ന്യൂഡൽഹി: മതധ്രുവീകരണം നടത്തുന്ന രാഷ്ട്രീയ പ്രവർത്തനം ബിജെപി നടത്തിയിട്ടില്ലെന്നും ഇനി നടത്തില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. മതവും ജാതിയും നോക്കി വോട്ടു പിടിക്കരുതെന്ന സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ 'മതേതര' പാർട്ടികൾ ശ്രദ്ധ ചെലുത്തണമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു. അതേസമയം, ഉത്തർ പ്രദേശിൽ വരാൻപോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാമക്ഷേത്ര വിഷയം ബിജെപി ഉയർത്തുമോ എന്ന ചോദ്യത്തിനു കോടതി മുമ്പാകെയുള്ള വിഷയമാണതെന്നായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ മറുപടി.

മതം, ജാതി, വംശം എന്നിവയുടെ പേരിൽ വോട്ടുപിടിക്കരുതെന്ന് വ്യക്തമാക്കി സുപ്രീംകോടതി പുറപ്പെടുവിച്ച നിർദ്ദേശത്തെ പിന്തുണയ്ക്കുന്നു. ബിജെപി ധ്രുവീകരണത്തിന്റെ രാഷ്ട്രീയം കളിച്ചിട്ടില്ല. ഭാവിയിൽ കളിക്കുകയുമില്ല. അങ്ങനെ പ്രവർത്തിച്ചിരുന്നെങ്കിൽ പാർലമെന്റിൽ ഇത്രയും ഭൂരിപക്ഷം നേടില്ലായിരുന്നു. ഒരു കോൺഗ്രസ് ഇതര പാർട്ടി ആദ്യമായാണ് ഇത്രയും ഉയർന്ന ഭൂരിപക്ഷം പാർലമെന്റിൽ നേടുന്നത്. കോടതി പറഞ്ഞതിനെ പൂർണമായും അംഗീകരിക്കുന്നു. രാഷ്ട്രീയം മനുഷ്യത്വത്തിന്റെയും നീതിയുടെയും പേരിലായിരിക്കണം. ഹിന്ദുത്വം മതമാണോ ജീവിതരീതിയാണോ എന്ന കാര്യത്തിൽ ചർച്ചയാകാമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിയിൽ മുലായം സിങ് യാദവും മകൻ അഖിലേഷ് യാദവും തമ്മിൽ നടക്കുന്ന പ്രശ്നങ്ങളിലും രാജ്നാഥ് സിങ് പ്രതികരിച്ചു. അച്ഛനും മകനും തമ്മിലുള്ള പോര് ഒരിക്കലും നല്ലതല്ല- അദ്ദേഹം പറഞ്ഞു.

മതത്തിന്റെ പേരിൽ വോട്ട് ചോദിക്കുന്നതിനെതിരെ തിങ്കളാഴ്ചയാണ് സുപ്രീം കോടതി നിർദ്ദേശം പുറപ്പെടുവിച്ചത്. ഏതെങ്കിലും സ്ഥാനാർത്ഥിയുടേയോ മറ്റോ ജാതിയോ മതമോ പറഞ്ഞ് വോട്ട് തേടുന്നത് നിയമവിരുദ്ധമായിരിക്കുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂർ ഉൾപ്പെടെയുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചിന്റേതായിരുന്നു വിധി. തിരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണ് മതത്തിന് ഇവിടെ പ്രസക്തിയില്ല. ജനപ്രതിനിധികളുടെ പ്രവർത്തനങ്ങളും മതേതരമാകണമെന്നും കോടതി വ്യക്തമാക്കി.

വിശ്വാസം വ്യക്തിപരമാണ്. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ തിരഞ്ഞെടുപ്പ് വ്യക്തിപരമായിരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഹിന്ദുത്വം മതമായി പ്രചരിപ്പിച്ച് അതുപയോഗിച്ച് വോട്ട് പിടിക്കുന്നതിനെതിരായ ഒരുകൂട്ടം ഹർജികൾ തീർപ്പാക്കിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.