- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാളെ എഴുപതാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ ആരാധകർക്ക് വഴങ്ങി സ്റ്റൈൽമന്നനും; രജനി ഫാൻസിനെ ഒതുക്കുന്നുവെന്ന പരാതി തീർക്കാൻ രജനി മന്റത്തിലെ പ്രമുഖരും പാർട്ടി തലപ്പത്തേക്ക്; രജനിക്കൊപ്പം അഭിനയിക്കാൻ തയ്യാറെന്ന് മാത്രം പറഞ്ഞ് അഴഗിരിയും; രജനിയുടെ പാർട്ടി രൂപീകരണ ചർച്ചകൾ പുരോഗമിക്കുമ്പോൾ
രജനീകാന്ത്: ബ്രൂസ്ലിക്കും ജാക്കിചാനും ശേഷം ലോകത്ത് ഏറ്റവും ആരാധകരുള്ള നടൻ രജനീകാന്ത് ആണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. നാളെ 70 വയസ്സ് തികയുന്ന ആ ബ്രഹ്മാണ്ഡ താരത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ തമിഴക രാഷ്ട്രീയവും മുന്നന്നോട്ട് നീങ്ങുന്നത്. രജനീകാന്ത് പ്രഖ്യാപിച്ച രാഷ്ട്രീയ പാർട്ടിയുടെ ഭാവി എന്താവും എന്നാണ് എവിടെയും ചർച്ച. നേരത്തെ പാർട്ടിയിയുടെ തലപ്പത്തേക്ക് രജനി മന്റത്തിന്റെ ഭാരവാഹികളെ അവഗണിക്കുന്നതായി പരാതി ഉണ്ടായിരുന്നു. ബിജെപിയിൽനിന്നുവന്ന അർജുന മൂർത്തിക്കാണ് ഇപ്പോൾ സർവാധികാരം എന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ്, തന്റെ ഫാൻസ് അസോസിയേഷൻ ഭാരവാഹികൾക്ക് രജനി അർഹിക്കുന്ന പരിഗണന നൽകിയത്. നാളെ താരത്തിന്റെ 70-ാം പിറന്നാൾ ആഘോഷം കെങ്കേമമാക്കാനുള്ള ഒരുക്കങ്ങൾ ആരാധകർ തുടങ്ങിയിട്ടുണ്ട്. രജനിയാകട്ടെ അണ്ണാതെ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി 14നു ഹൈരാബാദിലേക്ക് പോകും.
പാർട്ടിയിലെ വിവിധ കമ്മിറ്റികൾക്കു രൂപം നൽകാനുള്ള തിരക്കിട്ട ചർച്ചകളാണ് രജനിയുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്നത്. പാർട്ടി ഓവർസിയർ തമിഴരുവി മണിയൻ, ചീഫ് കോ-ഓർഡിനേറ്റർ അർജുന മൂർത്തി എന്നിവർക്കൊപ്പം തുടർച്ചയായ രണ്ടാം ദിവസവും താരം മക്കൾ മൻട്രം ജില്ലാ ഭാരവാഹികളുമായി ചർച്ച നടത്തി. പാർട്ടിയുടെ ഉന്നതതല കമ്മിറ്റിയാകുമെന്ന് കരുതപ്പെടുന്ന നിർവാഹക സമിതിയുടെ ഘടന, ഉൾപ്പെടുത്തേണ്ട അംഗങ്ങൾ എന്നിവ ചർച്ചയിൽ വിഷമായെന്നാണു സൂചന.
നിർവാഹക സമിതിക്കു പാർട്ടി രൂപീകരണത്തിനു മുൻപേ രൂപം നൽകാനാണു ശ്രമം. രജനി മക്കൾ മൻട്രത്തിൽനിന്നുള്ളവരും സമിതിയിലുണ്ടാകും. മൻട്രത്തിനു പുറത്തുനിന്നുള്ള 2 പേരെ ഉന്നത പദവികളിൽ നിയമിച്ചതു നേരത്തെ അസ്വാരസ്യമുണ്ടാക്കിയിരുന്നു.അതിനിടെ, രജനീകാന്തിനായി സഹോദരൻ സത്യനാരാണ റാവു തിരുവണ്ണാമല അരുണഗിരിനാഥർ തിരുക്കോവിലിൽ മൃത്യുഞ്ജയ ഹോമം നടത്തി. അനുഗ്രഹം തേടാനായി രജനീകാന്ത് കഴിഞ്ഞ ദിവസം ബെംഗളൂരുവിലെത്തി സഹോദരൻ സത്യനാരായണ റാവുവിനെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ്, തിരുവണ്ണാമല ക്ഷേത്രത്തിൽ നേരിട്ടെത്തി സഹോദരൻ മൃത്യുഞ്ജയ ഹോമം നടത്തിയത്. 10 ശിവാചാര്യന്മാരുടെ നേതൃത്വത്തിൽ നടന്ന ഹോമം രണ്ടര മണിക്കൂർ നീണ്ടു.മക്കൾ മൻട്രത്തിലെ കഠിനാധ്വാനികളായ പ്രവർത്തകരെ കണ്ടെത്തി പാർട്ടിയിൽ ഉന്നതപദവി നൽകുമെന്നു സത്യനാരാണയൻ പറഞ്ഞു. ദ്രാവിഡ പാർട്ടികൾ അന്ത്യത്തോടടുക്കുകയാണ്. ആരും അവരെ വിശ്വസിക്കില്ല. ദൈവമില്ലെന്നു പറയുന്ന പ്രത്യയ ശാസ്ത്രങ്ങൾക്കു അധിക കാലം നിലനിൽക്കാനാവില്ലെന്നും സത്യനാരായണൻ പറഞ്ഞു.
