തൃശൂർ: ഹർത്താൽ ദിവസം ചാലക്കുടി അതിരപ്പിള്ളി റോഡിൽ വെറ്റിലപ്പാറയിൽ സ്‌കൂട്ടറിലേക്കു കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റു ചികിൽസയിൽ കഴിഞ്ഞിരുന്ന യുവ എൻജിനീയർ മരിച്ചു. പങ്ങട വിജയാദ്രിയിൽ ഹരിദാസിന്റെ മകൾ രാഖി ഹരിദാസ്( 25) മരിച്ചത്.

ഒപ്പം സഞ്ചരിച്ച കോട്ടയം ഏലക്കാട് തളിപ്പറമ്പിൽ ആതിര രാമചന്ദ്രന്റെ (24) നില ഗുരുതരമായി തുടരുന്നു. ആതിര എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിൽസയിലാണ്. കഴിഞ്ഞ 16ന് ഉച്ചയ്ക്കു രണ്ടുമണിയോടെയായിരുന്നു അപകടം. വെറ്റിലപ്പാറ പൊലീസ് സ്റ്റേഷനു സമീപം ട്രൈബൽ ഹോസ്റ്റലിനു മുൻവശത്തു കാർ നിയന്ത്രണം വിട്ടു സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സ്‌കൂട്ടർ പൂർണമായി തകർന്നു.

അതിരപ്പള്ളി പൊലീസ് സ്‌റ്റേഷന് സമീപമായിരുന്നു അപകടം. യുവതികൾ സുഹൃത്തുക്കൾക്കൊപ്പം വിനേദ സഞ്ചാരത്തിന് പോയതായിരുന്നു. ഏറണാകുളം വാഴക്കല ഭാഗത്തെ ജുവലറിയിലെ ജീവനക്കാർ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് ഇടിച്ചത്. തൃശൂർ യുഐടി ഗ്ലോബൽ ജീവനക്കാരിയായിരുന്നു രാഖി.

ഗുരുതര പരുക്കേറ്റ രാഖിയെ എറണാകുളത്തു സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും ഫലമുണ്ടായില്ല. തൃശൂരിൽ സ്വകാര്യ കമ്പനിയിൽ എൻജിനീയറായിരുന്നു. മാതാവ് രാജലക്ഷ്മി, സഹോദരൻ: രോഹിത് ഹരിദാസ്.