മുംബൈ: ഐപിഎൽ ഫൈനലിനുശേഷം നടന്ന സമ്മാനദാനച്ചടങ്ങിൽ കളിക്കാരേക്കാൾ ഏറെ കാണികളുടെ മനംകവർന്ന മറ്റൊരാളുണ്ട്. ടൂർണമെന്റിലെ സ്‌പോൺസർമാരിൽ ഒന്നായ യെസ് ബാങ്കിന്റെ പ്രതിനിധി രാഖി കപൂർ ടണ്ടനാണ് ഹൃദ്യമായ പുഞ്ചിരിയിലൂടെ കാണികളുടെ മനസിൽ ഇടംനേടിയത്.

ഐപിഎൽ ഫൈനൽ കൊള്ളയടിച്ച സുന്ദരി എന്നാണ് ഇപ്പോൾ രാഖി കപൂർ ടണ്ടനുള്ള വിശേഷണം. ഞായറാഴ്ചത്തെ ഫൈനൽ മത്സരത്തിന് ശേഷം ഇവരുടെ ആയിരക്കണക്കിന് ചിത്രങ്ങളാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്. ഒരു ഘട്ടത്തിൽ ട്വിറ്ററിലെ ട്രെൻഡിങ്ങ് ടോപ്പിക്കുകളിൽ ഒന്നായിരുന്നു ഇവർ.

യെസ് ബാങ്കിന്റെ പ്രതിനിധിയായി സമ്മാനദാനത്തിന് എത്തിയ രാഖിയുടെ പുഞ്ചിരി ഹിറ്റാകുകയായിരുന്നു. ഇവർ ആരാണ് എന്ന സോഷ്യൽ മീഡിയ അന്വേഷണത്തിനൊടുവിൽ ആളെ കണ്ടെത്തി. യെസ് ബാങ്ക് സ്ഥാപകനും സിഇഒയുമായ റാണ കപൂറിന്റെ മകളാണ് രാഖി. ഇന്ത്യയിലെ നാലമത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് യെസ് ബാങ്ക്.

യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവാനിയയിൽ നിന്ന് എംബിഎ ഡിഗ്രി ലഭിച്ചിട്ടുള്ള രാഖി അമേരിക്കയിൽ ഒരു ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായി ജോലി ചെയ്യുകയാണ്. ഇന്ത്യ ടുഡേ തിരഞ്ഞെടുത്ത ഇന്ത്യയിലെ സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയിൽ 25-ാം സ്ഥാനത്തായിരുന്നു 28 വയസ്സുള്ള ഈ സുന്ദരി. ദുബായി ആസ്ഥാനമായി ബിസിനസ് നടത്തുന്ന അൽകേഷാണ് രാഖിയുടെ ഭർത്താവ്.