മുംബൈ: രാജ്യത്തെ പ്രമുഖ വ്യവസായിയും ട്രേഡറും ഇൻവെസ്റ്ററുമായ രാകേഷ് ജുൻജുൻവാലയുടെ മരണവാർത്ത ഇന്ത്യൻ വ്യവസായ ലോകത്തെ ശരിക്കും ഞെട്ടിച്ചിരുന്നു. 'ഇന്ത്യയുടെ വാറൻ ബഫറ്റ്' എന്നറിയപ്പെടുന്ന ശതകോടീശ്വരന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം, ജുൻജുൻവാലയുടെ ഡാൻസ് വിഡിയോ പങ്കുവച്ചാണ് ആദരാഞ്ജലി അർപ്പിച്ചത്. വീൽചെയറിൽ ഇരുന്ന് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം 'ബണ്ടി ഓർ ബബ്ലി' എന്ന ബോളിവുഡ് സിനിമയിലെ 'ഗജ്രാ രെ...' എന്ന ഗാനത്തിനാണ് രാകേഷ് ഡാൻസ് ചെയ്യുന്നത്. 'രണ്ട് വൃക്കകളും തകരാറിലായ രാകേഷ് ഡയാലിസിസിന് വിധേയനായിരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും ജീവിക്കണമെന്ന് ഈ വിഡിയോ പഠിപ്പിക്കുന്നു'- സഞ്ജയ് ട്വിറ്ററിൽ കുറിച്ചു.

ഞായറാഴ്ച രാവിലെ 6.45നാണ് രാകേഷ് ജുൻജുൻവാലയെ മുംബൈയിലെ കാൻഡി ബ്രീച്ച് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആകാശ എയർലൈൻസിന്റെ ഉദ്ഘാടന ദിനത്തിലാണ് ഏറ്റവുമൊടുവിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.