ന്യൂഡൽഹി: കർണാടകയിൽ ഒഴിവുവന്ന നാലു സീറ്റുകളിലേക്ക് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ചരിത്ര നേട്ടം. മൂന്ന് സീറ്റിൽ ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസിന് ഒരിടത്ത് മാത്രമാണ് ജയിക്കാനായത്. കേന്ദ്രമന്ത്രിയായ നിർമല സീതാരാമനും മുൻ കേന്ദ്രമന്ത്രിയായ ജയറാം രമേശുമാണ് ജയിച്ചവരിൽ പ്രമുഖർ. ഇരുവർക്കും ജയിക്കാനാവശ്യമായ 46 വോട്ടുകൾ വീതം ലഭിച്ചു.

ത്രികോണ മത്സരം നടന്ന നാലാം സീറ്റ് ബിജെപിക്ക് കിട്ടി. പ്രഫറൻഷ്യൽ വോട്ടിങ്ങിലേക്ക് നീങ്ങിയ നാലാം സീറ്റിൽ ബിജെപി സ്ഥാനാർത്ഥി ലെഹർ സിങ് സിരോയ വിജയിച്ചു. നിർമ്മലാ സീതാരാമൻ, നടൻ ജഗ്ഗീഷ് അടക്കം മൂന്ന് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു.

രണ്ട് സ്ഥാനാർത്ഥികളെ നിർത്തിയ കോൺഗ്രസിൽ ജയറാം രമേശ് മാത്രമാണ് വിജയിച്ചത്. നിർമല സീതാരാമനും ജയറാം രമേശിനും 46 വോട്ട് വീതം ലഭിച്ചു. അതേസമയം, കോടീശ്വരനായ ഡി. കുപേന്ദ്ര റെഡ്ഡിയെ രംഗത്തിറക്കിയ ജെഡിഎസ് തിരിച്ചടി നേരിട്ടു. നാലു സീറ്റുകളിലേക്ക് ആറു പേർ നാമനിർദ്ദേശ പത്രിക നൽകിയതോടെയാണ് ഇവിടെ ചൂടേറിയ മത്സരത്തിന് കളമൊരുങ്ങിയത്. തെരഞ്ഞെടുപ്പിൽ ജെഡിഎസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാത്തതിൽ അതൃപ്തി വ്യക്തമാക്കി കുമാരസ്വാമി രംഗത്തെത്തി. കോൺഗ്രസ് ബിജെപിയുടെ ബി ടീമെന്നാണ് ജെഡിഎസ് വിമർശനം.

അതേ സമയം രാജസ്ഥാനിൽ ബിജെപിക്ക് തിരിച്ചടി നേരിട്ടു. കോൺഗ്രസ് നാലിൽ മൂന്നിടത്തും വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥികളായ ദേശീയ നേതാക്കൾ മുകുൾ വാസ്നിക്, രൺദീപ് സിങ് സുർജേവാല, പ്രമോദി തിവാരി എന്നിവർ വിജയിച്ചു. ഘനശ്യാം തിവാരിയാണ് ജയിച്ച ബിജെപി സ്ഥാനാർത്ഥി. കോൺഗ്രസിലെ തമ്മിലടിയിൽ അട്ടിമറി പ്രതീക്ഷിച്ച് ബിജെപി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിച്ച സീ ന്യൂസ് ചാനൽ ഉടമ സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു.

കോൺഗ്രസിന്റെ പ്രമോദ് തിവാരിയും ബിജെപി പിന്തുണയുള്ള സ്വതന്ത്രൻ സുഭാഷ് ചന്ദ്രയും തമ്മിലായിരുന്നു രാജസ്ഥാനിൽ ഭാഗ്യപരീക്ഷണം. ഇവിടെ ബിജെപി എംഎൽഎ ശോഭ റാണി ഖുശ്വാഹ കോൺഗ്രസിന് വോട്ടു ചെയ്തു. കോൺഗ്രസിന് വോട്ടു ചെയ്ത ധോൽപുർ എംഎൽഎ ശോഭ റാണി ഖുശ്വാഹയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ബിജെപി അറിയിച്ചു.

