- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റാഗ്രാമിലെ സ്റ്റൈലിഷ് ചിത്രങ്ങളിൽ തുടങ്ങിയ അടുപ്പം; കള്ളം തിരിച്ചറിഞ്ഞ് മാനസ പിന്മാറിയപ്പോൾ ജീവിക്കുകയാണെങ്കിൽ ഒരുമിച്ചു മാത്രം എന്ന ഭീഷണി; പൊലീസിൽ പരാതി കൊടുത്തത് കോളേജിലും ശല്യം കൂടിയപ്പോൾ; ഒഴിവാക്കൽ രാഖിലിനെ സൈക്കോ കാമുകനാക്കി; കഥ കേട്ട് ഞെട്ടി നാറാത്തുകാർ
കണ്ണൂർ: ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാമിലൂടെയാണ് കണ്ണൂർ നാറാത്ത് രണ്ടാം മൈൽ പാർവണം വീട്ടിൽ പി.വി.മാനസയും തലശ്ശേരി മേലൂർ സ്വദേശി രാഖിലും തമ്മിൽ പരിചയപ്പെടുന്നത്. അത് അതിവേഗം പ്രണയമായി. രാഖിലിന്റെ പ്രൊഫൈലിലെ സ്റ്റൈലിഷ് ചിത്രങ്ങളിൽ വിശ്വസിച്ചായിരുന്നു അടുപ്പം തുടങ്ങിയത്. കണ്ണൂരുകാരെന്ന ഘടകം ബന്ധത്തെ ഊട്ടിയുറപ്പിച്ചു. പിന്നീട് വാക്കുകളിലെ ചതി മാനസ തിരിച്ചറിഞ്ഞു. ഇതോടെ വിഷയം പൊലീസിന് മുമ്പിലുമെത്തി. പക്ഷേ പിരിയാൻ രാഖിൽ തയ്യാറായില്ല. പകയുമായി മാനസയെ വെടിവച്ചു വീഴ്ത്തി.
സോഷ്യൽ മീഡിയയിലെ ചതിക്കുഴിയാണ് മാനസയേയും പറ്റിച്ചത്. ചിലപ്പോഴെല്ലാം മോഡലുകളെപ്പോലെ പോസ് ചെയ്ത ചിത്രങ്ങൾ. ബെംഗളൂരുവിൽനിന്ന് എംബിഎ പൂർത്തിയാക്കി സ്വന്തമായി ബിസിനസ് ചെയ്യുന്ന കണ്ണൂർ സ്വദേശി, എറണാകുളത്തും കണ്ണൂരിലുമായി താമസം-ഇതൊക്കെയാണ് ചാറ്റിംഗിൽ മാനസയ്ക്ക് കിട്ടിയ സന്ദേശങ്ങൾ. ഇത് മനസ്സിലാക്കിയായിരുന്നു ബന്ധം തുടങ്ങൽ. മാനസയെ കൂടെ നിർത്താൻ രാഖിൽ നിരന്തരം കള്ളവും പറഞ്ഞു.
മികച്ച വരുമാനമുള്ള, സുമുഖനായ ചെറുപ്പക്കാരൻ ഇതോടെ മാനസയുടെ ജീവിതത്തിലെ വില്ലനായി. കോതമംഗലത്ത് ബിഡിഎസ്സിനു പഠിക്കുന്ന മാനസ രാഖിലുമായി പതിയെ അകന്നു. ഈ അകൽച്ച രാഖിൽ അംഗീകരിച്ചില്ല. ആദ്യ പ്രണയ തകർച്ചയുടെ വേദന മാറ്റാൻ മാനസയുമായി അടുത്ത രാഖിലിന് എങ്ങനേയും പണമുണ്ടാക്കുയെന്ന ചിന്തയും ഇതോടെ ഉണ്ടായി. കുറച്ചു മാസങ്ങൾ മാത്രമായിരുന്നു രാഖിലും മാനസയും തമ്മിൽ നല്ല ബന്ധം ഉണ്ടായിരുന്നത്.
