കോതമംഗലം: രാജുപോൾ പടിയിറങ്ങുന്നു. നേട്ടങ്ങളുടെ നിറവുമായി. കർമ്മമണ്ഡലത്തിൽ 34 വർഷം പൂർത്തിയാക്കി, തൊട്ടതെല്ലാം പൊന്നാക്കിയാണ് രാജുപോൾ കളിക്കളത്തിലെ ഔദ്യോഗിക ജീവിതത്തോട് വിടചൊല്ലുന്നത്. കായികരംഗത്ത് കോതമംഗലത്തിന്റെ കീർത്തി വാനോളം ഉയർത്തിയതിൽ രാജുപോളിന്റെ ഇടപെടൽ നിർണ്ണായകമായിരുന്നെന്ന കാര്യത്തിൽ രണ്ട് പക്ഷമില്ല. കായിക മത്സരങ്ങളിൽ കാര്യമായി ശ്രദ്ധിക്കപ്പെടാതിരുന്ന കോതതമംഗലം സെന്റ് ജോർജ്ജ് ഹയർ സെക്കന്ററി സ്‌കൂളിനെ 8 തവണ ദേശീയ തലത്തിലും 10 തവണ സംസ്ഥാന തലത്തിലും ചാമ്പ്യൻസ് കീരീടം അണിയിച്ചാണ് രാജുപോൾ കളം വിടുന്നത്.

ഒളിമ്പ്യന്മാരായ സിനി ജോസ് ,അനിൽഡ തോമസ്, കെ.എം.ബീനാമോൾ എന്നിവരുടെയും കഴിഞ്ഞ ഏഷ്യൻഗെയിംസിൽ സ്വർണ്ണമണിഞ്ഞ വിസ്്മയയുടെയും ഗുരുസ്ഥാനത്ത് നിറഞ്ഞു നിൽക്കുന്നതും രാജുപോൾ തന്നെ. ഇന്ന് മത്സര രംഗത്ത് തിളങ്ങി നിൽക്കുന്ന നിരവധി ദേശീയ -അന്തർദേശീയ താരങ്ങളെ ട്രാക്കിലെത്തിച്ചതിലും ഇദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല. കോഴിക്കോട് ഫിസിക്കൽ എജ്യൂക്കേഷൻ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കി ഇങ്ങുമ്പോൾ 21 വയസ്സായിരുന്നു പ്രായം. താമസിയാതെ പഴയ കോതമംഗലം രൂപതയിലെ പാറത്തോട് സ്‌കൂളിൽ ജോലി ലഭിച്ചു.ഇവിടെ നിന്നാണ് ഒളിമ്പ്യൻ ബീനാമോളിലെ കായിക മികവ് രാജുപോൾ തിരിച്ചറിഞ്ഞത്. തോക്കുപാറ,കോതമംഗലം വെളിയേൽച്ചാൽ,ഊന്നുകൽ എന്നിവിടങ്ങളിലെ സ്‌കൂളുകളിലും കായികാധ്യാപകനായി സേവനം അനുഷ്ഠിച്ചു. വെളിയേൽച്ചാൽ സ്‌കൂളിനെ ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തെത്തിച്ചതോടെയാണ് രാജുപോൾ കോതമംഗലത്തെ കായിക പ്രേമികളുടെ മനസ്സിൽ ഇടംപിടിച്ചത്.

2002-ൽ കോതമംഗലം സെന്റ് ജോർജ്ജിൽ കായികാധ്യപകനായി ചുമതലയേറ്റത് മുതൽ വിജയങ്ങൾ ഒന്നൊന്നായി അരകികിലെത്തി. ഇവിടുത്തെ 16 വർഷത്തെ സേവന കാലയളവിലാണ് ഇദ്ദേഹത്തിന്റെ പ്രവർത്തന മികവ് പരക്കെ അംഗീകരിക്കപ്പെട്ടത്. 2004-ൽ കൊച്ചിയിൽ നടന്ന സംസ്ഥാന സ്‌കൂൾ മീറ്റ് മുതൽ തുടർച്ചയായി 5 വർഷം സെന്റ് ജോർജ്ജ് സ്‌കൂൾ ചാമ്പ്യൻന്മാരായി. ഇടയ്ക്ക് കാലിടറിയെങ്കിലും 2011, 2012, 2014 വർഷങ്ങളിലും സെന്റ് ജോർജ്ജ് ചാമ്പ്യൻസ് പട്ടത്തിൽ മുത്തമിട്ടു. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് സമാപിച്ച സ്‌കൂൾ മീറ്റിൽ കപ്പടിച്ചതോടെ 10 തവണ ഈ നേട്ടം സ്വന്തമാക്കുക എന്ന അപൂർവ്വ നേട്ടവും സെന്റ്ജോർജ്ജിന് സ്വന്തമായി.

