ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെയും, ഹരിയാനയിലെയും കനത്ത തിരിച്ചടി നേരിട്ട പ്രതിപക്ഷ നിരയ്ക്ക് കടുത്ത നിരാശ. മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അട്ടിമറി ജയമാണ് നേടിയത്. രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്ന 16 സീറ്റുകളിൽ 8 എണ്ണത്തിലും ബിജെപി ജയിച്ചു. ഹരിയാനയിലെ രണ്ട് സീറ്റുകളും എൻഡിഎ ജയിച്ചപ്പോൾ മഹാരാഷ്ട്രയിലും കർണാടകയിലും മൂന്ന് സീറ്റ് വീതം ബിജെപി സ്വന്തമാക്കി. കോൺഗ്രസ് അഞ്ച് സീറ്റിൽ ജയിച്ചു

മഹാരാഷ്ട്രയിൽ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ ശിവസേന നിയമനടപടി സ്വീകരിക്കും. ഹരിയാനയിൽ രാഹുൽ ഗാന്ധിയുടെ നിർദ്ദേശം മറികടന്ന് ബിജെപിക്ക് വോട്ട് ചെയ്ത എംഎൽഎയെ കോൺഗ്രസ് പുറത്താക്കും.

നാല് സംസ്ഥാനങ്ങളിൽ നിർണ്ണായകമായ രാജ്യസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം നേട്ടമുണ്ടാക്കിയത് രാജസ്ഥാനിൽ മാത്രമാണ്. ബിജെപി ഉയർത്തിയ കടുത്ത വെല്ലുവിളികൾക്കിടയിലും നാലിൽ മൂന്ന് സീറ്റ് നേടാനായി. എന്നാൽ ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തോൽവി വലിയ ക്ഷീണമായി. മത്സരം കടുത്ത മഹാരാഷ്ട്രയിലെ ആറാമത്തെ സീറ്റ് ശിവേസന പ്രതീക്ഷിച്ചെങ്കിലും 41 വോട്ടുകൾ നേടി ബിജെപി സീറ്റ് സ്വന്തമാക്കി.

13 സ്വതന്ത്രരുടെ പിന്തുണ പ്രതീക്ഷിച്ച മഹാവികാസ് അഘാഡിയെ 5 പേർ മാത്രം പിന്തുണച്ചപ്പോൾ ആകെ കിട്ടിയത് 36 വോട്ട് മാത്രം. ബാലറ്റ് പേപ്പർ പരസ്യപ്പെടുത്തിയെന്ന ബിജെപിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ശിവസേന അംഗത്തിന്റെ വോട്ട് അസാധുവാക്കിയതും ക്ഷീണമായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ശിവസേന കോടതിയിൽ ചോദ്യം ചെയ്യും.

ഹരിയാനയിൽ മുതിർന്ന നേതാവ് അജയ് മാക്കന്റെ തോൽവി കോൺഗ്രസിന് കനത്ത ആഘാതമായി. ദശാംശം 66 വോട്ടിന്റെ മൂല്യത്തിലാണ് ബിജെപി സ്വതന്ത്രനും ന്യൂസ് എക്‌സ് ചാനൽ ഉടമയുമായ കാർത്തികേയ ശർമ്മയോട് മാക്കൻ തോറ്റത്. മാക്കന്റെ സ്ഥാനാർത്ഥിത്വത്തിൽ പരസ്യപ്രതിഷേധം നടത്തിയ കുൽദീപ് ബിഷ്‌ണോയ് എംഎൽഎ ബിജെപിയെ തുണച്ചതാണ് തിരിച്ചടിയായത്. ബിഷ്‌ണോയുടെ പാർട്ടി അംഗത്വം സസ്‌പെൻഡ് ചെയ്തും നിയമസഭാംഗത്വം റദ്ദ് ചെയ്യാൻ സ്പീക്കർക്ക് കത്ത് നൽകിയും കോൺഗ്രസ് നടപടി സ്വീകരിക്കും.

കർണ്ണാകടത്തിൽ നിർണ്ണായകമായ സീറ്റിൽ ചിതറി നിന്നതും പ്രതിപക്ഷ മുന്നേറ്റത്തിന് തടസമായി. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുൻപ് നടന്ന രാജ്യസഭ തെരഞ്ഞടുപ്പിലെ തിരിച്ചടി പ്രതിപക്ഷത്തിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല.

കർണാടകയിൽ നിന്ന് നിർമ്മലാ സീതാരാമനും , കോൺഗ്രസ് സ്ഥാനാർത്ഥി ജയറാം രമേശും രാജ്യസഭയിലേക്ക് വിജയിച്ചു. ത്രികോണ മത്സരം നടന്ന നാലാം സീറ്റ് ബിജെപിക്ക് കിട്ടി. പ്രഫറൻഷ്യൽ വോട്ടിങ്ങിലേക്ക് നീങ്ങിയ നാലാം സീറ്റിൽ ബിജെപി സ്ഥാനാർത്ഥി ലെഹർ സിങ് സിരോയ വിജയിച്ചു. നിർമ്മലാ സീതാരാമൻ, നടൻ ജഗ്ഗീഷ് അടക്കം മൂന്ന് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. രണ്ട് സ്ഥാനാർത്ഥികളെ നിർത്തിയ കോൺഗ്രസിൽ ജയറാം രമേശ് മാത്രമാണ് വിജയിച്ചത്. നിർമല സീതാരാമനും ജയറാം രമേശിനും 46 വോട്ട് വീതം ലഭിച്ചു. തെരഞ്ഞെടുപ്പിൽ ജെഡിഎസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാത്തതിൽ അതൃപ്തി വ്യക്തമാക്കി കുമാരസ്വാമി രംഗത്തെത്തി. കോൺഗ്രസ് ബിജെപിയുടെ ബി ടീമെന്നാണ് ജെഡിഎസ് വിമർശനം.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ കോൺഗ്രസിനാണ് ജയം. രാജസ്ഥാനിലെ നിർണ്ണായകമായ മൂന്ന് സീറ്റിലും കോൺഗ്രസ് ജയിച്ചു. രാജസ്ഥാനിൽ മുകുൾ വാസ്നിക്, രൺദീപ് സിങ് സുർ ജേവാല, പ്രമോദ് തിവാരി എന്നീ കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ചു. ബിജെപി സ്ഥാനാർത്ഥി ഘനശ്യാം തിവാരിയും ജയിച്ചു. ബിജെപി സ്വതന്ത്രനും, സീ ന്യൂസ് ഉടമയുമായ സുഭാഷ് ചന്ദ്ര തോറ്റു. കക്ഷിനില കോൺഗ്രസ് 3 ബിജെപി 1 എന്നാണ്.

മഹാരാഷ്ട്രയിലെ 6 സീറ്റുകളിലും, രാജസ്ഥാൻ, കർണ്ണാടക എന്നിവിടങ്ങളിലെ നാല് വീതം സീറ്റുകളിലും, ഹരിയാനയിലെ രണ്ട് സീറ്റുകളിലുമാണ് മത്സരം നടന്നത്. രാജസ്ഥാനിലെ മൂന്നാമത്തെ സീറ്റിൽ കോൺഗ്രസിന് ജയിക്കാൻ 15 വോട്ടുകൾ കൂടി അധികം വേണമായിരുന്നു. സ്വതന്ത്രരുടെ പിന്തുണയോടെ ജയം ഉറപ്പിക്കാൻ കോൺഗ്രസിന് സാധിച്ചു.