുന്നിൽക്കണ്ട് അധികം വൈകാതെ വിധി നടപ്പിലാക്കുന്നതിനെതിരെ സമരവുമായി രംഗത്തെത്തി. ആദ്യം ഭക്തരാണ് സമരരംഗത്തുള്ളത് എന്ന പിള്ളയുടെ വാദം യുവമോർച്ചയുടെ രഹസ്യ യോഗത്തിൽ നടത്തിയ പ്രസംഗം പുറത്തുവന്നതോടെ പൊളിഞ്ഞു. ശബരിമല വിഷയത്തിൽ ബിജെപി മുന്നോട്ടുവച്ച അജണ്ടയിൽ എല്ലാവരും വീണെന്നും ബിജെപിക്കിത് സുവർണാവസരമാണെന്നുമായിരുന്നു ശ്രീധരൻപിള്ള രഹസ്യയോഗത്തിൽ പറഞ്ഞത്.

നടയടക്കുമെന്ന പ്രഖ്യാപനത്തിന് മുൻപ് തന്ത്രി തന്നെ വിളിച്ചിരുന്നു എന്നു പറഞ്ഞ ശ്രീധരൻപിള്ള പിന്നീട് നിയമോപദേശം തേടുക മാത്രമാണുണ്ടായത് എന്നു തിരുത്തി. തന്ത്രി കണ്ഠര് രാജീവര് ഇത് നിഷേധിച്ചതോടെ എന്നാൽ മറ്റാരെങ്കിലുമാകും വിളിച്ചതെന്നായി പിള്ളയുടെ നിലപാട്. അടിക്കടി നിറം മാറുന്നതു കാരണം സാമൂഹ്യമാധ്യമങ്ങളിലും കണക്കിന് പരിഹാസം ഏറ്റുവാങ്ങുകയാണ് പിള്ള. അതിനിടെയാണ് സ്ത്രീപ്രവേശനത്തിനെതിരെ ഇതുവരെ സ്വീകരിച്ച നിലപാടുകളിൽ മലക്കം മറിഞ്ഞ് പുതിയ നിലപാടുമായി ഇന്ന് പിള്ള രംഗത്തെത്തിയത്. ഈ വിഷയത്തിൽ ബിജെപി വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നതോടെ ഈ ഇരട്ടത്താപ്പ് തുറന്നു കാണിക്കാനാണ് സിപിഎം ഒരുങ്ങുന്നത്.

അതേസമയം, ശബരിമല സ്ത്രീപ്രവേശനവിധി ഭരണഘടനാ ബഞ്ചിന് മാത്രമേ സ്റ്റേ ചെയ്യാനാകൂ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വീണ്ടും വ്യക്തമാക്കി. ഭരണഘടനാ ബഞ്ചിന് മാത്രമേ ഈ വിധിയിൽ എന്തു മാറ്റവും വരുത്താനാകൂ. ജനുവരി 22 - ന് മുമ്പ് ശബരിമല കേസുകൾ പരിഗണിക്കാനാകില്ലെന്ന് വീണ്ടും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മണ്ഡലകാലത്തിനായി ശബരിമല നട തുറന്നതിനാൽ അടിയന്തരമായി പുനഃപരിശോധനാ ഹർജികൾ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി കേൾക്കാൻ തയ്യാറായില്ല. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുൾപ്പടെ അയ്യപ്പസേവാസംഘത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ അടിയന്തരമായി ഈ ഹർജി പരിഗണിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഉറച്ച നിലപാടെടുക്കുകയായിരുന്നു.