നാം നമ്മുടെ പൂർവ്വികതയെ അറിയണം

മ്മുടെ സാധാരണ കാഴ്ചയിൽ, ചിത്രത്തിൽ കാണുന്നതിനെ ഒരു ഒഴുക്കൻ മട്ടിൽ, ഒരു തലയോട്ടി എന്നേ പറയു. പക്ഷേ അത് ഫോസിൽ തലയോട്ടിയണ്. അത് വിലപിടിച്ചതാണ്, അമൂല്യമാണ്. നരവംശശാസ്ത്രത്തിലെ( പാലിയോ ആന്ത്രപ്പോളജി) അതിപ്രധാന ഘടകമാണിത്.

പേര് ആസ്ത്രലോപിത്തേക്കസ് ആഫ്രിക്കാനസ്. മനുഷ്യപരിണാമ വൃക്ഷത്തിലെ ഒരു ശാഖ. ഈ വിഭാഗത്തിലെ അനേകം ഫോസിലുകൾ കിട്ടിയിട്ടുണ്ട്. ജീവിതകാലം കഴിഞ്ഞ 32 ലക്ഷം വർഷം മുതൽ കഴിഞ്ഞ 20 ലക്ഷം വർഷം വരെ. ജന്മദേശം ആഫ്രിക്കൻ ഭൂഖണ്ഡം. ഈ മനുഷ്യപൂവികൻ നമ്മുടെ സ്വന്തം ജീനസായ ഹോമോക്ക് മുമ്പ് ജീവിതം തുടങ്ങിയ ആളാണ്.(ഹോമോയിലെ ആദ്യത്തെ മനുഷ്യ പൂർവികനാണ് ഹോമോ ഹാബിലിസ്, 24 ലക്ഷം വർഷം തൊട്ട്.)

ജൈവപരിണാമ പ്രക്രിയ എന്നത്, കോണിപ്പടി പോലെ നേരെ മുകളിലോട്ട് കയറിപ്പോകുന്നത് മാതിരിയല്ല; നാം ഇന്ന് ഫോസിലുകളിലൂടെ ജീവന്റെ ചരിത്രത്തിലേക്ക് നോക്കുമ്പോൾ കാണുന്നത്. മറിച്ച് ഒരു വൃക്ഷം പോലെ, ഒരു ബുഷ് ചെടിപോലെ ശാഖോപശാഖകളായിട്ടാണ് രൂപപ്പെടുന്നത്. ഒരേ സമയം സാമ്യതയുള്ള അനവധി ജീവികൾ ഉണ്ടായിരിക്കും. അപ്രകാരം മനുഷ്യ പരിണാമ ശ്രേണിയിലെ കഴിഞ്ഞ 32 ലക്ഷം വർഷം തൊട്ടുള്ള ഒരു ശാഖയാണ്; മസ്തിഷ്‌കം 450 ക്യുബിക്ക് സെന്റീമീറ്റർ മാത്രമുള്ള ആസ്ത്രലോപിത്തേക്കസ് ആഫ്രിക്കാനസ്.
ഇവർ പൂർണമായും ഇരുകാലി നടത്തം സാദ്ധ്യമായവരാണ്.

നാം ഇവിടെ അറിയേണ്ട പരമമായ സത്യം, കഴിഞ്ഞ രണ്ടായിരം വർഷങ്ങൾക്ക് ശേഷം എഴുതപ്പെട്ട മതഗ്രന്ഥങ്ങൾ, അവ നിർമ്മിച്ച ദൈവം; ആ ദൈവത്താൽ സൃഷ്ടിക്കപ്പെട്ട ഒരു സൃഷ്ടിയല്ല മനുഷ്യൻ എന്ന അനശ്വരമായ വസ്തുതയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന മനുഷ്യൻ ആറാം നൂറ്റാണ്ടിലെ പമ്പര വിഡ്ഡിത്തങ്ങൾക്ക് കാതുകൊടുക്കരുത്. ഇന്നത്തെ മനുഷ്യൻ എന്നത്, കഴിഞ്ഞ 70 ലക്ഷം വർഷം തൊട്ട് ഇരുകാലി നടത്തം സാധ്യമായി തുടങ്ങിയ, ചിമ്പാൻസിയുമായി 98.5 ശതമാനം ജനിതക സാമ്യമുള്ള, ഒരു ജീവിയുടെ തുടർച്ചയായ മാറ്റങ്ങളുടെ പരമ്പരയിലെ ഇന്നത്തെ ജീവജാതി മാത്രമാണ്. ഇന്നത്തെ മനുഷ്യൻ ആയിത്തീരാൻ എടുത്ത സമയമാണ്, അല്ലെങ്കിൽ അവൻ, അവന്റെ പൂർവരൂപങ്ങളിൽ നിന്ന് പരിണമിച്ച് ഇന്നിലെത്താൻ എടുത്ത സമയമാണ് 70 ലക്ഷം വർഷം.

എന്നാൽ മനുഷ്യന്, അവൻ സൃഷ്ടിച്ച ദൈവത്തെകൊണ്ട് അവനെതന്നെ സൃഷ്ടിക്കാൻ എടുത്ത സമയമോ വെറും അരനിമിഷം.എന്നാണ് മനുഷ്യാ, നീയാണ് സൃഷ്ടാവ് എന്ന പരമസത്യം നീ മനസിലാക്കുക.

( ശാസ്ത്രലേഖകനായ രാജുവാടാനപ്പള്ളി ഫേസ്‌ബുക്കിൽ കുറിച്ചത്)