ഇതിനിടയിൽ എട്ടുവർഷം ദേശീയ തലത്തിലും സെന്റ് ജോർജ്ജ് സ്‌കൂൾ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.സ്‌കൂൾ ഒളിമ്പിക്സിലും രാജുപോളിന്റെ ശിഷ്യർ തിളങ്ങി. വരും കാലത്ത് സ്‌കൂളിന്റെ കായിക രംഗത്തെ പ്രവർത്തനങ്ങളിൽ തന്റെ കാര്യമായ ഇടപെടൽ ഉണ്ടാവില്ലെന്ന് രാജുപോൾ വ്യക്തമാക്കിക്കഴിഞ്ഞു. പൂർവ്വകാല വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും ഉൾപ്പെടുന്നതും സ്‌കൂളിലെ കായികതാരങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് പ്രവർത്തിച്ചുവരുന്നതുമായ കമ്മറ്റിയിൽ ഒരംഗമായി മാത്രം താനുണ്ടാവുമെന്നാണ് രാജുപോളിന്റെ പ്രഖ്യാപനം. സംസ്ഥാന അദ്ധ്യാപക അവാർഡ് അടക്കം ചെറുതും വലുതുമായ നിരവധി ബഹുമതികൾ രാജു പോളിന് ലഭിച്ചിട്ടുണ്ട്.

കോതമംഗലം കോഴിപ്പിള്ളി ഇഞ്ചൂർ പുതയത്തുമോളേൽ പി വി പൗലോസ് -ബ്രിജിത്ത് ദമ്പതികളുടെ മൂന്നാമത്തെ മകനാണ് രാജുപോൾ. ഭാര്യ ഷിജിയുടെയും മക്കളുടെയും ഭാഗത്തുനിന്നുണ്ടായ പിന്തുണ കൊണ്ടാണ് കാര്യമായ സമ്മർദ്ദമില്ലാതെ തനിക്ക് ജോലിചെയ്യാനായതെന്നും ഇതുവരെയുള്ള നേട്ടങ്ങൾക്കുപിന്നിലെ പ്രധാന പ്രേരക ശക്തി ഇവരായിരുന്നുമാണ് രാജുപോളിന്റെ പക്ഷം. പത്താം കിരീടം സ്വന്തമാക്കി കോതമംഗലത്തെത്തിയ സെന്റ് ജോർജ്ജ് ഹയർ സെക്കന്ററി സ്‌കൂളിലെ കായികതാരങ്ങൾക്കും പരിശീലകൻ രാജു പോളിനും നഗരത്തിൽ ഉജ്വല വരവേൽപ്പാണ് ലഭിച്ചത്.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്‌കൂൾ കവാടത്തിൽ മാനേജ്മെന്റ് ഭാരവാഹികളും ഓൾഡ് സ്റ്റുഡൻസ് അസ്സോസിയേഷൻ ഭാരവാഹികളും കായിക പ്രേമികളും ചേർന്ന് രാജു പോളിനെയും കായികതാരങ്ങളെയും ഹാരമണിയിച്ച് സ്വീകരിച്ചു. ആർപ്പ് വിളിച്ചും വിജയഭേരി മുഴക്കിയും രാജുപോളിനെ തോളിലേറ്റിയും സ്‌കൂൾ വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും നഗത്തിലൂടെ ആഹ്ളാദ പ്രകടനം നടത്തി. സ്‌കൂളിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി മുൻസിപ്പൽ ഓഫീസിന് മുന്നിലാണ് സമാപിച്ചത്.

തുടർന്ന് നടന്ന അനുമോദന യോഗത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു രാജു പോളിനെ ഷാളണിയിച്ചു. അനുമോദന സമ്മേളനത്തിന്റെ ഉദ്ഘാടനവും ചെയർപേഴ്സൺ നിർവ്വഹിച്ചു. ചടങ്ങിൽ ഒട്ടുമിക്ക കൗൺസിലർമാരും പങ്കെടുത്തു. സ്‌കൂളിനോട് വിട ചൊല്ലുന്നതിനുള്ള വിഷമം വ്യക്തമാക്കിയായിരുന്നു രാജു പോളിന്റെ മറുപടിപ്രസംഗം. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും സെന്റ് ജോർജ്ജിനെ ഒന്നാം സ്ഥാനത്തെത്തിക്കാൻ കഴിഞ്ഞത് ഒരു പാട് പേരുടെ സഹായം കൊണ്ടാണെന്നും ഇവരോട് ഉള്ള കടപ്പാട് വാക്കുകളിൽ ഒതുക്കാവുന്നതല്ലന്നും എല്ലാ വിജയവും ജഗദീശ്വരന് സമർപ്പിക്കുന്നു എന്നും വ്യക്തമാക്കിയാണ് രാജു പോൾ വാക്കുകൾ ചുരുക്കിയത്.രാജുപോളിന്റെ പടിയിറക്കത്തോടെ സ്‌കൂളിലെ കായികതാരങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാവുമോ എന്ന ആശങ്ക വ്യാപകമായി കഴിഞ്ഞു.

സ്്കൂളിൽ ഹോസ്റ്റൽ സൗകര്യം നൽകി കായികതാരങ്ങൾക്ക് പരിശീലനം നൽകേണ്ടതില്ല എന്ന് സ്‌കൂൾ മാനേജ്മെന്റ് ഇതിനകം തന്നെ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. ഇത്തവണ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളെയും മറ്റ് സ്‌കൂളുകളിൽ നിന്നും ഇവിടേയ്ക്ക് കൊണ്ടുവന്ന നിർദ്ധന കുടുംബാംഗങ്ങളിൽ നിന്നുള്ള കായിക പ്രതിഭകളേയും സ്‌കൂളിന്റെ ഈ നിലപാട് കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.