രജനിക്കൊപ്പം അഭിനയിക്കാൻ തയ്യാറെന്ന് അഴഗിരി
അവസരം ലഭിച്ചാൽ രജനീകാന്തിനൊപ്പം അഭിനയിക്കാൻ തയാറാണെന്നു ഡിഎംകെ വിമത നേതാവ് എം.കെ.അഴഗിരി. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മറുപടി. വോട്ടു ചെയ്യുന്നതും തിരഞ്ഞെടുപ്പിലെ പങ്കാളിത്തമാണെന്ന് അഴഗിരി പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ തന്റെ പങ്കാളിത്തമുണ്ടാകുമെന്ന മുൻ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മറുപടി. രജനിയുടെ പാർട്ടിയിൽ അഴഗിരി ഉണ്ടാകുമെന്ന അഭ്യൂഹം പൊതുവിൽ ശക്തമാണ്.
അണ്ണാഡിഎംകെയുടേത് ആത്മീയ രാഷ്ട്രീയമെന്ന് മന്ത്രി രാജേന്ദ്ര ബാലാജി. എംജിആറിന്റെ ഭരണത്തെക്കുറിച്ച് മതിപ്പുള്ളതുകൊണ്ടാണു രജനീകാന്ത് എംജിആർ ഭരണം നടപ്പാക്കുമെന്നു പറയുന്നത്. അതിൽ തെറ്റില്ല. പെരിയാറിനെയോ അണ്ണാദുരൈയെ കണ്ടല്ല, എംജിആറിനെയും ജയലളിതയെയും കണ്ടാണു താൻ അണ്ണാഡിഎംകെയിലേക്കു വന്നതെന്നു ബാലാജി പറഞ്ഞു.
പരാതി പരിഹരിച്ച് രജനി
വർഷങ്ങളായി രജനി ആരാധ കൂട്ടായ്മയുമായി ബന്ധപ്പെട്ടവരെ പാർട്ടി രൂപീകരണത്തിൽ പൂർണമായി തഴഞ്ഞുവെന്നാണു പരാതി നേരത്തെ ഉയർന്നിരുന്നു. മുഖ്യ രാഷ്ട്രീയ ഉപദേശകനായ തമിഴരുവി മണിയനെ ഓവർസിയറായും ബിജെപിയിൽനിന്നു രാജിവച്ചെത്തിയ ആർ.എ.അർജുന മൂർത്തിയെ ചീഫ് കോ-ഓർഡിനേറ്ററായും രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാനുള്ള ചുമതല ഇവർക്കാണ്. കമൽ ഹാസൻ പാർട്ടി തുടങ്ങിയ സമയത്തു രസികർ മൻട്രം ഭാരവാഹികൾക്കു നിർണായക പദവികൾ നൽകിയത് ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, രജനി പൂർണമായി പുറത്തുനിന്നുള്ളയാളുകളെ ആശ്രയിച്ചതു തങ്ങളുടെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്ന് ഇവർ പറയുന്നു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിലവിൽ രജനി മക്കൾ മൻട്രം കമ്മിറ്റികളുണ്ട്. 16 ജില്ലകളിൽ എല്ലാ ബൂത്തുകളിലും കമ്മിറ്റിയായി. ഇതിനെല്ലാം നേതൃത്വം നൽകിയതു ജില്ലാ സെക്രട്ടറിമാരാണ്. ഇവർക്കൊന്നും പുതിയ സംവിധാനത്തിൽ സ്ഥാനം നൽകാത്തതു മൻട്രം ഭാരവാഹികൾക്കിടയിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്.
തമിഴരുവി മണിയൻ രജനിയുടെ രാഷ്ട്രീയ ഉപദേശകനാണെങ്കിലും മക്കൾ മൻട്രവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടില്ല. പല രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചു പരിചയമുള്ള അദ്ദേഹം നിലവിൽ ഗാന്ധി മക്കൾ ഇയക്കമെന്ന സ്വന്തം പാർട്ടിയുടെ പ്രസിഡന്റാണ്. ബിജെപി ബൗദ്ധിക സെൽ സംസ്ഥാന പ്രസിഡന്റായിരുന്ന അർജുന മൂർത്തിയുടെ പദവി പലരെയും ഞെട്ടിച്ചു. രജനീകാന്ത് ചീഫ് കോ-ഓർഡിനേറ്ററായി പ്രഖ്യാപിക്കുന്ന സമയത്താണു മക്കൾ മൻട്രം ഭാരവാഹികൾ പോലും അദ്ദേഹത്തെ കാണുന്നത്. ആരാധകരുമായി നേരിട്ടു ബന്ധമില്ലാത്തവരെടുക്കുന്ന തീരുമാനങ്ങൾ പാളിപ്പോകുമോയെന്ന ആശങ്കയും മക്കൾ മൻട്രത്തിനുള്ളിലുണ്ടായിരുന്നു. അതുകൊണ്ടാണ് രജനി ഇപ്പോൾ മൻട്രത്തെക്കൂടി വിശ്വാസത്തിൽ എടുക്കുന്നത്.
മറുനാടന് ഡെസ്ക്