ഒരേ നാട്ടുകാർ എന്ന ഘടകവും പ്രണയത്തിലേക്കു നയിക്കാനിടയാക്കി. എറണാകുളത്തു സ്ഥിരമായി പോകാറുള്ള രാഖിലും മാനസയും തമ്മിലുള്ള അടുപ്പത്തിന് തുടക്കത്തിൽ നല്ല ആഴമുണ്ടായിരുന്നു. കാര്യമായ ജോലിയോ വരുമാനമോ രാഖിലിന് ഉണ്ടായിരുന്നില്ലെന്നും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിൽ കാണുന്നതുപോലെയല്ല കാര്യങ്ങളെന്നും മാനസ തിരിച്ചറിഞ്ഞതോടെ പ്രശ്നം തുടങ്ങി.
സ്നേഹബന്ധത്തിന് ഉലച്ചിൽ തട്ടിയതോടെ പിരിയാമെന്ന് മാനസ പറഞ്ഞു. എന്നാൽ രാഖിൽ അതിനു തയാറായില്ല. ഫോണിൽ വിളിക്കരുതെന്നും തമ്മിൽ കാണരുതെന്നും മാനസ പറഞ്ഞെങ്കിലും രാഖിൽ കേട്ടില്ല. കോളജിലെ മറ്റു വിദ്യാർത്ഥികളുമായും രാഖിൽ അടുപ്പം സൂക്ഷിച്ചിരുന്നു. മാനസ വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുമ്പോഴും മറ്റും കൂട്ടുകാരികളെയാണ് രാഖിൽ വിളിച്ചിരുന്നത്.
ഇനി വിളിക്കരുതെന്ന് മാപറയുമ്പോൾ ആദ്യം രാഖിൽ പിരിയാനാവില്ലെന്നു പറയുമായിരുന്നു. പിന്നീട് എപ്പോഴും ഫോണിൽ വിളിക്കാൻ തുടങ്ങി. പിന്നീട് കാര്യങ്ങൾ ഭീഷണിസ്വരത്തിലേക്കു മാറി. ജീവിക്കുകയാണെങ്കിൽ ഒരുമിച്ചു മാത്രം എന്ന രീതിയിലേക്കായി. മാനസയെ മറ്റൊരാളുടെ കൂടെ ജീവിക്കാൻ അനുവദിക്കില്ലെന്നും രാഖിൽ തുറന്നു പറഞ്ഞു. ഇതോടെയാണ് വീട്ടിൽ മാനസ കാര്യം പറഞ്ഞത്.
എല്ലാം അറിഞ്ഞതോടെ വീട്ടിലേക്ക് വരാൻ അച്ഛൻ മാധവൻ മാനസയോടു പറഞ്ഞു. കഴിഞ്ഞ ജൂൺ 25 ന് മാനസ കണ്ണൂരിലെ വീട്ടിലെത്തി. പൊലീസിന് മുമ്പിൽ പരാതിയുമായി. എല്ലാം പറഞ്ഞു തീർത്തെന്ന് വീട്ടുകാർ കരുതി. എന്നാൽ പകയുടെ കനലുമായി തോക്ക് തേടി രാഖിൽ ഇറങ്ങി. പിന്നെ കേട്ടത് മൂന്ന് വെടിയൊച്ചകൾ. മാനസയെ തീർത്ത് രാഖിലും മടങ്ങി. സൈക്കോ കാമുകനായി മാറുകയായിരുന്നു രാഖിൽ.
മൂന്നാഴ്ചയ്ക്കു മുൻപ് അവധിക്കു വീട്ടിലെത്തിയപ്പോൾ കണ്ട മാനസ മരിച്ചെന്നു വിശ്വസിക്കാൻ നാട്ടുകാർക്കുപോലും കഴിയുന്നില്ല. മാനസയും രാഖിലുമായുള്ള ബന്ധം അടുത്ത ബന്ധുക്കൾക്കു പോലും അറിയില്ലായിരുന്നു. മാനസയുടെ വീടിനോട് മതിൽ അകലം പോലുമില്ലാതെ ചേർന്നിരിക്കുന്ന വല്യച്ഛന്റെ വീട്ടിലെ അംഗങ്ങൾപ്പോലും മരണവിവരം കേൾക്കുമ്പോഴാണ് ഇത്രയും വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് അറിയുന്നത്.
മറുനാടന് മലയാളി ബ്യൂറോ