- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംബിഎക്കാരന് ഗൾഫിലേക്ക് വിസ ശരിയാക്കി കാത്തിരുന്ന അച്ഛൻ; കഴിഞ്ഞ മാസത്തെ യാത്ര മുടക്കിയത് കോവിഡ്; നേപ്പാൾ വഴി പോകാനുള്ള ശ്രമവും നടന്നില്ല; തോക്കിന് പിന്നിൽ ബീഹാർ കണക്ഷൻ എന്ന നിഗമനത്തിൽ പൊലീസ്; ബാലസ്റ്റിക് റിപ്പോർട്ട് നിർണ്ണായകമാകും
കൊച്ചി: കോതമംഗലത്ത് മാനസയെ വെടിവച്ചു കൊല്ലാൻ രാഖിൽ തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നാണെന്നാണ് ഇതുവരെയുള്ള സൂചന. കേരളത്തിലേക്കു പഞ്ചാബ്, ബിഹാർ എന്നിവിടങ്ങളിൽനിന്നു വ്യാജ തോക്കുകൾ എത്തുന്നതായി കേന്ദ്ര രഹസ്യാന്വേഷണ സംഘങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ മറ്റ് സാധ്യതകളും തേടും. കടുത്ത നിരാശയിലാണ് രാഖിൽ ക്രൂരത ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.
കൊലപാതകത്തിന് ഉപയോഗിച്ച ലൈസൻസ് ഇല്ലാത്ത കൈത്തോക്കുമായി ബന്ധപ്പെട്ട് ബിഹാറിൽ തോക്കുകൾ ഉണ്ടാക്കി കൊടുക്കുന്ന ക്രിമിനൽ സംഘങ്ങളിലേക്ക് അന്വേഷണം നീളുന്നു. കൊലയ്ക്കു ശേഷം തെളിവ് ഇല്ലാതാക്കാനായി എളുപ്പത്തിൽ അഴിച്ചെടുത്തു നശിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള തോക്കാണു മാനസയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്തു മരിച്ച രഖിൽ ഉപയോഗിച്ചത്.
കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലേക്കും മംഗളൂരുവിലേക്കും ഇത്തരത്തിൽ തോക്കുകൾ എത്തിക്കുന്നുണ്ടെന്ന് സൂചനയുണ്ട്. ബിഹാറിൽനിന്നാണു തോക്കു വാങ്ങിയതെങ്കിൽ അതിന്റെ ഉറവിടവുമായി ബന്ധപ്പെട്ട അന്വേഷണം നടത്താൻ കേരളാ പൊലീസിന് കഴിയില്ല. വ്യാജ തോക്ക് കടത്തുന്നവരിൽ നിന്നാകാം രഖിലിന് ഇതു ലഭിച്ചതെന്ന നിഗമനത്തിലാണു പൊലീസ്.
ബാലിസ്റ്റിക് വിദഗ്ദ്ധർ തോക്കു പരിശോധിച്ച ശേഷം നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ. ഇതിൽ ഉപയോഗിച്ചിരിക്കുന്ന തിരകളുടെ ശേഷിയും ലഭ്യതയും എല്ലാം പരിശോധിക്കണം.
കുറച്ചു നാളുകളായി രഖിലിനു സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായും സുഹൃത്തുക്കൾ പറയുന്നു. ഒരു ഫ്‌ളാറ്റിന്റെ ജോലി ചെയ്ത വകയിൽ വലിയ തുക കിട്ടാനുണ്ടായിരുന്നു. പണം കിട്ടാനായി പൊലീസിൽ പരാതി നൽകി. ഇവിടെ നിന്നാണു സാമ്പത്തിക പ്രതിസന്ധി തുടങ്ങിയത്.
ഇന്റീരിയർ ജോലികൾക്കായി കണ്ണൂരിലെ പല ഫർണിച്ചർ ഷോപ്പുകളിൽ നിന്നും സാധനങ്ങൾ കടമായി വാങ്ങിയിട്ടുണ്ട്. പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഷോപ്പ് ഉടമകളുടെ വിളി വെള്ളിയാഴ്ച രാവിലെയും രഖിലിനു വന്നിരുന്നു. എന്നാൽ ഫോൺ എടുത്തില്ല. തുടർന്നു സന്ദേശം അയച്ചെങ്കിലും മറുപടിയുണ്ടായില്ല.
ബുധനാഴ്ച ജോലി സംബന്ധമായി എറണാകുളത്ത് എത്തണമെന്നു പറഞ്ഞു രഖിൽ വീട്ടിൽ നിന്നു പോയതെന്ന് രാഖിലിന്റെ അച്ഛൻ പറയുന്നു. രാത്രി തിരിച്ചെത്തി ട്രെയിൻ കിട്ടിയില്ലെന്നും നാളെ പോകുമെന്നും പറഞ്ഞു. വ്യാഴാഴ്ച വീണ്ടും പോയി. ഇതിനിടെയാണോ തോക്ക് സംഘടിപ്പിച്ചതെന്ന സംശയവും പൊലീസിനുണ്ട്.
ബെംഗളൂരുവിൽ എംബിഎ പഠിച്ച മകനു ഗൾഫിൽ ജോലിക്കായി വീസ ശരിയാക്കിയിരുന്നുവെന്നും രാഖിലിന്റെ അച്ഛൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞമാസം പോകാനിരുന്നതാണ്. അപ്പോഴേക്കും വിമാന സർവീസ് നിലച്ചു. നേപ്പാൾ വഴി പോകാൻ ശ്രമം തുടർന്നെങ്കിലും നടന്നില്ല. കോതമംഗലത്തു നിന്നുള്ള പൊലീസ് സംഘം ഇന്നലെ മേലൂരിലെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