കോൺഗ്രസിലെ ഭിന്നത മുതലെടുക്കാൻ ബിജെപി തുനിഞ്ഞിറങ്ങിയതോടെ രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഹരിയാനയിൽ ഭൂപിന്ദർ സിങ് ഹൂഡയും കർണാടകയിൽ സിദ്ധരാമയ്യയും നേരിട്ടാണ് കൂറുമാറ്റം തടയാൻ നേതൃത്വം നൽകിയത്. ചാക്കിട്ടുപിടുത്തം ഭയന്ന് റിസോർട്ടുകളിലേയ്ക്ക് മാറ്റിയിരുന്ന എംഎൽഎമാരെ രാവിലെ വോട്ടെടുപ്പിന് എത്തിച്ചിരുന്നു.

തെരഞ്ഞെടുപ്പിൽ രൺദീപ് സിങ് സുർജേവാല 43, മുകുൾ വാസ്നിക് 42, പ്രമോദ് തിവാരി 41, ഘനശ്യാം തിവാരി 43, എന്നിങ്ങനെയാണ് ലഭിച്ച വോട്ടുകൾ. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ 41 വോട്ടാണ് വേണ്ടിയിരുന്നത്.

രാജസ്ഥാനിൽ മൂന്നു സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു. 'കോൺഗ്രസിന് മൂന്നു സ്ഥാനാർത്ഥികളേയും വിജയിപ്പിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്ന് ആദ്യം മുതലേ വ്യക്തമായിരുന്നു. പക്ഷേ, ഒരു സ്വതന്ത്രനെ നിർത്തി ബിജെപിയാണ് കുതിരക്കച്ചവടം നടത്തിയത്. പക്ഷേ, കോൺഗ്രസ് എംഎൽഎമാരുടെ ഒറ്റക്കെട്ടായുള്ള പ്രവർത്തനം അവർക്കുള്ള തക്ക മറുപടിയായി. ഇനി 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി സമാനമായ തോൽവി നേരിടും' ഗെഹ്ലോട്ട് പറഞ്ഞു.

15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളാണ് രാജ്യസഭയിൽ ഒഴിവു വന്നിട്ടുള്ളത്. ഇതിൽ 41 ഇടത്ത് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാലു സംസ്ഥാനങ്ങളിലായി അവശേഷിക്കുന്ന 16 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.

മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക, ഹരിയാന സംസ്ഥാനങ്ങളിലായിരുന്നു വോട്ടെടുപ്പ്. കുതിര കച്ചവട സാധ്യത ഭയന്ന് രാഷ്ട്രീയ പാർട്ടികൾ ഹരിയാനയിലും, രാജസ്ഥാനിലും, മഹാരാഷ്ട്രയിലും എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റിയിരുന്നു. കർണ്ണാടകയിലും എംഎൽഎമാരെ കുതിരക്കച്ചവട സാധ്യത ഭയന്ന് റിസോർട്ടിലാക്കി. ജെഡിഎസ്സിന്റെ മുഴുവൻ എംഎൽമാരെയുമാണ് റിസോർട്ടിലേക്ക് മാറ്റിയത്.

മഹാരാഷ്ട്രയിലെ 6 സീറ്റുകളിലും, രാജസ്ഥാൻ, കർണ്ണാടക എന്നിവിടങ്ങളിലെ നാല് വീതം സീറ്റുകളിലും, ഹരിയാനയിലെ രണ്ട് സീറ്റുകളിലുമാണ് മത്സരം. ഇതിൽ ബിജെപി 6 സീറ്റുകളിലും, കോൺഗ്രസ് നാല് സീറ്റുകളിലും, ശിവസേന, എൻസിപി പാർട്ടികള് ഓരോ സീറ്റിലും ജയം ഉറപ്പിച്ചു . രാജസ്ഥാനിലെ മൂന്നാമത്തെ സീറ്റിൽ കോൺഗ്രസിന് ജയിക്കാൻ 15 വോട്ടുകൾ കൂടി അധികം വേണമായിരുന്നു. സ്വതന്ത്രരുടെ പിന്തുണയോടെ ജയം ഉറപ്പിക്കാൻ കോൺഗ്രസിന് സാധിച്ചു.