നാച്യുറൽ ആക്ടിങ്ങിന് തമിഴകത്ത് പുതിയ മാനം നൽകിയ താരമാണ് ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന മക്കൾ സെൽവനെന്ന വിജയ് സേതുപതി. തന്റെ ശൈലിയിൽ തമിഴ് സിനിമയെ ആകെ ഒന്നു പിടിച്ചു കുലുക്കിയ താരം ചുരുങ്ങി വർഷത്തിനുള്ളിൽ കേരളത്തിലടക്കം നിരവധി ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. തന്റെ 25ാം ചിത്രമായ സീതാകാതിയിലും അത്ഭുത പ്രകടനമാണ് മക്കൾ സെൽവൻ നടത്തിയിരിക്കുന്നത്. ഇതിന് നിരവധി പ്രശംസകളാണ് നടനെ തേടിയെത്തുന്നത്. അതിൽ ഏറ്റവും മാറ്റ് കൂടിയത് സൂപ്പർ സ്റ്റാറിന്റെ പ്രശംസയാണ്.

'മക്കൾ സെൽവ'നെ പ്രശംസകൾ കൊണ്ട് മൂടുകയാണ് തമിഴകത്തിന്റെ സ്വന്തം തലൈവർ. 'സീതാക്കാതി' എന്ന പരീക്ഷണചിത്രത്തിൽ വേറിട്ട അനുഭവം കാഴ്ചവെച്ച സേതുപതിയാണ് തമിഴകത്തിന്റെ സ്വന്തം സ്‌റ്റൈൽ മന്നൻ രജനീകാന്തിന്റെ പ്രശംസകൾ ഏറ്റുവാങ്ങുന്നത്. നല്ല സിനിമകളെയും അതിനു പിറകിൽ പ്രവർത്തിക്കുന്നവരെയും എപ്പോഴും അനുമോദിക്കാനും പിന്തുണയ്ക്കാനും മടിക്കാത്ത താരമാണ് സൂപ്പർസ്റ്റാർ രജനീകാന്ത്.അതിന് നിരവധി ഉദാഹരണങ്ങൾ ഉണ്ട്താനും.

'വിജയ് സേതുപതി എന്നാൽ വ്യത്യസ്തത എന്നാണ് അർത്ഥം, വ്യത്യസ്തത എന്നാൽ വിജയ് സേതുപതി എന്നും' 'സീതാക്കാതി'യിലെ വിജയ് സേതുപതിയുടെ അഭിനയം കണ്ട് താരം വിജയ് സേതുപതിയെ വിശേഷിപ്പിച്ച വാക്കുകളാണിത്. കോംപ്രമൈസുകൾക്ക് തയ്യാറാവാതെ മനോഹരമായ രീതിയിൽ 'സീതാക്കാതി' ഒരുക്കിയ സംവിധായകൻ ബാലാജി ധരണീധരനെയും അഭിനന്ദിക്കാൻ തലൈവർ മറന്നില്ല.

വിജയ് സേതുപതിയുടെ 25-ാമത്തെ ചിത്രമാണ് 'സീതാക്കാതി'. 'നടുവിലെ കൊഞ്ചം പാക്കാത കാണോം' എന്ന ഹിറ്റിന് ശേഷം വിജയ് സേതുപതിയും ബാലാജി ധരണീധരനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിൽ 80 വയസ്സുകാരനായ ഒരു നാടകകലാകാരന്റെ വേഷത്തിലാണ് വിജയ് എത്തിയത്. ചിത്രത്തിനായി ആരെയും അത്ഭുതപ്പെടുത്തുന്ന മേക്കോവറും താരം നടത്തിയിട്ടുണ്ട്.

വിജയ്യുടെ മേക്കപ്പ് ഡിസൈൻ നിർവ്വഹിച്ചിരിക്കുന്നത് ഓസ്‌കർ പുരസ്‌കാര ജേതാക്കളായ കെവിൻ ഹനേയ്, അലക്‌സ് നോബിൾ എന്നിവർ ചേർന്നാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് ദേശീയപുരസ്‌കാര ജേതാവ് അർച്ചനയാണ്. രമ്യ നമ്പീശൻ, ഗായത്രി, പാർവ്വതി നായർ, സംവിധായകൻ മഹേന്ദ്ര എന്നിവരും 'സീതാക്കാതി'യിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.