ബെംഗളൂരു: രാജ്യസഭാ തിരഞ്ഞെടുപ്പിൽ ജനതാദൾ(എസ്) എംഎൽഎമാരായ ശ്രീനിവാസ് ഗൗഡയും ശ്രീനിവാസ് ഗബ്ബിയും കോൺഗ്രസിന് വേണ്ടി വോട്ട് ചെയ്തു. കർണാടകയിൽ നാല് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നിർണായകമായ ഒരു സീറ്റിന് വേണ്ടി പ്രതിപക്ഷ കക്ഷികളായ കോൺഗ്രസും ജെഡിഎസും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്നതിനിടയിലാണ് ബിജെപിയെ പരാജയപ്പെടുത്താൻ ജെഡിഎസിന്റെ കൂറുമാറിയുള്ള വോട്ട്. ഇരുപാർട്ടികളും തമ്മിലുള്ള മത്സരത്തിനിടെയാണ് എംഎൽഎമാരുടെ നടപടി.

മുപ്പത്തിരണ്ട് നിയമസഭാംഗങ്ങളുള്ള ജെഡിഎസിലെ രണ്ട് എംഎൽഎമാർ കൂറുമാറി വോട്ട് ചെയ്തതായി ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയും സ്ഥിരീകരിച്ചിട്ടുണ്ട്. ജെഡിഎസിനെ പോലൊരു പൊതുജനപാർട്ടിയെ പിന്തുണയ്ക്കുന്നതിന് പകരം ബിജെപിയെ ശക്തിപ്പെടുത്തുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും കുമാരസ്വാമി പറഞ്ഞു.

കോൺഗ്രസിനാണ് വോട്ട് ചെയ്തത് എന്ന് പ്രതികരിച്ച ശ്രീനിവാസ് ഗൗഡയോട് കാരണം ചോദിച്ചപ്പോൾ കോൺഗ്രസിനോട് തനിക്കിഷ്ടമുണ്ട് എന്നായിരുന്നു മറുപടി. ജെഡിഎസിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേരുമെന്ന് ഗൗഡ മുമ്പും പറഞ്ഞിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി മൻസൂർ അലിഖാന് വോട്ടുരേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പിന്റെ തലേന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ജെഡിഎസ് എംഎൽഎമാർക്ക് കത്തെഴുതിയിരുന്നു.

ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തണമെന്ന് കോൺഗ്രസിന് ആഗ്രഹമില്ലെന്ന് കുമാരസ്വാമി കുറ്റപ്പെടുത്തുകയും കോൺഗ്രസിന്റെ തരംതാണ രാഷ്ട്രീയക്കളിയിൽ നിന്ന് ജെഡിഎസ് എംഎൽഎമാരെ അകറ്റിനിർത്താൻ അവരെ രഹസ്യമായി മാറ്റുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് നാല് രാജ്യസഭാസീറ്റുകളിലേക്കായി നടന്ന തിരഞ്ഞെടുപ്പിൽ ആറ് സ്ഥാനാർത്ഥികളാണ് നാമനിർദ്ദേശം സമർപ്പിച്ചിരുന്നത്. ബിജെപി മൂന്നും കോൺഗ്രസ് രണ്ടും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. രണ്ട് സീറ്റുകൾ ബിജെപിക്കും ഒരു സീറ്റ് കോൺഗ്രസും ഉറപ്പിച്ചിരുന്നു.

നാലാമത്തെ സീറ്റിന് വേണ്ടിയായിരുന്നു മത്സരം നിലനിന്നിരുന്നത്. ജെഡിഎസിന് വിജയിക്കാമായിരുന്ന സീറ്റിൽ കോൺഗ്രസിന് വേണ്ടി എംഎൽഎമാർ വോട്ട് മാറി ചെയ്തതിനെ കുമാരസ്വാമി അപലപിച്ചു. എന്നാൽ 2020-ൽ കുമാരസ്വാമിയുടെ പിതാവും മുൻപ്രധാനമന്ത്രിയുമായിരുന്ന എച്ച്ഡി ദേവഗൗഡയുടെ രാജ്യസഭാംഗത്വത്തിന് സഹായിച്ച കോൺഗ്രസിന് ജെഡിഎസ് പ്രത്യുപകാരം ചെയ്യേണ്ട സമയമാണിതെന്നാണ് കോൺഗ്രസിന്റെ വാദം.