ചണ്ഡീഗഢ്: റഫാൽ യുദ്ധവിമാനങ്ങൾ സെപ്റ്റംബർ 10ന് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് യുദ്ധവിമാനങ്ങൾ വ്യോമസേനയ്ക്ക് സമർപ്പിക്കുക. സെപ്റ്റംബർ 10ന് ഹരിയാനയിലെ അംബാല വ്യോമത്താവളത്തിൽ വെച്ച് നടക്കുന്ന ചടങ്ങിലേക്ക് ഫ്രഞ്ച് പ്രതിരോധ മന്ത്രിയെയും ക്ഷണിച്ചിട്ടുണ്ട്.

ജൂലൈ 29നാണ് ഫ്രാൻസിൽ നിന്ന് അഞ്ച് റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. ആദ്യ ഘട്ടമായി ലഭിച്ച അഞ്ച് വിമാനങ്ങളിൽ മൂന്നെണ്ണം ഒരു സീറ്റുള്ളവും രണ്ടണ്ണം രണ്ട് സീറ്റുള്ളവയുമാണ്‌. വിമാനങ്ങൾ ഇന്ത്യയിൽ എത്തിച്ചേർന്ന ഉടനെ തന്നെ ഇന്ത്യൻ വ്യോമ സേന ഇതിൽ പരീശീലനം ആരംഭിച്ചിരുന്നു. ഫ്രാൻസിലെ ദയോ എവിയേഷനുമായി ചേർന്ന് നിർമ്മിച്ച് ഇന്ത്യ വാങ്ങുന്ന 36 വിമാനങ്ങളിൽ അഞ്ചെണ്ണമാണ്‌ അംബാലയിലെത്തിയത്. രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യത്തെ സുപ്രധാന യുദ്ധവിമാനമാണ് റഫാൽ.