ന്യൂഡൽഹി : ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീം പരാജയപ്പെടാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികായത്ത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് മോദി സർക്കാർ ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്തിയത് എന്നും തനിക്കതിൽ അതിയായ ഖേദമുണ്ടെന്നും ടികായത്ത് പറഞ്ഞു. ഉത്തർപ്രദേശിലെ ഭാഗപട്ടിൽ വെച്ച് നടത്തിയ പരിമർശം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

കൂടുതൽ വോട്ട് ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മോദി സർക്കാരിന് ഏത് ടീമിനെ വേണമെങ്കിലും തോൽപ്പിക്കാൻ സാധിക്കും. പാർട്ടിക്ക് കായിക മത്സരമല്ല, വോട്ടാണ് പ്രധാനം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം താൻ കണ്ടില്ലെന്നും മറ്റ് ഗ്രാമവാസികൾ പറഞ്ഞാണ് മോദി സർക്കാരിന്റെ ഇടപെടൽ താൻ അറിയുന്നത് എന്നും ടികായത്ത് പറഞ്ഞു.

ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിൽ ഇന്ത്യൻ ടീം പരാജയപ്പെട്ടാൽ തീർച്ചയായും ചിലരെങ്കിലും പടക്കം പൊട്ടിച്ച് ആഘോഷിക്കും. ആളുകൾ ഇന്ത്യൻ ടീമിനെ അപമാനിക്കുകയും ചെയ്യും. ഇത്തരം പ്രവൃത്തികൾ ബിജെപിക്ക് വോട്ട് നേടിക്കൊടുക്കുമെന്നും ടികായത്ത് പറഞ്ഞു.

ബിജെപി നേതാക്കൾ മുസ്ലിം കായികതാരങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ക്യാമ്പെയിൻ നടത്തിയെന്നും ടികായത്ത് ആരോപിച്ചു. താനും ഒരു കായികതാരമാണ്. ഇന്ത്യൻ ടീം പരാജപ്പെട്ടതിൽ തനിക്ക് ഇതിയായ ദുഃഖമുണ്ടെന്നും ടികായത്ത് കൂട്ടിച്ചേർത്തു.