ന്യൂഡൽഹി: ഗവർണർ പദവിയും രാജ്യസഭാ സീറ്റും വാഗ്ദാനം ചെയ്ത് സ്വകാര്യ വ്യക്തികളിൽ നിന്നും കോടികൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തെ അഴിക്കുള്ളിലാക്കി സിബിഐ. നാലു പേരെ അറസ്റ്റ് ചെയ്തതായും ഒരാൾ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ടതായും സിബിഐ അറിയിച്ചു. ഇയാൾക്കെതിരെ തിരച്ചിൽ ശക്തമാക്കി.

100 കോടി രൂപയ്ക്ക് രാജ്യസഭാ സീറ്റ് 'വിൽപ്പനയ്‌ക്കെന്ന' ഓഫറുമായി ഇടപാടു നടത്തിയ റാക്കറ്റാണ് സിബിഐയുടെ വലയിലായത്. പണം കൈമാറുന്നതിന് തൊട്ടുമുൻപാണ് റാക്കറ്റിനെ അഴിക്കുള്ളിലാക്കിയത്. ഗവർണർ സ്ഥാനത്തിനും 100 കോടി രൂപയായിരുന്നു വാഗ്ദാനം.

കുറച്ചുനാളുകളായി ഫോൺവഴിയുള്ള ഇത്തരം ഇടപാടു കോളുകൾ സിബിഐ നിരീക്ഷിക്കുന്നുണ്ടായിരുന്നു. നാലു പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര സ്വദേശി കർമലാകർ പ്രേംകുമാർ ബന്ദ്ഗർ, കർണാടക സ്വദേശി രവീന്ദ്ര വിതൽ നായക്, ഡൽഹി സ്വദേശികളായ മഹേന്ദ്ര പാൽ അറോറ, അഭിഷേക് ബൂറ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നൂറു കോടിയുടെ തട്ടിപ്പാണ് സംഘം ലക്ഷ്യമിട്ടതെന്ന് സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥൻ എന്ന വ്യാജേനയാണ് ബാന്ദ്ഗർ പ്രവർത്തിച്ചിരുന്നതെന്ന് എഫ്ഐആറിൽ പറയുന്നു. ഉന്നത ബന്ധങ്ങളുണ്ടെന്നും അതുവഴി രാജ്യസഭാ സീറ്റ് തരപ്പെടുത്തി നൽകാമെന്നും വാഗ്ദാനം ചെയ്തായിരുന്നു സ്വകാര്യ വ്യക്തികളെ സമീപിച്ചത്.

അഭിഷേക് ബൂറയും കർമലാകർ പ്രേംകുമാർ ബന്ദ്ഗറും ചേർന്നാണ് ബന്ദ്ഗറുടെ ബന്ധങ്ങൾ ഉപയോഗിച്ച് ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി ചങ്ങാത്തത്തിലായി ഇത്തരം കബളിപ്പിക്കൽ നടപ്പാക്കാനൊരുങ്ങിയത്.

ഉന്നത ബന്ധങ്ങളുണ്ടെന്ന് വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു പ്രതികളുടെ ഇടപെടൽ. രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അടുത്ത ബന്ധം പുലർത്തുന്നവരെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന് ശ്രമം നടന്നത്. പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, അഴിമതി വിരുദ്ധ നിയമം എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

രാജ്യസഭാ സീറ്റ്, ഗവർണർ പദവി, കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ചെയർമാൻ പദവികൾ എന്നിവ സംഘടിപ്പിച്ചുതരാമെന്ന വാഗ്ദാനത്തിൽ ആളുകളിൽനിന്നു പണം വാങ്ങാനായിരുന്നു സംഘത്തിന്റെ പദ്ധതി. നൂറു കോടി രൂപയെങ്കിലും ഇതിലൂടെ നേടാമെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടൽ.

വാഗ്ദാനവുമായി ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഇവർ സമീപിച്ചതായി സിബിഐക്കു വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. സിബിഐ ഉദ്യോഗസ്ഥരെ ആക്രമിച്ചു കടന്നു കളഞ്ഞ ഒരാൾക്കെതിരെ ലോക്കൽ പൊലീസ് വേറെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.