കുറിപ്പ് എഴുതണോ വേണ്ടയോ എന്ന് ആലോചിച്ചാണ് തുടങ്ങുന്നത്. സുരക്ഷിത യായി രാത്രി വീട്ടിലെത്തിയ ഒരു പെണ്ണിന്റെ ആശ്വാസമാണ് ഇതെഴുതുമ്പോൾ. കോട്ടയത്തെ ഓഫീസിൽ നിന്ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ സമയം 7.50 ആയി.

പനമ്പിള്ളി നഗറിൽ ഒരു സുഹൃത്തിനെ കാണാമെന്ന് പകൽ തന്നെ മീറ്റിങ് ഫിക്‌സ് ചെയ്തതാ. സാധാരണ അസൗകര്യമുള്ളപ്പോൾ അറിയിക്കാറുള്ള സുഹൃത്തിന് ഇന്ന് കഴിഞ്ഞില്ല. ഫോണിലൂടെ സന്ദേശമെത്തുമ്പോൾ ഞാൻ ഊബർ എടുത്തു പോയി. ഒപ്പം ട്രെയിനിൽ യാത്ര ചെയ്യുന്ന സമിതയും കൂടെയുണ്ട്. സമിത അഭിഭാഷകയാണ്, ലോ കോളേജ് അദ്ധ്യാപികയും.

സ്മിതയെ സൗത്തിൽ ഇറക്കാമെന്ന് വാക്കു പറഞ്ഞ് വിളിച്ചാണ് ഊബർ എടുത്തിരുന്നത്. ഊബറിൽ സ്ഥിരം യാത്ര ചെയ്യുന്ന എനിക്ക് ആദ്യമായാണ് ഒരു പെൺ ഡ്രൈവറെ കിട്ടുന്നത്. സ്മാർട്ട് ആയി പെരുമാറിയ ആ പെൺകുട്ടിയോട് ഞാൻ സ്ത്രീ സുരക്ഷയെ കുറിച്ചും എറണാകുളം നഗരം തരുന്ന സ്വാതന്ത്ര്യത്തെ കുറിച്ചുമൊക്കെ സംസാരിച്ചു.

പനമ്പിള്ളി നഗറിൽ എത്തുന്നതിന് മുൻപ് മീറ്റിങ്ങ് ക്യാൻസൽ ആയെന്നും തിരികെ വീട്ടിലേക്ക് ഒരുമിച്ച് പോകാമെന്നും ഓഫീസിലുള്ള ഭർത്താവിനെ അറിയിച്ചു. സൗത്തിൽ സമിത ഇറങ്ങി. പിന്നീടുള്ള സംസാരം ഒരു മാദ്ധ്യമ പ്രവർത്തകയുടെ anxitey ആയിരുന്നു. കേരളത്തിലെ ഒരേ ഒരു ladyuber driver ഉമായി. പനമ്പിള്ളി നഗറിലെത്തിയ ഞങ്ങൾ ട്രിപ്പ് അവസാനിപ്പിച്ചു. ഉബർ ഡ്രൈവറെ ചായ കുടിക്കാൻ വിളിച്ചപ്പോൾ വേണ്ട എന്നു പറഞ്ഞില്ല.

രാവിലെ 5 മണിക്ക് തുടങ്ങിയ അവളുടെ തിരക്കേറിയ ഒരു ദിവസത്തിൽ ആരും അവൾക്ക് ഒരു ചായ ഓഫർ ചെയ്യാനുണ്ടായിരുന്നില്ല എന്നാണവൾ പറഞ്ഞത്. ചായ കുടിക്കുമ്പോൾ തന്നെ അവൾക്ക് അടുത്ത ട്രിപ് വന്നു. നന്ദി പറഞ്ഞ് പിരിയുമ്പോൾ അവളുടെ നമ്പറും ഞാൻ വാങ്ങി. മാഡത്തിനെ മറക്കില്ല. എന്ന് പറഞ്ഞ് അവൾ പോയി. ഞാനും പുറത്തേക്കിറങ്ങി. ഭർത്താവ് വരുന്നത് വരെ ക്രോസ് വേഡിൽ കയറി നല്ല ഏതെങ്കിലും പുസ്തകം വാങ്ങാം എന്നു കരുതി നടക്കുകയാണ് ഞാൻ.

സമയം ഏകദേശം 8. 25 ആയി. പനമ്പിള്ളി നഗർ എന്നത്തെയും പോലെ തിരക്കിൽ. നടന്നു നീങ്ങുന്ന എന്റെ നേർക്ക് ഒരു ബുള്ളറ്റ് പാഞ്ഞുവന്നു. പിന്നെ പെട്ടെന്നു സ്ലോ ചെയ്തു. 'വരുന്നോ മോളേ ' എന്ന് ഞാൻ വ്യക്തമായി കേട്ടു . തിരിഞ്ഞു നോക്കുന്ന നേരത്തിൽ പൊടിപറത്തി അത് പോയി. എനിക്ക് നിർവികാരതയും സ്വതവേ ഉള്ള തന്റേടവും മാത്രമാണ് തോന്നിയത്. പിന്നെയും നടന്നു. മനോരമയ്ക്ക് എതിർവശമാണ് ക്രോസ് വേഡ്. ക്രോസ് വേഡ് എത്തിയപ്പോൾ മറ്റൊരാൾ, കക്ഷി സ്‌കൂട്ടറിലാണ് 'കൂടെ വാ.... ടീ.... 'എന്ന് അധികാരത്തോടെ വിളിക്കുന്നു.

നമ്പർ നോട്ട് ചെയ്യാൻ മൊബൈൽ ലോക്ക് മാറ്റുമ്പോൾ അയാളും സ്‌കൂട്ടറിൽ പാഞ്ഞു പോയി. ഒരേ ദിവസം. അതും സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിച്ച് 15 മിനിട്ട് കഴിഞ്ഞ് 10 മിനിട്ടിന്റെ ഇടവേളയിൽ നടന്നതാണിത്. ഭർത്താവ് വന്നത് വീണ്ടും 20 മിനിട്ട് കഴിഞ്ഞാണ് വന്നത്. മനോരമയുടെ മുന്നിൽ ക്രോസ് വേഡിനുള്ളിൽ ഞാൻ സുരക്ഷിത യാണെന്നറിയാമായിരുന്നു.

പക്ഷെ ഭർത്താവ് കൂട്ടിക്കൊണ്ട് പോകാനില്ലാത്ത തനിച്ച് രാത്രി യാത്ര ചെയ്യുന്ന സ്ത്രീകളെ കുറിച്ചാണ് ഞാൻ ചിന്തിച്ചത്. ജീൻസും ടോപ്പുമണിഞ്ഞ് രാത്രി റോഡിലിറങ്ങിയാൽ കാമം തീർക്കാനാണെന്ന് കരുതുന്ന ഒരു വിഭാഗം ആണുങ്ങളെക്കുറിച്ചാണ്. നട്ടെല്ലില്ലാത്ത, അമ്മയോട് പോലും കാമം തോന്നുന്ന അത്തരക്കാരെ 'ആണ് 'എന്ന് പറയാൻ പോലും അറപ്പാണ് തോന്നിയത്.

(വനിതയുടെ സബ് എഡിറ്ററായ ലേഖിക ഫെയ്‌സ് ബുക്കിൽ കുറിച്ചത്)